

തിരുവനന്തപുരം: ആര് എന്തൊക്കെ പറഞ്ഞാലും താന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകുമെന്നും പുരുഷന്മാര്‍ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും നടി പ്രിയങ്ക അനൂപ്. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്ന് പ്രിയങ്ക പറഞ്ഞു. പുരുഷന്മാരുടെ ഭാഗത്ത് ന്യായമുണ്ട്. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ ആറ് മാസക്കാലം അവർ അനുഭവിക്കുന്ന വേദന ചെറുതല്ലെന്നും നടി വ്യക്തമാക്കി.
"സ്ത്രീകളോട് വിരോധമുള്ള ആളൊന്നുമല്ല ഞാൻ, പക്ഷേ പുരുഷൻമാർക്കൊപ്പം നിൽക്കുന്ന ആളാണ്. ഒരുപാട് കാര്യങ്ങൾ വച്ചു നോക്കുമ്പോൾ പുരുഷൻമാർക്ക് നീതി കിട്ടുന്നതായി എനിക്ക് തോന്നിയിട്ടില്ല. എന്തെങ്കിലും പറഞ്ഞു പുരുഷന്മാരെ അടിച്ചേൽപ്പിക്കുന്നതാണ് ഓരോ കാര്യങ്ങളും. അങ്ങനെ ഏൽപ്പിക്കുന്നതിനു നിങ്ങൾ എല്ലാവരും കൂടി ചേർന്ന് ഒരു അസോസിയേഷൻ വരുന്നത് വളരെ നല്ല കാര്യമാണ്.
ശരിക്കും അത് നിങ്ങളുടെ ഭാഗ്യമാണ്. ഞാനും ഒരു സ്ത്രീയാണ്, അമ്മയാണ്. പക്ഷേ ചില പോയിന്റ്സ് നോക്കുമ്പോൾ പുരുഷന്മാരുടെ ഭാഗത്ത് ഒരുപാട് ന്യായം ഉണ്ട്. അതിനുവേണ്ടി ഒരു നിയമം കൊണ്ട് വരാനോ. എല്ലാവരും കൂടി ചേർന്ന് നിന്ന് പ്രതിരോധിക്കാനോ കഴിയുന്നില്ല. ഒരു ഹോട്ടൽ റൂമിൽ ഒരു സ്ത്രീ സ്വന്തം ഇഷ്ടത്തോടെ വന്നാൽ തന്നെയും പുറത്തിറങ്ങി അവർ പറയുന്നത് എന്താണ്. ആ ആറു മാസക്കാലം പുരുഷന്മാർ അനുഭവിക്കുന്ന വേദന അത് എന്താണ് എന്ന് എനിക്ക് അറിയാം.
ആ പുരുഷന്റെ ഭാര്യ, അമ്മ എന്നൊക്കെ പറയുന്നതും സ്ത്രീകൾ തന്നെയാണ്. അവർ എന്തൊക്കെ അനുഭവിക്കുന്നുണ്ടാകും. അവരുടെ ന്യായം തെളിയുന്നതുവരെ അവർ ഇത് അനുഭവിക്കുകയല്ലേ. ഞാൻ പറയുന്നത് ഒരു സ്ത്രീ ഒരു ഹോട്ടൽ മുറിയിൽ ചെന്നാൽ അതിന്റെ ഉത്തരവാദിത്വം ആ സ്ത്രീയ്ക്ക് ആണ്. അവർ ആണ് അത് ഏറ്റെടുക്കേണ്ടത്. അല്ലാതെ പുരുഷന്മാർക്ക് അത് അപ്പോൾ തെളിയിച്ചു കൊടുക്കാൻ ആകുമോ.
ഒരു പ്രശ്നം ഉണ്ടായാൽ പുരുഷൻമാരുടെ മുഖം മാത്രം കാണിക്കും, ആ സ്ത്രീയുടെ മുഖം അങ്ങ് മറച്ചുവയ്ക്കും. എന്തുകൊണ്ടാണ് ആ സ്ത്രീയുടെ മുഖം മാത്രം പുറത്തുകാണിക്കാത്തത്. ഏറ്റവും ഒടുവിൽ ഒരു ലേഡി ഇപ്പോൾ ജയിൽ മോചിതയായി. ആൾ നല്ലരീതിയിൽ നടന്നു എന്നാണ് പറയുന്നത്. നല്ല രീതിയിൽ അവർ മുൻപേ ചെയ്തിരുന്നു എങ്കിൽ ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ. അങ്ങനെയുള്ള സ്ത്രീകളെ പിന്തുണച്ചു കൊണ്ട് ഞാൻ സംസാരിക്കില്ല.
അവർ അങ്ങനെ ചെയ്യരുത് എന്നെ ഞാൻ പറയൂ. സ്ത്രീകൾ തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ ഉറപ്പായും ശിക്ഷ അനുഭവിക്കണം. ഇരുപത് വർഷം ഒരു കേസ് നടത്തി വിജയിച്ച ആളാണ്. എന്റെ നല്ല സമയം ഞാൻ ആ കേസിന്റെ പിന്നാലെ ആയിരുന്നു. ഞാനും എന്റെ കുടുംബവും എത്രത്തോളം സഹിച്ചു. എത്രത്തോളം ആ കേസ് ഞങ്ങളെ ബാധിച്ചു എന്ന് അറിയാമോ. അത് അത്രകാലം കൊണ്ട് പോകാതെ പുരുഷന്മാർ മുൻപോട്ട് വരണം. ഞാൻ എപ്പോഴും പുരുഷന്മാർക്ക് എന്നേക്കാൾ ഒരുപടി മുകളിൽ ആണ് സ്ഥാനം കൊടുക്കുന്നത്.
കാരണം എന്തിനാണ് സ്ത്രീകളെ മാത്രം പിന്തുണക്കുന്നത്. പുരുഷന്മാർക്ക് ഒരു സംഘടന ഉറപ്പായും വേണം. സ്ത്രീകൾ തെറ്റു ചെയ്താൽ പുരുഷന്മാർക്ക് നൽകുന്നതിന് തുല്യമായ ശിക്ഷ നൽകണം. പുരുഷന്മാരെ മാറ്റിനിർത്തുകയല്ലല്ലോ വേണ്ടത്. ഒരുപാട് നിയന്ത്രിച്ച് വീട്ടിൽ തളച്ചിടേണ്ട ആളുകളല്ല പുരുഷന്മാർ, പ്രത്യേകിച്ച് ഭർത്താക്കന്മാർ. പുരുഷന്മാർക്ക് സ്നേഹം കൊടുത്ത് സ്നേഹം വാങ്ങാമെന്ന അഭിപ്രായക്കാരിയാണ് ഞാൻ.
തിരുവനന്തപുരം ശംഖുമുഖത്ത് നമ്മളെല്ലാവരും പോയിട്ടുണ്ടാകും. അവിടെ ഒരു സ്ത്രീയെ കിടത്തിയിട്ടുണ്ട്, ഒരു തുണിയിടാൻ ആർക്കെങ്കിലും പറ്റുമോ, ഇല്ലല്ലോ. ആ പ്രതിമയുടെ അടുത്ത് പുരുഷൻമാരുടെ ഒരു പ്രതിമ കൂടി വരച്ചിട്. കാണാൻ രസമുണ്ടാകുമല്ലോ, അതെന്താ ചെയ്യാത്തതെന്നും പ്രിയങ്ക വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates