
ഈ ആഴ്ച വൈവിധ്യമാർന്ന ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഒടിടി (New OTT Releases) പ്ലാറ്റ്ഫോമുകളിലായി പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഒടിടിയിൽ കാണാൻ കാത്തിരുന്ന ആലപ്പുഴ ജിംഖാനയും ഈ ആഴ്ച നിങ്ങളിലേക്കെത്തും. ശ്രീനാഥ് ഭാസിയുടെ ആസാദിയും ഒടിടി റിലീസിനൊരുങ്ങുന്നുണ്ട്. ഈ ആഴ്ചയിലെ ഒടിടി റിലീസുകളിലൂടെ.
നസ്‌ലിൻ, ലുക്മാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ആലപ്പുഴ ജിംഖാന ഈ മാസം 13ന് ഒടിടിയിലെത്തും. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ പടക്കളം സ്ട്രീമിങ് തുടങ്ങി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം കാണാനാകും. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
റിതു വർമ്മ, സൂര്യ വസിഷ്ഠ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന തെലുഗു വെബ് സീരിസാണ് ദേവിക ആൻഡ് ഡാനി. ബി കിഷോർ സംവിധാനം ചെയ്ത സീരിസ് സ്ട്രീമിങ് തുടങ്ങി. ജിയോ ഹോട്ട്സ്റ്റാറിലൂടെ പരമ്പര ആസ്വദിക്കാനാകും.
ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തി അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് ആസാദി. സൈജു കുറുപ്പ്, വാണി വിശ്വനാഥ്, ലാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാഗർ ഹരി സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഉടൻ തന്നെ റിലീസ് തീയതി പുറത്തുവിടും.
താരേ സമീൻ പർ ഫെയിം ദർഷീൽ സഫാരിയും നടി അഞ്ജലി ശിവരാമനും പ്രധാന വേഷത്തിലെത്തുന്ന സ്പോർട്സ് ഡ്രാമയാണ് ഗെയിമർലോഗ്. ജൂൺ 12 മുതൽ ഗെയിമർലോഗ് സ്ട്രീമിങ് ആരംഭിക്കും. ആമസോൺ MX പ്ലെയറിലാണ് സ്ട്രീം ചെയ്യുക.
റാണ ദഗുബാട്ടി, വെങ്കടേഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സീരിസാണ് റാണ നായിഡു സീസൺ 2. നെറ്റ്ഫ്ലിക്സിലൂടെ ഈ മാസം 13ന് സീരിസ് സ്ട്രീമിങ് ആരംഭിക്കും.
പ്രവീൺ കണ്ടർഗുല സംവിധാനം ചെയ്ത ചിത്രമാണ് ശുഭം. സാമന്തയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹർഷിന്ത് റെഡ്ഡിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ജൂൺ 14 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates