

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ (Diya Krishna)യുടെ ബിസിനസ് സ്ഥാപനത്തിൽ തട്ടിപ്പു നടത്തിയ സംഭവത്തിൽ പ്രതികരിച്ച് എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ഡോ സൗമ്യ സരിൻ. പൂർണമായി വിശ്വസിച്ചു പൈസ ഏല്പിച്ച ആളുകൾ ഒരു സുപ്രഭാതത്തിൽ ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ പറ്റിച്ചു എന്നറിയുമ്പോൾ ഉണ്ടാകുന്ന വേദന വലുതാണെന്ന് ഡോ സൗമ്യ പറയുന്നു.
തെറ്റിനെ തെറ്റ് എന്നും ശരിയെ ശരി എന്നും പറയാൻ ഒരാളുടെ ജാതിയും മതവും രാഷ്ട്രീയവുമൊക്കെ നോക്കേണ്ട ആവശ്യമില്ലെന്നും സൗമ്യ കുറിച്ചു. ഇത്തരത്തിൽ പറ്റിക്കപ്പെട്ട സ്വന്തം അനുഭവം കൂടി വെളിപ്പെടുത്തിയാണ് ഡോ സൗമ്യ സരിന്റെ കുറിപ്പ്. അതിനൊപ്പം അഹാന കൃഷ്ണയ്ക്ക് മുൻപിലിരുന്ന് ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ കുറ്റം സമ്മതിക്കുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്. സിന്ധു കൃഷ്ണ പുറത്തുവിട്ട വിഡിയോയാണ് ഡോ സൗമ്യ പങ്കുവച്ചത്.
ഡോ സൗമ്യ സരിന്റെ കുറിപ്പ്
ദിയ കൃഷ്ണയെ എനിക്ക് വ്യക്തിപരമായി അറിയില്ല. പക്ഷെ ഇന്നലെ മുതൽ നിങ്ങളെ പോലെ ഞാനും അവരുടെ പേര് ഒരു കേസുമായി ബന്ധപെട്ടു കേൾക്കുന്നു. ഒരു ഫ്രോഡിനെതിരെ ഒരു വഞ്ചന കേസുമായി ഞാനും മുന്നോട്ട് പോകുന്നത് കൊണ്ട് ഒരു കൗതുകം തോന്നി കൂടുതൽ വിശദമായി ഒന്ന് അറിയാൻ ശ്രമിച്ചു.
ഈ വീഡിയോ ദിയയുടെ കുടുംബം പുറത്തു വിട്ടതാണ്. ഇത് കൂടാതെ ദിയ കൃഷ്ണ ഫോൺ വിളിച്ചു മോശമായി സംസാരിച്ചു എന്ന് പറഞ്ഞു ആ മൂന്നു പെൺകുട്ടികൾ തന്നെ പുറത്തു വിട്ട വീഡിയോയുടെ ലിങ്കും കമന്റ് ബോക്സിൽ കൊടുത്തിട്ടുണ്ട്. ഇത് കാണുന്ന / കേൾക്കുന്ന അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും ആരെ ആരെയാണ് വെടിപ്പായി പറ്റിച്ചത് എന്ന്...കേട്ടിട്ട് നിങ്ങൾ തന്നെ ഒരു തീരുമാനത്തിൽ എത്തിയാൽ മതി. ഞാനായിട്ട് ഒന്നും പറയുന്നില്ല.
മാസങ്ങൾക്കു മുമ്പ് ഇതുപോലെ പറ്റിക്കപെട്ട് ഞാനും നിങ്ങളുടെ മുമ്പിൽ വന്നതാണല്ലോ. അതുകൊണ്ട് എനിക്ക് കുറച്ചു കൂടി എളുപ്പത്തിൽ കാര്യങ്ങൾ പിടി കിട്ടും... അനുഭവം ഗുരു എന്നാണല്ലോ...
വഞ്ചിക്കപെടുക എന്നത് വല്ലാത്തൊരു അവസ്ഥ ആണ്. നമ്മൾ പൂർണമായി വിശ്വസിച്ചു പൈസ ഏല്പിച്ച ആളുകൾ നമ്മളെ ഒരു സുപ്രഭാതത്തിൽ ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ പറ്റിച്ചു എന്നറിയുമ്പോൾ നമ്മൾ വല്ലാതായിപ്പോകും. പോയ പൈസയെക്കാൾ പോയ വിശ്വാസം നമ്മെ വേദനിപ്പിക്കും.
ഈ വഞ്ചിച്ചവർക്ക് അങ്ങിനെ അല്ല. അവർ ഒരുങ്ങി ഇറങ്ങിയവർ ആണ്. വഞ്ചിച്ചതും പോരാഞ്ഞു ഒരു മടിയും ഇല്ലാതെ പിന്നെയും അവർ നമ്മെ നുണകൾ കൊണ്ട് ആക്രമിക്കും. അതിന്റെ കൂടെ നമ്മളെ ആക്രമിക്കാൻ തക്കം പാർത്തിരുന്നവർ കൂടി കൂടും. അവർക്ക് നമ്മൾ തോറ്റാൽ മാത്രം മതി. അവിടെ സത്യം എന്ത് എന്നവർ അന്വേഷിക്കുകയുമില്ല, അതവരെ ബാധിക്കുകയുമില്ല.
ഇരവാദം ആണ് ഇവരുടെ മെയിൻ! ആ ഇരവാദം കൊണ്ട് അവർ പലയിടത്തും പോകും. എവിടെ നിന്നെങ്കിലും സഹായം കിട്ടാതിരിക്കില്ലല്ലോ. അതാണല്ലോ നമ്മുടെ ലോകം!
ഞാനും ഇതേ അവസ്ഥയിലൂടെ പോയ ഒരാൾ ആണ്. ഇന്നത്തെ കാലത്തിനു ഒരു പ്രത്യേകതയുണ്ട്. സത്യത്തെ സത്യം എന്ന് പറയാനും നുണയെ നുണ എന്ന് പറയാനും പലർക്കും രണ്ട് വട്ടം ആലോചിക്കണം. കാരണം ഇപ്പോ അതുപോലും അപ്പുറത്ത് നില്കുന്നവന്റെ രാഷ്ട്രീയം നോക്കിയാണ്! എതിർച്ചേരി ആണെന്ന് തോന്നിയാൽ സത്യമാണെന്ന് നല്ല ഉറപ്പ് ഉണ്ടെങ്കിലും അവൻ കള്ളമായിരിക്കും പറയുന്നത് എന്ന് ഒരു സങ്കോചവും കൂടാതെ അങ്ങ് കാച്ചിക്കളയും. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ?രാഷ്ട്രീയതിമിരം ബാധിച്ചു നമ്മളോട് വൈരാഗ്യബുദ്ധിയോടെ മാത്രം പെരുമാറുന്നവർ നമുക്കെതിരെ എന്ത് കിട്ടിയാലും ഛർദിക്കും. അവിടെ സത്യവുമില്ല. ധർമവുമില്ല.
എന്നേ പറ്റിച്ച വ്യക്തി UK യിലെ കോൺഗ്രസ്സ് പാർടിയുടെ വലിയ ആളാണെന്നു പറഞ്ഞാണ് ഇങ്ങോട്ട് സഹായം വാഗ്ദാനം ചെയ്തത്. അത് വിശ്വസിച്ചു എന്നതാണ് ഞാൻ ചെയ്ത തെറ്റ്. യു കെ യിലെ കോണ്ഗ്രെസ്സ് പാർട്ടിയുടെ നേതാക്കളെ നേരിട്ട് അറിയാമായിരുന്നിട്ടും ഒന്ന് അന്വേഷിക്കാൻ തോന്നിയില്ല. ചിലപ്പോൾ അമിതവിശ്വാസം നമ്മെ ഇത്തരത്തിൽ വിഡ്ഢികൾ ആക്കിക്കളയും. സത്യമാണ്. ചതി പറ്റി കഴിഞ്ഞതിനു ശേഷമാണു ഞാൻ അവരുമായി ബന്ധപ്പെട്ടത്. അവർ ഈ വ്യക്തിക്ക് അവിടെയുള്ള നേതൃത്വവുമായി ഒരു ബന്ധവുമില്ല എന്ന് പറയുകയും എനിക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. അത് നന്ദിയോടെ ഓർക്കുന്നു.
എന്നാൽ ആ സമയം സരിൻ പാർട്ടി മാറാൻ തീരുമാനിച്ച സമയം കൂടി ആയത് കൊണ്ട് ആ ഫ്രോഡിന് നന്നായി അറിയാമായിരുന്നു എന്നേ ആക്രമിക്കാൻ ആരെ കൂട്ട് പിടിക്കണം എന്ന്... ഏതു പാർട്ടിയിലും കാണും സൈബർ പോരാളികൾ എന്നും പറഞ്ഞു ഒരു നേരും നെറിയും ഇല്ലാതെ വിഷം തുപ്പുന്ന ചില പേജുകൾ. അങ്ങിനെ ഉള്ള ചിലരുമായി അയാൾ കൈകോർത്തു. എന്നിട്ട് നുണയുടെ ഒരു കൂമ്പാരം പല വീഡിയോകളായി അവർ വഴി പുറത്തു വിട്ടു.
അതിനൊന്നും പ്രതികരിക്കാൻ ഞാൻ എന്റെ സമയം കളഞ്ഞില്ല. കാരണം സത്യം എന്നൊന്നുണ്ട്. അത് ഇന്നല്ലെങ്കിൽ നാളെ പുറത്തു വരും.
തെറ്റിനെ തെറ്റ് എന്നും ശെരിയേ ശെരി എന്നും പറയാൻ നിങ്ങൾക്ക് ഒരാളുടെ ജാതിയും മതവും രാഷ്ട്രീയവുമൊക്കെ നോക്കേണ്ട ആവശ്യം ഉണ്ടോ?
ഉണ്ടാവരുത്... അതു കൊണ്ടാണ് ഇന്ന് ഞാൻ ഈ പോസ്റ്റ് ഇട്ടത്.
ഈ കേസിലും ദിയയുടെ അച്ഛൻ കൃഷ്ണകുമാർ ആയത് കൊണ്ടും അദ്ദേഹം ഒരു പാർട്ടിയുടെ പ്രവർത്തകൻ ആയത് കൊണ്ടും മാത്രം പലരും പല മാധ്യമങ്ങളും മനഃപൂർവം സത്യത്തിന് നേരെ കണ്ണടക്കുന്നതായി തോന്നി. കഷ്ടമാണത്. ഇവിടെ അതിന് എന്ത് പ്രസക്തിയാണുള്ളത്?
പിന്നെ മുകളിൽ പറഞ്ഞ പോലെ, വ്യക്തിപരമായ മറ്റു വൈരാഗ്യബുദ്ധി വെച്ച് നിങ്ങൾ തെറ്റിനെ ന്യായീകരിക്കുന്നുണ്ടെങ്കിൽ നിങ്ങളും ആ വഞ്ചിച്ചവരും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലാ. ഒന്ന് തന്നെ!
ഒരു കാര്യം കൂടി എഴുതി നിർത്തുന്നു, പറ്റിക്കാൻ ഇറങ്ങി തിരിച്ചവരോടാണ്...
ഒരാളുടെ വിയർപ്പിന്റെ മൂല്യമാണ് അയാളുടെ കയ്യിലെ ഓരോ നാണ്യ തുട്ടും. അതിൽ എഴുതിയത് അയാളുടെ പേരാണ്. അത് എന്ന് നിങ്ങൾ ചതിയിലൂടെ കൈക്കലാക്കുന്നോ, അന്ന് മുതൽ നിങ്ങളുടെ നാശം തുടങ്ങുന്നു.
ചതിച്ചു വഞ്ചിച്ചും കൈക്കലാക്കിയ ഒരു രൂപ പോലും നിങ്ങൾക്ക് ഗുണത്തിൽ വരില്ല. ആ പാപം നിങ്ങളെ മാത്രമല്ല, നിങ്ങളുടെ അടുത്ത തലമുറയെ പോലും നശിപ്പിക്കും. നിങ്ങൾ കൈക്കലാക്കിയ മുതലിന്റെ എത്രയോ ഇരട്ടി നിങ്ങൾക്ക് കൈമോശം വരും...
കാരണം നിങ്ങൾ വഞ്ചിച്ചവൻറെ മനസ്സിൽ നിന്നും ഇറ്റുന്ന കണ്ണുനീരുണ്ടല്ലോ, അതിന് നിങ്ങളെ ഈ ജന്മം മുഴുവൻ എരിക്കാനുള്ള ശക്തിയുണ്ട്. മനസ്സമാധാനം എന്നൊന്ന് നിങ്ങൾക്ക് ഉണ്ടാവില്ല!
അതാണ് കാലത്തിന്റെ കാവ്യാനീതി!
കാത്തിരുന്നോളൂ....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates