ത്രില്ലും കൗതുകവും നിറഞ്ഞ 'പ്രാവിൻകൂട് ഷാപ്പ്'; റിവ്യൂ
ഷാപ്പിനുള്ളിലെ പൊലീസ് - മജീഷ്യൻ കളി (3 / 5)
ത്രില്ലർ വിട്ട് ഒരു കളിയുമില്ല ഇപ്പോൾ മലയാള സിനിമയ്ക്ക്. ഈ വർഷം തുടങ്ങിയത് തന്നെ ത്രില്ലർ ചിത്രങ്ങളിലൂടെയായിരുന്നു. അക്കൂട്ടത്തിലേക്ക് എത്തിയ പുതിയ ചിത്രമാണ് ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷത്തിലെത്തിയ പ്രാവിൻകൂട് ഷാപ്പും. ഒരു കള്ള് ഷാപ്പും അതിനുള്ളിൽ നടക്കുന്ന ഒരു കൊലപാതകവും അതിനെ ചുറ്റിപറ്റി നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ഡാർക്ക് ഹ്യൂമറും ത്രില്ലറും കൂട്ടിയോജിപ്പിച്ചാണ് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ചിത്രമൊരുക്കിയിരിക്കുന്നത്.
പ്രാവിൻകൂട് എന്നൊരു ഷാപ്പിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ സഞ്ചാരം. ആദ്യപകുതിയിൽ തന്നെ ചിത്രം പൂർണമായും ത്രില്ലർ ട്രാക്കിലേക്ക് പ്രേക്ഷകനെ കൊണ്ടുചെന്ന് എത്തിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ ഡീറ്റെയിലിങ് കൊണ്ടുവരുന്നതിലും സംവിധായകൻ അതീവശ്രദ്ധ പുലർത്തിയിട്ടുണ്ട്. ഓരോ ചെറിയ കാര്യങ്ങളിൽ പോലും പ്രേക്ഷകന് അത് കാണാനും കഴിയും.
ഏറെക്കുറെ കഥയും സംഭവങ്ങളുമൊക്കെ പ്രേക്ഷകന് ഊഹിച്ചെടുക്കാമെങ്കിലും ആദ്യാവസാനം വരെ ആകാംക്ഷ നിലനിർത്തി കൊണ്ട് പോകാൻ സംവിധായകനായി. ആദ്യ പകുതിയേക്കാൾ രണ്ടാം പകുതിയിലാണ് കഥ ഉദ്വേഗജനകമാകുന്നത്. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്താനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ശ്രീരാജ് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും. തിരക്കഥയിലുള്ള ചില പോരായ്മകൾ സിനിമയെയും ചെറിയ തോതിൽ ബാധിച്ചിട്ടുണ്ട്. ചിലയിടങ്ങളിലൊക്കെ ഒരു തുടർച്ചയില്ലായ്മയും കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന പോലെയുമൊക്കെ അനുഭവപ്പെടുന്നുണ്ട്.
ചിത്രത്തിൽ പലയിടങ്ങളിലും ഡാർക്ക് ഹ്യൂമറിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ. മുഴുവനായും അത് വിജയിച്ചു എന്ന് പറയാനാകില്ലെങ്കിലും ഒരുപരിധി വരെ പിടിച്ചു നിൽക്കാൻ സംവിധായകന് കഴിഞ്ഞു. അടിച്ചമർത്തപ്പെട്ടവന്റെയും അവഗണിക്കപ്പെട്ടവരുടെയുമൊക്കെ അവസ്ഥ ചെറിയ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമവും ശ്രീരാജ് നടത്തിയിട്ടുണ്ടെങ്കിലും, അതും ഡയലോഗിൽ മാത്രം ഒതുങ്ങിപ്പോയി.
പെർഫോമൻസിലേക്ക് വന്നാൽ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പെയ്സ് നൽകിയിട്ടുണ്ട് സംവിധായകൻ. അതിപ്പോൾ ഷാപ്പിലുള്ള ആളുകൾക്കാണെങ്കിലും പൊലീസ് കഥാപാത്രങ്ങൾക്കായാലുമെല്ലാം അങ്ങനെ തന്നെ. സ്ഥിരം നമ്മൾ കണ്ടിട്ടുള്ള ഒരു പൊലീസ് കഥാപാത്രമായല്ല ബേസിൽ ചിത്രത്തിലെത്തുന്നത്. എസ്ഐ സന്തോഷ് സിജെ എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിച്ചിരിക്കുന്നത്.
തുടക്കത്തിൽ തന്നെ എസ്ഐ സന്തോഷ് എങ്ങനെയാണെന്നൊരു ധാരണ പ്രേക്ഷകന് മുന്നിൽ വയ്ക്കുന്നുണ്ട് സംവിധായകൻ. 10 മണിക്കൂറു കൊണ്ടും 10 മിനിറ്റ് കൊണ്ടുമൊക്കെ ശാസ്ത്രീയമായി കേസുകൾ തെളിയിക്കുന്ന ഒരു പൊലീസുകാരനാണ് സന്തോഷ്. ആദ്യാവസാനം വരെ ബേസിലിന്റെ കൈയിൽ സന്തോഷ് എന്ന കഥാപാത്രം വളരെ ഭദ്രമായിരുന്നു. ചില മാനറിസങ്ങളുമെല്ലാം വളരെ ഭംഗിയായി തന്നെ ബേസിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
ഭിന്നശേഷിക്കാരനായ കണ്ണൻ എന്ന കഥാപാത്രത്തെ സൗബിനും മികച്ചതാക്കി. നാട്ടിൻപുറത്തെ ഷാപ്പിലെ ഒരു തൊഴിലാളിയായും മജീഷ്യനായും സൗബിൻ പലയിടങ്ങളിലും വിസ്മയിപ്പിച്ചിട്ടുണ്ട്. ബോഡിലാഗ്വേജിലുമെല്ലാം സൗബിൻ അതീവശ്രദ്ധ പുലർത്തിയിട്ടുണ്ട്. സുനിൽ എന്ന കഥാപാത്രമായെത്തി ചെമ്പൻ വിനോദും ഗംഭീരമാക്കി. മെറിൻഡയായി വന്ന ചാന്ദ്‌നി ശ്രീധരനും കൈയടി നേടി. ശിവജിത് പത്മനാഭൻ, ശബരീഷ് വർമ, നിയാസ് ബക്കർ എന്നിവരുൾപ്പെടെ ചിത്രത്തിലെ ഓരോ കഥാപാത്രവും അവരവരുടെ ഭാഗം മികച്ചതാക്കി.
ചിത്രത്തിന്റെ ഏറ്റവും കൈയ്യടി അർഹിക്കുന്ന പാർട്ട് ഛായാഗ്രഹണം തന്നെയാണ്. സ്ക്രീനിൽ നിന്ന് ഒരു നിമിഷം പോലും കണ്ണെടുക്കാനാകാത്ത വിധമാണ് ഷൈജുവിന്റെ ഛായാഗ്രഹണം. ഓരോ ഫ്രെയിമും അത്ര ഭംഗിയോടെയാണ് അദ്ദേഹം പകർത്തിയിരിക്കുന്നത്. രാത്രിയായാലും പകലായാലും ക്ലോസ് അപ് ഷോട്ടുകളുമെല്ലാം നൂറ് ശതമാനവും പെർഫെക്ടായി തന്നെ ഷൈജു ഒരുക്കിയിട്ടുണ്ട്.
വിഷ്ണു വിജയ്‌യുടെ സംഗീതമാണ് അഭിനന്ദനമർഹിക്കുന്ന മറ്റൊരു ഘടകം. ബേസിലിന്റെ ചില സീനുകളിൽ ബാക്ക്ഗ്രൗണ്ട് സ്കോർ ഒഴിവാക്കാമായിരുന്നു എന്നതൊഴിച്ചാൽ പശ്ചാത്തല സംഗീതവും സിനിമയ്ക്കൊപ്പം തന്നെ നിന്നു. സംഘട്ടനവും അത്ര മികച്ചതായി തോന്നിയില്ല. ഒരു കഥാപാത്രം ക്രൂരനാണ് അല്ലെങ്കിൽ മോശമാണെന്ന് കാണിക്കാൻ വേണ്ടി അനാവശ്യമായി ചില സംഘട്ടന രംഗങ്ങൾ ചെയ്തതു പോലെയാണ് അനുഭവപ്പെട്ടത്. പ്രത്യേകിച്ച് ഒരാൾ മരിച്ചു കിടക്കുമ്പോൾ ഷാപ്പിൽ നടക്കുന്ന സംഘട്ടനമൊക്കെ തീർത്തും അരോചകമായി തന്നെ തോന്നി.
ശിവജിത് അവതരിപ്പിച്ച ബാബു എന്ന വില്ലൻ കഥാപാത്രത്തിനും തീരെ 'ഗുമ്മി'ല്ലാതെ പോയി. ഒരു കാരണവുമില്ലാതെ കുറേയാളുകളെ ഓടിച്ചിട്ടു തല്ലുന്നതും വെള്ളത്തിൽ മുക്കി ആളുകളെ കൊല്ലുന്നതിലും മാത്രമായി വില്ലൻ കഥാപാത്രം ഒതുങ്ങിപ്പോയി. വേണ്ട രീതിയിൽ ആ കഥാപാത്രത്തിന് ഒരു ബിൽഡ്അപ് കൊടുക്കാനോ ഡെവലപ് ചെയ്യാനോ ഒന്നും സംവിധായകന് ചിത്രത്തിൽ കഴിഞ്ഞിട്ടില്ല.
അതുകൊണ്ട് തന്നെ തുടക്കം മുതൽ അവസാനം വരെ ചിത്രത്തിൽ പറയുന്ന ആ കഥാപാത്രത്തിന് പൂർണമായുമൊരു ഇംപാക്ട് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് വേണം പറയാൻ. ചെറിയൊരു ട്വിസ്റ്റ് ക്ലൈമാക്സിൽ കൊണ്ടുവരുന്നുണ്ട് സംവിധായകൻ. എന്തൊക്കെയോ കുറേ കാര്യങ്ങൾ പറഞ്ഞു വയ്ക്കണമെന്നും പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നുമൊക്കെ സംവിധായകന്റെ മനസിലുണ്ടെങ്കിലും അതൊന്നും പ്രേക്ഷകരിലേക്ക് കറക്ടായി എത്തിക്കാൻ അദ്ദേഹത്തിന് കഴിയാതെ പോയി. അതൊക്കെ അദ്ദേഹത്തിന്റെ മനസിൽ മാത്രം ഒതുങ്ങിയെന്ന് പറഞ്ഞാലും തെറ്റില്ല. ഒരു ശരാശരി കാഴ്ചാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. എന്തായാലും ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ചിത്രത്തിന് ടിക്കറ്റെടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

