
ബംഗളൂരു: തഗ് ലൈഫ് സിനിമക്ക് വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക ഫിലിം ചേംബറിന്റെ നടപടിക്കെതിരെ നടന്‍ കമല്‍ഹാസന്‍ (Kamal Haasan)ഹൈക്കോടതിയില്‍. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷണലാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. കമല്‍ഹാസന്റെ വാക്കുകള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വളച്ചൊടിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തിന്റെ വിലക്ക് നീക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
കന്നട ഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്ന പ്രസ്താവനയില്‍ താരം മാപ്പുപറയണമെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്. അല്ലാത്തപക്ഷം സിനിമ കര്‍ണാടകത്തില്‍ റിലീസ് ചെയ്യില്ലെന്നും സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. കന്നഡഗികരുടെ വികാരത്തെ വ്രണപ്പെടുത്തിയ കമല്‍ഹാസന്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ സിനിമയുടെ റിലീസ് തടയണമെന്ന് സാംസ്‌കാരികമന്ത്രി ശിവരാജ് തംഗടഗിയും അഭിപ്രായപ്പെട്ടിരുന്നു.
സംസ്ഥാനത്തിനെതിരായ പ്രസ്താവനയാണ് കമല്‍ നടത്തിയതെന്ന് ഫിലിം ചേംബര്‍ പറയുന്നു. നടന്റെ പരാമര്‍ശത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും എതിര്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ക്ഷമാപണം നടത്താതെ സിനിമ കര്‍ണാടകയില്‍ റിലീസ് ചെയ്യില്ല. തീയറ്റര്‍ ഉടമകളോ വിതരണക്കാരോ ചിത്രം എടുക്കാതെ തങ്ങള്‍ എങ്ങനെ റിലീസ് ചെയ്യുമെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ ചോദിച്ചു. ജൂണ്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പരാമര്‍ശത്തിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെക്കുറിച്ച് കമല്‍ഹാസനെ ഇ- മെയില്‍ വഴി സംഘടന അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് സംഘടന വ്യക്തമാക്കി. നേരത്തെ, ചെന്നൈയില്‍ ഡിഎംകെ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ പരാമര്‍ശത്തില്‍ താന്‍ മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. 'ഇത് ജനാധിപത്യരാജ്യമാണ്. ഞാന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു. സ്നേഹം എപ്പോഴും വിജയിക്കും എന്ന് ഞാന്‍ കരുതുന്നു. കര്‍ണാടകയോടും ആന്ധ്രാപ്രദേശിനോടും കേരളത്തോടുമുള്ള എന്റെ സ്നേഹം യഥാര്‍ഥമാണ്. എന്തെങ്കിലും അജണ്ട ഉള്ളവരല്ലാതെ ആരെങ്കിലും അതിനെ സംശയിക്കില്ല. നേരത്തേയും എനിക്കെതിരെ ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. തെറ്റുപറ്റിയെങ്കില്‍ ഞാന്‍ മാപ്പുപറയും, ഇല്ലെങ്കില്‍ പറയില്ല', എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.
ചെന്നൈയില്‍ 'തഗ് ലൈഫ്' ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കന്നഡ തമിഴില്‍നിന്ന് ഉത്ഭവിച്ചതാണ് എന്നായിരുന്നു വിവാദപരാമര്‍ശം. മാപ്പുപറയാന്‍ കമലിന് ഫിലിം ചേംബര്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം കമലിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. കന്നഡ അനുകൂലസംഘടനകളും കമലിനെതിരേ പ്രതിഷേധിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ