
ആരാധകര്‍ക്ക് ബാലയ്യയുടെ പിറന്നാള്‍ സമ്മാനമായി അഖണ്ഡ 2 (akhanda 2) ടീസര്‍. 2021 ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം അഖണ്ഡയുടെ രണ്ടാം ഭാഗമാണ് താണ്ഡവം എന്ന ടാഗ് ലൈനോടെ വരുന്ന അഖണ്ഡ 2. പേരു പോലെ തന്നെ നായകന്‍ നന്ദമുരി ബാലകൃഷ്ണയുടെ താണ്ഡവം തന്നെ ചിത്രത്തില്‍ കാണാമെന്ന് ടീസര്‍ ഉറപ്പു നല്‍കുന്നുണ്ട്.
ആദ്യ ഭാഗം നേടിയ വന്‍ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മാസ് സിനിമകളുടെ രാജാവായ ബാലയ്യയുടെ വേറിട്ട ഗെറ്റപ്പും തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമാണ് ഒന്നാം ഭാഗത്തെ വന്‍ വിജയമാക്കിയത്. കേരളത്തിലും ചിത്രം ആരാധകരെ നേടിയിരുന്നു. അതുകൊണ്ട് തന്നെ വലിയ ആവേശത്തോടെയാണ് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത അവര്‍ സ്വീകരിച്ചത്.
രണ്ടാം ഭാഗത്തില്‍ നായികമാര്‍ മലയാളി താരം സംയുക്ത മേനോനും പ്രഗ്യ ജെയ്‌സ്വാളുമാണ്. ആദി പിനിഷെട്ടിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഹാ കുംഭമേളയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അന്ന് മുതല്‍ ആരാധകരുടെ കാത്തിരിപ്പും ആരംഭിച്ചു. ബോയപ്പെട്ടി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എസ് തമന്‍ ആണ്. ടീസറിലെ ആക്ഷന്‍ രംഗങ്ങളും തമന്റെ സംഗീതവും ആവേശം കൊള്ളിക്കുന്നതാണ്.
14 റീല്‍സ് പ്ലസിന്റെ ബാനറില്‍ രാം അചന്തയും ഗോപിനാഥ് അചന്തയുമാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ രാം-ലക്ഷ്മണന്‍ ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ ജോര്‍ജിയയില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ഛായാഗ്രാഹണം സി രാമപ്രസാദും സന്തോഷ് ഡി ഡിറ്റേക്കുമാണ്. തമ്മിരാജുവാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.
സെപ്തംബര്‍ 25 ന് ദസറ റിലീസായാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. ഇതോടെ ദസറയ്ക്ക് തെലുങ്ക് ബോക്‌സ് ഓഫീസില്‍ ബാലയ്യയും പവന്‍ കല്യാണും നേര്‍ക്കുനേര്‍ എത്തും. ഓജിയാണ് പവര്‍ സ്റ്റാറിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.
അതേസമയം ഡാക്കൂ മഹാരാജ് ആണ് ബാലയ്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബോബി ഡിയോള്‍, ഉര്‍വ്വശി റൗട്ടേല, ചാന്ദ്‌നി ചൗധരി, പ്രഗ്യ ജെയ്‌സ്വാള്‍, ശ്രദ്ധ ശ്രീനാഥ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായ സിനിമ 125 കോടിയാണ് നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ