
പുഷ്പ 2 വിന് ശേഷം രശ്മിക മന്ദാനയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഛാവ. വിക്കി കൗശലാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ബുധനാഴ്ച മുംബൈയിൽ വച്ച് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചും നടന്നിരുന്നു. കാലിന് പരിക്കേറ്റതിനാൽ വീൽചെയറിലാണ് രശ്മിക ട്രെയ്‌ലർ ലോഞ്ചിനെത്തിയത്. മറാത്ത രാജ്ഞി യേശുഭായ് ഭോൻസാലെ എന്ന കഥാപാത്രമായാണ് ഛാവയിൽ രശ്മികയെത്തുക.
ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് രശ്മിക. മുംബൈയിൽ പ്ലാസ തിയറ്ററിൽ നടന്ന ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം. "ഇതൊരു ബഹുമതിയാണ്. മഹാറാണി യേശുഭായിയായി അഭിനയിക്കാൻ കഴിഞ്ഞത് ദക്ഷിണേന്ത്യയിൽ നിന്ന് വന്ന ഒരു പെൺകുട്ടിക്ക് ഈ ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ പദവിയും സ്പെഷ്യലുമാണ്.
ഞാൻ ലക്ഷ്മണ്‍ സാറിനോട് പറയുകയായിരുന്നു, ഇതിനുശേഷം, അഭിനയത്തില്‍ നിന്നും വിരമിക്കുന്നത് പോലും സന്തോഷമാണെന്ന്. ഞാൻ കരയുന്ന ആളല്ല, പക്ഷേ ഈ ട്രെയ്‌ലർ എന്നെ കരയിപ്പിച്ചു. വിക്കി ദൈവത്തെപ്പോലെയാണ്, അദ്ദേഹം ഛാവയാണ്." രശ്മിക പറഞ്ഞു. ചിത്രത്തിലേക്ക് ഓഫർ വന്നതിനേക്കുറിച്ചും ഓഡിഷനേക്കുറിച്ചും രശ്മിക ചടങ്ങിൽ സംസാരിച്ചു.
"ഇങ്ങനെയൊരു വേഷത്തിനായി ലക്ഷ്മൺ സാർ എന്നെ പരിഗണിച്ചത് എങ്ങനെയാണെന്നോർത്ത് ആദ്യം ശരിക്കും ഞാൻ ഞെട്ടിപ്പോയി. പിന്നെ ഞാൻ ഓക്കെ പറഞ്ഞു. ഈ കഥാപാത്രത്തിനായി യാതൊരു റഫറൻസുമില്ല. അതൊരു കഥയാണ്. അവരുടെ കഥ നിങ്ങൾക്ക് അറിയാം, അവർ വളരെ ഗാംഭീര്യമുള്ള, മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുന്ന ഒരു കഥാപാത്രമാണ്.
എങ്ങനെയായിരിക്കും അവരെ നിങ്ങൾ അവതരിപ്പിക്കുക.- എന്ന് സാർ എന്നോട് ചോദിച്ചു"- രശ്മിക പറഞ്ഞു. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന ചിത്രം മാഡോക്ക് ഫിലിംസ് ആണ് നിർമിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക