
തനിക്കെതിരെയുണ്ടായ വ്യാജപീഡന ആരോപണങ്ങള്‍ക്കെതിരെ ഒപ്പം നിന്നതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ നിവിന്‍ പോളി. നിലമ്പൂരിലെ പാട്ടുത്സവത്തിന്റെ ഭാഗമായി നടന്ന ഗോകുലം നൈറ്റില്‍ സംസാരിക്കുകയായിരുന്നു നടന്‍. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന ജനങ്ങളോട് നന്ദി പറയാന്‍ ഒരു വേദി കിട്ടിയിരുന്നില്ലെന്നും ഈ വേദി അതിന് ഉപയോഗിക്കുന്നുവെന്നും നിവിന്‍ പറഞ്ഞു.
'അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാം. ആ പ്രശ്‌നങ്ങള്‍ക്കുശേഷം ഞാനങ്ങനെ പുറത്തെ പരിപാടികള്‍ക്കൊന്നും പോകാറുണ്ടായിരുന്നില്ല. ഗോപാലന്‍ ചേട്ടന്‍ എനിക്കൊരു മെന്ററിനെപ്പോലെയും ജ്യേഷ്ഠനെപ്പോലെയുമാണ്. അതുകൊണ്ടാണ് വിളിച്ചപ്പോള്‍ ഓടിവന്നതാണ്. എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നിന്നത് ജനങ്ങളാണ്. നിങ്ങള്‍ക്കൊരു നന്ദി പറയാന്‍ എനിക്കു വേദി കിട്ടിയിട്ടില്ല. ഈ വേദി അതിന് ഉപയോഗിക്കുന്നു. ഈ വര്‍ഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നില്‍ വരും. ആ പ്രോത്സാഹനവും സ്‌നേഹവും ഇനിയും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും' നിവിന്‍ പോളി പറഞ്ഞു.
'ഒരുപാട് നാളുകള്‍ക്കുശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നില്‍ നില്‍ക്കുന്നത്. നിലമ്പൂരിലെ പാട്ടുത്സവം കാണുമ്പോള്‍ തന്റെ നാടായ ആലുവയിലെ ശിവരാത്രി ആഘോഷങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. 2018ലെ വെള്ളപ്പൊക്കത്തില്‍ തന്റെ വീട് മുഴുവന്‍ വെള്ളം കയറിയിരുന്നു. അവസാനം വീട് പുതുക്കി പണിയേണ്ടി വന്നു. ആസമയത്ത് തന്റെ ആഗ്രഹം നിലമ്പൂരിലെ തേക്ക് ഉപയോഗിക്കണമെന്നായിരുന്നു. അങ്ങനെ ഇവിടെ വന്ന് ഡിപ്പോയില്‍ നിന്ന് തടിയെടുത്തിരുന്നു. നിലമ്പൂരിലെ മരങ്ങളാണ് ഇപ്പോള്‍ വീട്ടിലുള്ളത്' നിവിന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക