'ഷൈനിന്റെ കുസൃതിക്ക് ചിരിച്ചിട്ടുണ്ട്, കുറ്റപ്പെടുത്തിയിട്ടുണ്ട്; ഇനി പിന്തുണ ആവശ്യമുള്ള സമയം'

ഇനിയങ്ങോട്ട് ഷൈനിന് നമ്മുടെ എല്ലാവരുടെയും ഏറ്റവും കൂടുതൽ സപ്പോർട്ട് ആവശ്യമുള്ള സമയമായിരിക്കും.
Asif Ali, Shine Tom Chacko
ആസിഫ് അലി, ഷൈൻ ടോം ചാക്കോ (Shine Tom Chacko) വിഡിയോ സ്ക്രീൻഷോട്ട്
Updated on

കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെയും (Shine Tom Chacko) അമ്മയെയും സഹോദരനെയും ഇന്നലെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചു. രാത്രി 10.30 ഓടെയാണ് ഷൈനിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ ഷൈനിന്റെ കൈയ്ക്ക് ആണ് പരിക്കേറ്റിരിക്കുന്നത്. പിതാവിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷമാകും ഷൈനിന് ശസ്ത്രക്രിയ ചെയ്യുക.

ഷൈനിനും കുടുംബത്തിനും എല്ലാവരുടെയും പിന്തുണ ആവശ്യമുള്ള സമയമാണിതെന്ന് നടൻ ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു. "രാവിലെ വളരെ സങ്കടത്തോടെ കേട്ട വാർത്തയാണ്, ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും സംഭവിച്ച അപകടം. ഷൈനിന്റെ എല്ലാ കുസൃതിക്കും നമ്മൾ ചിരിച്ചിട്ടുണ്ട്. ദേഷ്യം പിടിച്ചിട്ടുണ്ട്, ഉപദേശിക്കാൻ ശ്രമിച്ചിട്ടുണ്ട്, കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഇനിയങ്ങോട്ട് ഷൈനിന് നമ്മുടെ എല്ലാവരുടെയും ഏറ്റവും കൂടുതൽ സപ്പോർട്ട് ആവശ്യമുള്ള സമയമായിരിക്കും. അറിയാലോ സോഷ്യൽ മീഡിയയുടെ ഒരു സ്വഭാവവും ട്രെൻഡും സംഭവിക്കുന്ന കാര്യങ്ങളുമൊക്കെ. എല്ലാവരുടെയും സപ്പോർട്ട് വളരെ ശക്തമായിട്ട് ആ കുടുംബത്തിന് മുന്നോട്ട് പോകാൻ ആവശ്യമുണ്ട്".- ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഷൈനെയും അമ്മയെയും ഇന്ന് രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി സന്ദർശിച്ചിരുന്നു. ഷൈനിന്റെ പിതാവിന്റെ സംസ്കാരം സംബന്ധിച്ചുള്ള കാര്യങ്ങൾ ബന്ധുക്കൾ ചേർന്ന് തീരുമാനിക്കുമെന്നും ഷൈന്റെ ആരോ​ഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

"ഇന്ന് രാത്രിയോടെ ഷൈനിന്റെ വിദേശത്തുള്ള ചേച്ചിമാർ രണ്ടു പേരുമെത്തും. അവർക്ക് അച്ഛന്റെ കൂടെ കുറച്ചു സമയം ഇരിക്കണം. നാളെ ഉച്ചയോടെ ബന്ധുക്കളുമായി ആലോചിച്ച ശേഷം പിതാവിന്റെ സംസ്കാരം തീരുമാനിക്കും. ഷൈന്റെ പിതാവ് മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല. മുറിയിൽ ടിവിയൊന്നും വയ്ക്കില്ല എന്ന് തോന്നുന്നു. അമ്മയ്ക്കിപ്പോൾ കുഴപ്പമില്ല. ഇടുപ്പിന് ചെറിയ പരിക്കേയുള്ളൂ. ഡോക്ടർമാരുമായി സംസാരിച്ചു. ഷൈന്റെ കാര്യത്തിലും ആശങ്കപ്പെടാനൊന്നുമില്ല.

സർജറി ഇന്നുണ്ടാകില്ല, ചടങ്ങ് കഴിഞ്ഞ് മതിയെന്നാണ് പറഞ്ഞിരിക്കുന്നത്. കാറിന്റെ പിറകിലുണ്ടായിരുന്നവർ ഉറങ്ങുകയായിരുന്നു. ലോറിയിൽ ഇടിച്ച ശേഷം സ്റ്റിയറിങ് ലോക്കായി ബാക്കിലേക്ക് ഇടിച്ചു കയറിയതാണെന്നാണ് കരുതുന്നത്. മുൻസീറ്റിലിരുന്ന രണ്ട് പേർക്കും ഒരു കുഴപ്പവുമില്ല. പിറകിലിരുന്ന മൂന്ന് പേർക്കാണ് പ്രശ്നമായത്". - സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com