തെലുങ്ക് സൂപ്പർ സ്റ്റാർ നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ (Nandamuri Balakrishna) എപ്പോൾ, ഏത് സിനിമയിൽ വന്നാലും ലോകത്താർക്കും ചെയ്യാൻ കഴിയാത്ത ചിലതെല്ലാം കാണിച്ച് ആരാധകരെ രോമാഞ്ചം കൊള്ളിക്കാറുണ്ട്. അതിനി ഗ്രാഫിക്സ് കൊണ്ട് പയറ്റിയാലും ശരി. പത്ത് പേരെയൊക്കെ ഒറ്റയടിക്ക് ബാലയ്യ തൂക്കിയെറിയും. വെറും കൈ കൊണ്ട് ട്രെയിൻ വരെ ആകാശത്തേക്ക് പറപ്പിക്കും. ബാലയ്യയുടെ ഈ കാട്ടിക്കൂട്ടലുകളൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ ട്രോളൻമാർ ആഘോഷമാക്കാറുണ്ട്. ലോജിക്കില്ലാത്ത ഫൈറ്റും കഥയുമായിരുന്നു ഇത്തരം ട്രോളുകള്‍ക്ക് കാരണം.
എന്നാൽ ബാലയ്യയ്ക്ക് ട്രോളൻമാരെയൊന്നും യാതൊരു ഭയവുമില്ല. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളൊക്കെ അങ്ങനെ തന്നെ ഇന്നും തുടരുന്നു. ഇന്ന് ബാലയ്യയുടെ 65-ാം പിറന്നാൾ കൂടിയാണ്. ആരാധകരടക്കം നിരവധി പേരാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുന്നത്.
ട്രോളൻമാരും ബാലയ്യയുടെ പിറന്നാൾ ആഘോഷമാക്കുകയാണ്. പിറന്നാളിനോടനുബന്ധിച്ച് ബാലയ്യയുടെ 'അഖണ്ഡ 2: താണ്ഡവം' ടീസർ പുറത്തുവന്നിരുന്നു. ഈ ടീസറിലാണിപ്പോൾ ട്രോളൻമാർ കൈ വച്ചിരിക്കുന്നത്. അടുത്തിടെ ട്രോളൻമാർ ആഘോഷമാക്കിയ ബാലയ്യയുടെ ചിത്രങ്ങളിലൂടെ.
ബോയപ്പട്ടി ശ്രീനു ഒരുക്കുന്ന അഖണ്ഡ 2വിന്റെ ടീസര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ബാലയ്യ പണ്ട് ഒഴിവാക്കിയ തരത്തിലുള്ള ഓവര്‍ ദ് ടോപ്പ് ഫൈറ്റുകളാണ് ടീസറിലുള്ളത്. പത്തോളം വില്ലന്മാരെ തോളില്‍ കയറ്റി നടന്നുവരുന്ന സീന്‍ ഇതിനോടകം തന്നെ ട്രോള്‍ പേജുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. 2021ല്‍ റിലീസായ അഖണ്ഡയുടെ തുടര്‍ച്ചയായാണ് ചിത്രം ഒരുങ്ങുന്നത്. ബാലകൃഷ്ണ ഇരട്ടവേഷത്തിലെത്തിയ ചിത്രം വന്‍ വിജയമായിരുന്നു. ആന്ധ്രയില്‍ നിന്ന് മാത്രം 100 കോടിയോളം ചിത്രം സ്വന്തമാക്കി. അഖണ്ഡയായി ബാലകൃഷ്ണ വരുന്ന ഭാഗങ്ങള്‍ തിയറ്ററുകളെ ഇളക്കിമറിച്ചു. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് കഴിഞ്ഞവര്‍ഷമാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ആദ്യ ഭാഗത്തെക്കാള്‍ ഇരട്ടി മാസ് രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
ബാലയ്യയുടെ കരിയറിലെ 109-ാമത്തെ ചിത്രമായിരുന്നു ഇത്. ലോകമെമ്പാടുമായി 115–150 കോടിയിലധികം ചിത്രം കളക്ഷൻ നേടുകയും ചെയ്തു. ബാലയ്യയ്ക്കൊപ്പം ബോബി ഡിയോൾ, ഉർവശി റൗട്ടേല എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഉർവശി റൗട്ടേലയ്ക്കൊപ്പമുള്ള ബാലയ്യയുടെ രംഗങ്ങളായിരുന്നു ട്രോളിന് ഇരയായത്.
ഗോപിചന്ദ് മല്ലിനേനി സംവിധാനം ചെയ്ത് വൻ വിജയമായി മാറിയ ബാലയ്യയുടെ ചിത്രങ്ങളിലൊന്നായിരുന്നു വീര സിംഹ റെഡ്ഡി. ഡബിൾ റോളിലായിരുന്നു ബാലയ്യ ചിത്രത്തിലെത്തിയത്. ഹണി റോസ് ആയിരുന്നു ചിത്രത്തിൽ അമ്മ വേഷത്തിലെത്തിയത്. ഹണി റോസിന്റെ കഥാപാത്രവും ബാലയ്യയുടെ ചില മാനറിസങ്ങളും ട്രോളിന് കാരണമായി മാറിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ