ആ വ്യക്തി വിജയ് ദേവരകൊണ്ട തന്നെയോ?; പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് രശ്മിക മന്ദാന
ബോളിവുഡിലും തന്റേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു നടി രശ്മിക മന്ദാന. വിക്കി കൗശൽ നായകനായെത്തുന്ന ഛാവയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് രശ്മിക. എന്നാൽ ആരാണ് ആ വ്യക്തിയെന്ന കാര്യം രശ്മിക മറച്ചു വയ്ക്കുകയും ചെയ്തു. ദ് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു രശ്മിക ഇക്കാര്യം പറഞ്ഞത്.
ഏറ്റവും സന്തോഷമുള്ള സ്ഥലം ഏതാണെന്നായിരുന്നു രശ്മികയോടുള്ള ചോദ്യം. വീടാണ് തനിക്ക് ഏറ്റവും സന്തോഷം തരുന്ന സ്ഥലമെന്നായിരുന്നു രശ്മിക പറഞ്ഞത്. "ജീവിതത്തിൽ വിജയം ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം വന്നും പോയുമിരിക്കും. അതൊന്നും നിലനിൽക്കുന്ന ഒന്നല്ല. പക്ഷേ വീട് എന്നെന്നേക്കുമായി അവിടെ തന്നെയുണ്ടാകും. അതുകൊണ്ട് തന്നെ ഞാൻ അവിടെ നിൽക്കാനാണ് ഇഷ്ടപ്പെടുന്നത്.
എനിക്ക് ലഭിക്കുന്ന സ്നേഹവും പ്രശസ്തിയുമൊക്കെ എത്രയാണെങ്കിലും, ഞാൻ ഇപ്പോഴും വെറുമൊരു മകളാണ്, ഒരു സഹോദരിയാണ്, ഒരു പാട്ണർ ആണ്. ആ ജീവിതത്തെയും, എന്റെ വ്യക്തിജീവിതത്തെയും ഞാൻ ബഹുമാനിക്കുന്നു".- രശ്മിക പറഞ്ഞു. മാത്രമല്ല തന്റെ സങ്കല്പത്തിലുള്ള പാട്ണർ എങ്ങനെയായിരിക്കണം എന്നതിനേക്കുറിച്ചും രശ്മിക സംസാരിച്ചു.
"കണ്ണുകൾ ഒരാളുടെ ആത്മാവിലേക്കുള്ള ജാലകമാണെന്ന് പറയാറുണ്ട്. ഞാൻ അതിൽ വിശ്വസിക്കുന്ന ഒരാളാണ്. ഞാൻ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നയാളാണ്. അതുകൊണ്ട് തന്നെ ചിരിക്കുന്ന ആളുകളെ എനിക്ക് വളരെയിഷ്ടമാണ്. തീർച്ചയായും, ചുറ്റുമുള്ള ആളുകളെ അവർ ആരായാലും, എവിടെ നിന്ന് വരുന്നവരാണെങ്കിലും അവരെ ബഹുമാനിക്കുന്ന ഒരാൾ ആയിരിക്കണം".- രശ്മിക കൂട്ടിച്ചേർത്തു.
അതേസമയം നടൻ വിജയ് ദേവരകൊണ്ടയും രശ്മികയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരുവരും ഇതുവരെ തങ്ങൾ പ്രണയത്തിലാണെന്ന വിവരം പരസ്യമാക്കിയിട്ടില്ല. ശരിയായ സമയം വരുമ്പോൾ മാത്രമേ തന്റെ പ്രണയത്തേക്കുറിച്ച് പങ്കുവെക്കുകയുള്ളൂവെന്ന് വിജയ് ദേവരകൊണ്ട മുൻപ് പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക