
സ്കൈ ഫോഴ്സ് എന്ന ചിത്രത്തിലൂടെ ബോക്സോഫീസിലേക്ക് വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ അക്ഷയ് കുമാർ. ജനുവരി 24 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും രണ്ടാം ദിനത്തിൽ ചിത്രം തിയറ്ററുകൾ കീഴടക്കി. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ഗുണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മൂന്ന് ദിവസത്തിനുള്ളിൽ 60 കോടി കടന്നിരിക്കുകയാണ് സ്കൈ ഫോഴ്സ്. ആഗോളതലത്തിൽ 61.75 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയ കളക്ഷൻ. ഓപ്പണിങ് ദിവസം 12.25 കോടി രൂപയാണ് ചിത്രം നേടിയത്. ശനിയാഴ്ച 22 കോടി രൂപയും ഞായറാഴ്ച 27.50 കോടി രൂപയും കളക്റ്റ് ചെയ്തു. 1965-ലെ ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ആദ്യത്തെ എയര്‍ സ്ട്രൈക്കിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
അക്ഷയ് കുമാർ ഫൈറ്റര്‍ പൈലറ്റായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ബോളിവുഡില്‍ വന്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന അക്ഷയ് കുമാറിന് വന്‍ ആശ്വാസമാണ് സ്കൈ ഫോഴ്സിന്റെ വിജയം സമ്മാനിക്കുന്നത്. അഭിഷേക് അനിൽ കപൂറും സന്ദീപ് കെവ്‌ലാനിയും ചേർന്ന് സംവിധാനം ചെയ്‌ത ചിത്രത്തില്‍ പുതുമുഖം വീർ പഹാരിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സാറ അലി ഖാനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്‍പാണ്ഡെ എന്നിവർ ചേർന്നാണ് സ്‍കൈ ഫോഴ്‍സ് നിര്‍മിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക