
ഉണ്ണി മുകുന്ദനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി നടനും മാമൂക്കോയയുടെ മകനുമായ നിസാർ മാമൂക്കോയ. നിസാറിന്റെ പുതിയ സിനിമയുടെ പ്രമോഷനിടെ ഉണ്ണി മുകുന്ദനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വിവാദമായത്. ഒരു കലാകാരന് രാഷ്ട്രീയം പാടില്ലെന്നും ഉണ്ണി മുകുന്ദൻ കടുത്ത രാഷ്ട്രീയക്കാരനാണെന്നുമായിരുന്നു താരം പറഞ്ഞത്. പിന്നാലെ നിസാർ ഉണ്ണി മുകുന്ദനും മാർക്കോ സിനിമയ്ക്കും എതിരെയാണ് എന്ന തരത്തിൽ പ്രചാരണമുണ്ടായി. ഇതോടെയാണ് വിശദീകരണവുമായി എത്തിയത്.
‘മാന്യ സുഹൃത്തുക്കളെ. ഞാൻ നിസാർ മാമുക്കോയ. എന്താണ് അഭിനയം എന്നറിയാത്ത, സിനിമയിൽ അഭിനയിച്ചെങ്കിലും എല്ലാ പ്രയാസങ്ങളെയും മാറ്റാമെന്ന് കരുതി ഇവിടേയ്ക്ക് വന്ന എന്നെ കുറിച്ച് പലയിടത്തും ഞാൻ ഉണ്ണി മുകുന്ദന് എതിരാണെന്നും ഞാൻ മാർക്കോ സിനിമക്കെതിരെ പറഞ്ഞുവെന്നും പറയുന്നു. ഒരു പ്രമോഷൻ നടക്കുമ്പോൾ മുമ്പിൽ നിന്നും ചോദിച്ചതിന് മറുപടി പറഞ്ഞ എന്നെ ദോഷം പറയരുത്. ഉണ്ണി മുകുന്ദനോടൊപ്പം ചേർത്തു വച്ച് എന്നെ വലുതാക്കരുത്. ഞാൻ പതുക്കെ വളർന്നോളാം. (പതുക്കെ മതിയെന്ന) ആരും എന്നെ ഉദ്ദേശ ശുദ്ധിയോടെ അല്ലാതെ വാർത്ത ഉണ്ടാക്കി വലുതാക്കരുത്. ഒരു വമ്പൻ സിനിമയെ ഞാൻ മോശമാക്കുന്നുവെന്ന് പറഞ്ഞ് എനിക്ക് പ്രശസ്തി തരരുത്. ഒരു പാൻ ഇന്ത്യൻ ലെവൽ ആക്ടറിനെ എന്നോട് കൂട്ടി കെട്ടി മോശമാക്കരുത്. ഇതൊരു അപേക്ഷയാണ് അഭ്യർത്ഥനയാണ്. എന്നെ കേൾക്കണം പ്ലീസ്. (പിന്നെ എന്നെ അറിയുന്നവർക്ക് എന്നെ നല്ലോണം അറിയാം കേട്ടോ).–’ നിസാര്‍ മാമൂക്കോയ കുറിച്ചു.
മലയാളികളുടെ ഹാസ്യസാമ്രാട്ടായ മാമൂക്കോയയുടെ മകനും പിതാവിന്റെ വഴി പിന്തുടർന്ന് സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ‘ഒരുമ്പെട്ടവൻ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഈ സിനിമയുടെ പ്രമോഷനിടെയാണ് വിവാദപരാമർശമുണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക