
കഴിഞ്ഞ ദിവസമാണ് വിജയ് ചിത്രം ദളപതി 69 ന്റെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജന നായകൻ എന്നാണ് എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ടൈറ്റിൽ പുറത്തുവന്നതിന് മണിക്കൂറുകൾക്ക് ശേഷം നിർമാതാക്കൾ ചിത്രത്തിന്‍റെ മറ്റൊരു പോസ്റ്റർ കൂടി പുറത്തുവിട്ടു. ഇതോടെ ചിത്രം ഒരു രാഷ്ട്രീയ ചിത്രമാണോ എന്ന ചോദ്യം വീണ്ടും ചർച്ചയാവുകയാണ്.
ജനാധിപത്യത്തിന്റെ ദീപശിഖയേന്തുന്നയാൾ എന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററും റിലീസ് ചെയ്തത്. ഇപ്പോഴിതാ പുറത്തുവന്നിരിക്കുന്ന രണ്ട് പോസ്റ്ററുകളും ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും തമിഴ് സിനിമയുടെ നെടുംതൂണുമായിരുന്ന എംജിആറിനോടുള്ള ആദരസൂചകമായാണോ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന സംസാരം.
ചുവന്ന പശ്ചാത്തലത്തിൽ ഒരു വലിയ ഫോട്ടോ ഫ്രെയിമിൻ്റെ മധ്യത്തിൽ വിജയ് നിൽക്കുന്നതാണ് പുതിയ പോസ്റ്റർ. നീണ്ട ചാട്ടവാര്‍ ചുഴറ്റി ചിരിച്ചു കൊണ്ടാണ് പോസ്റ്ററിൽ വിജയ്‌യെ കാണാനാവുക. 'നാൻ ആണൈ ഇട്ടാൽ…' എന്ന ടാഗ് ലൈനും പോസ്റ്ററിൽ നൽകിയിട്ടുണ്ട്.
എംജിആറിൻ്റെ 1965 ലെ തമിഴ് ക്ലാസിക് ചിത്രം എങ്ക വീട്ടു പിള്ളയിലെ ഐക്കോണിക് രംഗമാണ് ഇത്. 1964 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ രാമുഡു ഭീമുഡുവിന്റെ റീമേക്കായിരുന്നു ഈ ചിത്രം. 1966 ൽ നാൻ ആണൈ ഇട്ടാൽ എന്ന പേരിലുള്ള ഒരു സിനിമയിലും അദ്ദേഹം അഭിനയിച്ചു.
അതേസമയം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമാണ് ജന നായകൻ. അതിനാല്‍ തന്നെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സിനിമ എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റര്‍ എന്നാണ് വിവരം. 2026 തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിജയ്‍യുടെ ജന നായകന്‍ അടുത്ത ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.
ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജന നായകനിൽ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക