
നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിലാണ് ഇബ്രാഹിം നായകനായി അരങ്ങേറുക. ഇൻസ്റ്റഗ്രാമിലൂടെ കരൺ ജോഹർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇബ്രാഹിമിന്റെ മനോഹരമായ ചിത്രങ്ങൾക്കൊപ്പം കുറിപ്പും കരൺ ജോഹർ പങ്കുവച്ചിട്ടുണ്ട്.
"എനിക്ക് 12 വയസുള്ളപ്പോഴാണ് ഞാൻ അമൃതയെ അല്ലെങ്കിൽ ഡിംഗിയെ കാണുന്നത്, പ്രിയപ്പെട്ടവരെല്ലാം അവരെ അങ്ങനെയാണ് വിളിക്കുന്നത്... എന്റെ അച്ഛനോടൊപ്പം ധർമ മൂവിസിനു വേണ്ടി ദുനിയ എന്നൊരു സിനിമ അവർ ചെയ്തു. അവരുടെ ഊർജവും കാമറയ്ക്ക് മുൻപിലുള്ള പ്രകടനവുമൊക്കെ എനിക്കിന്നും ഓർമയുണ്ട്. പക്ഷേ, എനിക്ക് ഏറ്റവും ഓർമയുള്ളത് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം അവരും അവരുടെ ഹെയർ സ്റ്റൈലിസ്റ്റുമൊത്ത് കഴിച്ച നല്ല ചൂടുള്ള ചൈനീസ് ഡിന്നറും തുടർന്ന് കണ്ട ജെയിംസ് ബോണ്ട് സിനിമയുമാണ്!.
ഞങ്ങൾ കണ്ടുമുട്ടിയ നിമിഷം മുതൽ അവരെ എന്നെ വളരെ അടുത്ത ഒരാളായാണ് പരിഗണിച്ചത്, അത് തീർച്ചയായും അവരുടെ കൃപയാണ്. അത് അവരുടെ കുട്ടികളിലും തുടരുന്നു. സെയ്ഫിനൊപ്പം, ആനന്ദ് മഹേന്ദ്രുവിന്റെ ഓഫീസിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ചെറുപ്പം, സൗമ്യത, സൗന്ദര്യം.... ഇബ്രാഹിമിനെ ഞാൻ ആദ്യമായി കണ്ടതുപോലെ തന്നെ. ഭാഗ്യം കൊണ്ട് ഞങ്ങളുടെ ആ സൗഹൃദം തലമുറകൾക്കിപ്പുറം ഞങ്ങളുടെ കുട്ടികളും ശക്തമായി തുടരുന്നു. 40 വർഷമായി എനിക്ക് ഈ കുടുംബത്തെ അറിയാം. ഒരുപാട് വ്യത്യസ്ത ചിത്രങ്ങളിൽ അവർക്കൊപ്പം പ്രവർത്തിക്കാനായി.
അമൃതയോടൊപ്പം ദുനിയ, 2 സ്റ്റേറ്റ്സ്. സെയ്ഫിനൊപ്പം കൽ ഹോ ന ഹോ മുതൽ കുർബാൻ വരെ. സാറയോടൊപ്പം സിംബ...ഇനിയും ഒരുപാട് സിനിമകൾ വരാനിരിക്കുന്നു!! മനസ് കൊണ്ട് ഈ കുടുംബത്തെ എനിക്ക് നന്നായി അറിയാം. സിനിമകൾ അവരുടെ രക്തത്തിലും ജീനുകളിലും പാഷനിലും അലിഞ്ഞു ചേർന്നിരിക്കുന്നു. കഴിവിന്റെ പുതിയൊരും തരംഗത്തിന് ഞങ്ങൾ വഴിയൊരുക്കുന്നു. ആ ലോകം കാണാനായി എനിക്ക് കാത്തിരിക്കാനാകുന്നില്ല. ഇബ്രാഹിം അലി ഖാൻ നിങ്ങളുടെ ഹൃദയം കവാരനായി വരുന്നു, കാത്തിരിക്കൂ. ഉടനെ ബിഗ് സ്ക്രീനിലേക്ക്". - കരൺ ജോഹർ കുറിച്ചു.
അച്ഛനും അമ്മയ്ക്കും സഹോദരിക്കും പിന്നാലെ ബിഗ് സ്ക്രീനിലേക്ക് ചുവടുവയ്ക്കുന്ന ഇബ്രാഹിമിന് താരങ്ങളടക്കം നിരവധി പേരാണ് ആശംസകൾ നേരുന്നത്. നടൻ സെയ്ഫ് അലി ഖാന്റെയും മുൻ ഭാര്യ അമൃത സിങ്ങിന്റെയും മകനാണ് ഇബ്രാഹിം. എന്നാൽ സിനിമയുടെ മറ്റു വിവരങ്ങളേക്കുറിച്ചൊന്നും കരൺ ജോഹർ സൂചിപ്പിച്ചിട്ടില്ല.
"23 നവാഗത സംവിധായകർ, 8 പുതിയ അഭിനേതാക്കൾ, പറഞ്ഞ കഥകൾ എണ്ണമറ്റതാണ്. പറയാൻ ഇനിയും എണ്ണമറ്റ കഥകൾ. പുതിയ അധ്യായത്തിന് ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു".- എന്ന അടിക്കുറിപ്പോടെ ധർമ പ്രൊഡക്ഷൻസ് ഇന്നലെ തങ്ങളുടെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇബ്രാഹിമിന്റെ ബോളിവുഡ് അരങ്ങേറ്റ വിവരവും കരൺ ജോഹർ പ്രഖ്യാപിച്ചിരിക്കുന്നത്. രൺവീർ സിങ്ങും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തിയ 'റോക്കി ഔർ റാണി കി പ്രേം കഹാനി'യിൽ കരൺ ജോഹറിന്റെ അസിസ്റ്റന്റായി ഇബ്രാഹിം പ്രവർത്തിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക