

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എട്ട് വയസുകാരൻ ശ്രീതേജിനെ സന്ദർശിച്ച് അല്ലു അർജുൻ. ചൊവ്വാഴ്ചയാണ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ അല്ലു അർജുനെത്തിയത്. തെലങ്കാന സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (എഫ്ഡിസി) ചെയർമാനും നിർമാതാവുമായ ദിൽ രാജുവും അല്ലു അർജുനൊപ്പം ആശുപത്രിയിലെത്തിയിരുന്നു.
അല്ലു അർജുന്റെ സന്ദർശനത്തോടനുബന്ധിച്ച് ആശുപത്രിയിൽ വൻ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. ശ്രീതേജിന്റെ അമ്മ രേവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. സംഭവത്തിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അല്ലു അർജുൻ ആശുപത്രിയിലെത്തിയത്. നേരത്തെ ജനുവരി 5 ന് നടൻ ആശുപത്രിയിലെത്തുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു.
ആശുപത്രിയിലെത്തുന്നതിന് മുമ്പ് തങ്ങളെ വിവരം അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി രാംഗോപാൽപേട്ട് പൊലീസ് അല്ലു അർജുന് നോട്ടീസ് അയച്ചിരുന്നു. ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. സന്ധ്യ തിയറ്ററിൽ സംഘടിപ്പിച്ച പ്രീമിയർ ഷോയ്ക്കിടെ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീതേജിന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചു.
യുവതിയുടെ മരണത്തിന് പിന്നാലെയാണ് അല്ലു അർജുൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തത്. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് നരഹത്യാ കേസിൽ അല്ലു അർജുന് ജാമ്യം അനുവദിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യവും നൽകിയിരുന്നു. ചിക്കട്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 11-ാം പ്രതിയാണ് അല്ലു അർജുൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates