ഒൻപതുകാരിയുടെ അതിജീവനം! അണിയറയിൽ പ്രിയങ്ക ചോപ്രയും ഓസ്കർ ജേതാവ് ഗുനീത് മോംഗയും; 'അനുജ' കാണാം ഒടിടിയിൽ
2025 ലെ ഓസ്കർ നോമിനേഷനിൽ ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഗുനീത് മോംഗ നിർമിച്ച അനുജയും തിരഞ്ഞെടുക്കപ്പെട്ടു. ആദം ജെ ഗ്രേവ്‌സ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. 2023 ൽ ഷോർട്ട് ഫിലിമിനുള്ള ഓസ്കർ നേടിയ എലിഫന്റ് വിസ്പറേഴ്സ് നിർമിച്ചതും ഗുനീത് മോംഗയായിരുന്നു.
അമേരിക്കൻ- ഹിന്ദി ഹ്രസ്വ ചിത്രമാണ് അനുജ. സജ്ദ പത്താൻ, അനന്യ ഷാൻഭാഗ്, നാഗേഷ് ബോൻസ്‌ലെ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. മൂത്ത സഹോദരി പാലക്കിനൊപ്പം ഒരു വസ്ത്ര നിർമാണ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഒമ്പത് വയസുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ പോരാട്ടങ്ങളുടെ പ്രതിഫലനം കൂടിയാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.
ജോലി ചെയ്യുന്ന കുട്ടികളുടെ സഹനശക്തിക്കും അറിയപ്പെടാത്ത കഥകൾക്കുമുള്ള ട്രിബ്യൂട്ടാണ് ഈ ചിത്രമെന്ന് ആദം ഗ്രേവ്‌സ് മുൻപ് പറഞ്ഞിരുന്നു. ഗ്രേവ്സിന്റെ ഭാര്യ സുചിത്ര മത്തായിയും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാണ്. 2024 ലെ ഹോളിഷോർട്ട്സ് ഫിലിം ഫെസ്റ്റിവലിൽ ലൈവ് ആക്ഷൻ ഷോർട്ട് അവാർഡും ചിത്രം നേടിയിരുന്നു.
ഗ്രേവ്സ് ഫിലിംസ്, ഷൈൻ ഗ്ലോബൽ ഇങ്ക്, ക്രുഷൻ നായിക് ഫിലിംസ് എന്നീ ബാനറുകളിൽ ഗുനീത് മോങ്ക, പ്രിയങ്ക ചോപ്ര, മിന്റി കാലിങ്, സുചിത്ര മത്തായി, ക്രുഷൻ നായിക്, മൈക്കൽ ഗ്രേവ്സ്, ആരോൺ കോപ്പ്, ക്ഷീതിജ് സൈനി, അലക്സാണ്ട്ര ബ്ലേനി, ദേവാനന്ദ ഗ്രേവ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആകാശ് രാജെ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ഫാബ്രിസിയോ മാൻസിനെല്ലിയുടെയാണ് സംഗീതം. 22 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ന് ഹോളിഷോർട്ട്സ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. നിലവിൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക