സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രമായിരുന്നു കങ്കുവ. രണ്ട് വർഷത്തിന് ശേഷമുള്ള സൂര്യയുടെ സോളോ ചിത്രം കൂടിയായിരുന്നു ഇത്. വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ബോക്സോഫീസിൽ ചിത്രം തകർന്ന് തരിപ്പണമായി. സോഷ്യൽ മീഡിയയിൽ സിനിമയ്ക്ക് നേരെ ട്രോൾ പൂരങ്ങളും പരിഹാസങ്ങളും ഉയർന്നുവന്നു. താരങ്ങളുടെ അഭിനയത്തിനും സൗണ്ട് ട്രാക്കിനുമെല്ലാം ഒട്ടേറെ പഴിയും ചിത്രം കേൾക്കേണ്ടി വന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും 97-ാമത് ഓസ്കർ അവാർഡിനായുള്ള മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്ക് കയറിപ്പറ്റിയിരിക്കുകയാണിപ്പോൾ കങ്കുവയിപ്പോൾ. എന്നാലും ഇതെങ്ങനെ സംഭവിച്ചു എന്നാണിപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഓസ്കർ കമ്മിറ്റി പുറത്തുവിട്ടിരിക്കുന്ന നോമിനേഷൻ ലിസ്റ്റ് ഉൾപ്പെടെയിപ്പോൾ ട്രോളൻമാർ ഏറ്റെടുത്തിരിക്കുകയാണ്.
നിരവധി പേരാണിപ്പോൾ വിമർശനവും പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. '2025 ലെ ഏറ്റവും വലിയ തമാശ', 'കങ്കുവ ഒക്കെ പരിഗണിക്കണമെങ്കിൽ ആ പരിഗണനാ ലിസ്റ്റ് വേറെ ലെവലാണ്', 'ഓസ്കറിൻ്റെ നിലവാരമൊക്കെ പോയോ', 'ഓസ്കർ കമ്മിറ്റിയൊക്കെ വന്നു വന്ന് വൻ കോമഡി ആയല്ലോ', 'ഇത് ഇപ്പോൾ സിനിമയേക്കാൾ ദുരന്തമായല്ലോ ഓസ്കർ ജൂറി','ഗോട്ടിന് കൂടി കൊടുക്കാമായിരുന്നു'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമൻ്റുകൾ.
എന്നാൽ ചിത്രത്തെ അനുകൂലിക്കുന്നവരും കുറവല്ല. ചിത്രത്തിന്റെ ഛായാഗ്രഹണം വളരെ മികച്ചതാണെന്നും അതായിരിക്കാം ചിത്രം തെരഞ്ഞെടുക്കപ്പെടാൻ കാരണമെന്നുമാണ് ചിലരുടെ അഭിപ്രായം. ആടുജീവിതം, സന്തോഷ്, സ്വാതന്ത്ര്യ വീർ സവർക്കർ, ഓൾ വി ഇമാജിൻ അസ് ലൈറ്റ്, ഗേൾസ് വിൽ ബി ഗേൾസ് എന്നിവയാണ് ഓസ്കർ നോമിനേഷനിൽ ഇടം നേടിയ മറ്റു ഇന്ത്യൻ ചിത്രങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക