
വെട്രിമാരൻ - സൂര്യ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് വാടിവാസൽ. പ്രഖ്യാപനം മുതൽ തന്നെ സിനിമയ്ക്ക് മേൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളതും. ചിത്രത്തിന്റെ ഒരു മേക്കിങ് വിഡിയോയും പുറത്തുവന്നിരുന്നു. എന്നാൽ നാളുകളായി സിനിമയെക്കുറിച്ച് യാതൊരു അപ്ഡേറ്റും അണിയറപ്രവർത്തകരിൽ നിന്നുണ്ടായില്ല. ഇതിന് പിന്നാലെ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലും അഭ്യൂഹങ്ങൾ പരുന്നു.
ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിർമാതാവ് കലൈപുലി എസ് താനു. സംവിധായകൻ വെട്രിമാരനും നടൻ സൂര്യക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിർമാതാവ്. വാടിവാസൽ തുറക്കുന്നു എന്ന ക്യാപ്ഷനോടെയാണ് കലൈപുലി എസ് താനു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നത്.
വി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക ആർ വേൽരാജ് ആണ്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അച്ഛന്റെ മരണത്തിന് കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന പിച്ചിയുടെ കഥയാണ് നോവൽ പറയുന്നത്.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ ആണ് ഇനി പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. കങ്കുവ ആയിരുന്നു താരത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വിടുതലൈ പാർട്ട് 2 ആണ് വെട്രിമാരന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക