മലയാളിയെ കുടുകുടെ ചിരിപ്പിച്ച ചിത്രങ്ങള്‍; ഷാഫി സിനിമകളുടെ നട്ടെല്ല് 'രസക്കൂട്ട്'

സഹോദരന്‍ റാഫിയുടെയും അമ്മാവന്‍ സിദ്ദിഖിന്റെയും പാത പിന്തുടര്‍ന്നായിരുന്നു ഷാഫിയുടെ സിനിമാ പ്രവേശം.
DIRECTOR SHAFI
ഷാഫി ഫെയ്സ്ബുക്ക്
Updated on

കൊച്ചി: മലയാളിയെ കുടുകുടെ ചിരിപ്പിച്ച ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനായിരുന്നു ഷാഫി. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ച ഷാഫിയുടെ അന്ത്യം ഇന്നലെ രാത്രി 12.25നായിരുന്നു. മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും തുടര്‍ന്ന് 9 മുതല്‍ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിന്‍ സഹകരണ ബാങ്ക് ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം ഇന്ന് നാലിന് കലൂര്‍ മുസ്ലിം ജമാഅത്ത് പള്ളിയില്‍.

സഹോദരന്‍ റാഫിയുടെയും അമ്മാവന്‍ സിദ്ദിഖിന്റെയും പാത പിന്തുടര്‍ന്നായിരുന്നു ഷാഫിയുടെ സിനിമാ പ്രവേശം. 2001 ല്‍ ജയറാം നായകനായ വണ്‍മാന്‍ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നാലെ ബോക്‌സ് ഓഫീസില്‍ പണക്കിലുക്കവും പ്രേക്ഷകരില്‍ ചിരിക്കിലുക്കവും സൃഷ്ടിച്ച നിരവധി ചിത്രങ്ങളാണ് ഷാഫി സമ്മാനിച്ചത്. വിക്രം നായകനായ തമിഴ് ചിത്രം മജാ ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തു. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.

ചിരിയിളക്കങ്ങളിലൂടെ വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന സിനിമകളായിരുന്നു ഷാഫി സംവിധാനം ചെയ്ത ചിത്രങ്ങളേറെയും. കഠിനാധ്വാനവും പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ കഥകളും നര്‍മത്തിന്റെ മര്‍മവും ചേര്‍ത്തുണ്ടാക്കിയ രസക്കൂട്ടായിരുന്നു ഷാഫി സിനിമകളുടെ നട്ടെല്ല്. 'എന്താണ് സിനിമയിലെ വിജയരഹസ്യം എന്നു ചോദിച്ചപ്പോള്‍' ഷാഫിയുടെ മറുപടി ഇങ്ങനെയായിരുന്നു. ' രഹസ്യമൊന്നുമില്ല ഒരു സിനിമയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ റേഷന്‍ അരിയുടെ കാര്യം ഒര്‍മവരും. പത്തുകൊല്ലം ദാരിദ്ര്യം കൊമ്ട് തുടര്‍ച്ചയായി റേഷനരി കഴിച്ചാണ് ജീവിച്ചത്. ഒരു കഥ ആലോചിക്കുമ്പോള്‍ റേഷനരിയിലെ കല്ല് മനസ്സില്‍ കിടന്ന് കടിക്കും. വീണ്ടും ആ ദാരിദ്ര്യത്തിലേക്ക് പോകാതിരിക്കാന്‍ ആദ്യന്തം കഠിനാധ്വാനം ചെയ്യും. അതുതന്നെയാണ് വിജയം'

സംവിധാനം ചെയ്ത ആദ്യ ചിത്രം വണ്‍മാന്‍ഷോ മുതല്‍ പ്രേക്ഷകര്‍ ഷാഫിക്കൊപ്പം നിന്നു. മലയാള സിനിമയില്‍ തനിക്കുള്ള ഇരിപ്പിടം ഉറപ്പിക്കാനും ഷാഫിക്ക് കഴിഞ്ഞു. റാഫി - മെക്കാര്‍ട്ടിന്‍, ബെന്നി പി നായരമ്പലം, സച്ചി - സേതു, ഉദയ് കൃഷ്ണ - സിബി കെ തോമസ് എന്നിവര്‍ ഒരുക്കിയ തിരക്കഥകളില്‍ ഷാഫിയുടെ കയ്യൊപ്പ് പതിഞ്ഞ് സൂപ്പര്‍ ഹിറ്റുകളും ഹിറ്റുകളും പിറന്നു.

തിരക്കഥകൾ അതിലും ഗംഭീരമായി സ്‌ക്രീനിൽ കാണുമെന്ന്‌ അവർക്ക്‌ ഉറപ്പായിരുന്നു. മമ്മൂട്ടിയും ജയറാമും ദിലീപും പൃഥ്വിരാജും അടക്കമുള്ള മുൻനിര താരങ്ങൾക്കും വിശ്വാസമുണ്ടായിരുന്നു. അപ്പോഴും നർമത്തിന്റെ സൂത്രവാക്യംവിട്ട്‌ ഒരു സിനിമപോലും പരീക്ഷിക്കാൻ മുതിർന്നില്ല. മലയാളസിനിമ തമാശപ്പടങ്ങളുടെ ക്ഷാമത്തെക്കുറിച്ച്‌ ചർച്ച ചെയ്യുന്ന സന്ദർഭത്തിലാണ്‌ ഷാഫിയുടെ വേർപാട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com