Monali Thakur
മൊണാലി താക്കൂർഇൻസ്റ്റ​ഗ്രാം

'എനിക്കൊരു കുഴപ്പവുമില്ല! ഒരു ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടില്ല'; തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്ന് ​ഗായിക മൊണാലി താക്കൂർ

ഞാൻ ഇപ്പോൾ മുംബൈയിൽ തിരിച്ചെത്തി. ചികിത്സയിലും വിശ്രമത്തിലുമാണ്.
Published on

ബോളിവുഡിലെ മുൻനിര ഗായകരിൽ ഒരാളാണ് മൊണാലി താക്കൂർ. 2015 ൽ പുറത്തിറങ്ങിയ ‘ധം ലഗാ കേ ഹൈഷാ’ എന്ന ചിത്രത്തിലെ ‘മോഹ് മോഹ് കേ ധാഗേ’ എന്ന ഗാനത്തിലൂടെയാണ് ഗായിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ശ്വസന സംബന്ധമായ അസുഖങ്ങളെത്തുടർന്ന് മൊണാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം തെറ്റായ വാർത്തകളെ തള്ളിക്കളഞ്ഞിരിക്കുകയാണിപ്പോൾ മൊണാലി.

ബീ​ഹാറിൽ വച്ച് ഒരു സം​ഗീത പരിപാടിയ്ക്കിടെ ശ്വാസ തടസം അനുഭവപ്പെട്ടതിനേത്തുടർന്ന് മൊണാലി പരിപാടി നിർത്തിവച്ചുവെന്നും ​ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുമാണ് വാർത്തകൾ പരന്നത്. തനിക്ക് പനിയെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകളാണ് ഉള്ളതെന്നും സുഖം പ്രാപിച്ചു വരികയാണെന്നും മൊണാലി ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചു.

"പ്രിയപ്പെട്ട മാധ്യമങ്ങളോടും എന്റെ ആരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠയുള്ള എല്ലാവരോടുമായി, നിങ്ങൾ സുഖമായിരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കുവയ്ക്കരുതെന്ന് അഭ്യർഥിക്കുന്നതിനാണ് ഞാനിതെഴുതുന്നത്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും ആശങ്കയ്ക്കും ഞാൻ നന്ദിയുള്ളവളാണ്.

മൊണാലിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി
മൊണാലിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

പക്ഷേ എനിക്ക് ശ്വസന സംബന്ധമായ യാതൊരു പ്രശ്നങ്ങളുമില്ലെന്നും എന്നെ ഒരു ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കട്ടെ. അത് തെറ്റായ വിവരമാണ്. ഒരു വൈറൽ അണുബാധ/പനി ബാധിച്ചതിനാൽ‌ അത് മാറാൻ കുറച്ചു സമയമെടുത്തിരുന്നു. അത് വീണ്ടും വന്നതു കൊണ്ട് വിമാന യാത്ര ചെയ്തപ്പോൾ എനിക്ക് കഠിനമായ സൈനസും മൈഗ്രെയ്നും അസ്വസ്ഥതയും വേദനയുമൊക്കെ ഉണ്ടായി. അത്രയേ ഉള്ളൂ.

ഞാൻ ഇപ്പോൾ മുംബൈയിൽ തിരിച്ചെത്തി. ചികിത്സയിലും വിശ്രമത്തിലുമാണ്. സുഖം പ്രാപിച്ചു വരുന്നു. വളരെ പെട്ടെന്ന് തന്നെ ഞാൻ പൂർണമായും സുഖം പ്രാപിക്കും. പ്രത്യേകിച്ച് കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടപ്പോൾ. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി. സുരക്ഷിതരായി ഇരിക്കൂ, ഒരുപാട് സ്നേഹം". - മൊണാലി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com