
അഹമ്മദാബാദിലെ വിമാനാപകടം (Ahamedabad Plane Crash) രാജ്യത്തെ മുഴുവൻ വേദനയിലാഴ്ത്തിയിരിക്കുകയാണ്. 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ 171 നമ്പർ വിമാനമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയത്.
അപകടത്തിൽ മരിച്ചവരുടെ എണ്ണം 265 ആയി. അപകടത്തിൽ നിന്ന് അത്ഭുതകരമായി ഒരാള്‍ രക്ഷപ്പെടുകയും ചെയ്തു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. ആകാശയാത്രയ്ക്കിടെ നിരവധി പ്രമുഖരെ നമുക്ക് നഷ്ടമായിട്ടുണ്ട്. വിവിധ വിമാനാപകടങ്ങളിലായി ജീവൻ പൊലിഞ്ഞ സിനിമാ താരങ്ങളെയും ഈ വേളയിൽ നമുക്ക് ഓർക്കാം.
ഒരു കാലത്ത് മലയാള സിനിമയിൽ വൻ താരമൂല്യമുള്ള നായികയായിരുന്നു റാണി ചന്ദ്ര. അഞ്ച് വര്‍ഷത്തിനുള്ളില്‍ എഴുപതോളം സിനിമകള്‍ ചെയ്തു റാണി. തമിഴിലും റാണി ചന്ദ്ര അഭിനയിച്ച ചിത്രങ്ങളൊക്കെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേം നസീർ അടക്കമുള്ളവരുടെ നായികയായി. കേവലം 27-ാം വയസില്‍ ഒരു വിമാനാപകടത്തില്‍ റാണി ചന്ദ്ര ലോകത്തോട് വിട പറഞ്ഞു.
1976 ഒക്ടോബര്‍ 12 ന് ബോംബെയില്‍ നിന്ന് മദിരാശിക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ കാരവല്‍ വിമാനം സാന്താക്രൂസ് വിമാനത്താവളത്തില്‍ തീപിടിച്ച് തകര്‍ന്ന് മലയാളികളടക്കം 97 പേര്‍ മരിച്ചു. ഇതിലാണ് നടി റാണി ചന്ദ്ര കൊല്ലപ്പെട്ടത്. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മുംബൈയില്‍ നിന്ന് മദ്രാസിലേക്ക് മടങ്ങുകയായിരുന്നു റാണിയും അമ്മയും മൂന്ന് സഹോദരിമാരും.
യാത്ര തിരിച്ചയുടന്‍ വിമാനത്തിന് തീ പിടിക്കുകയും വിമാനത്താവളത്തിന് സമീപം കത്തിയമരുകയുമയിരുന്നു. റാണി ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു. അക്കൂട്ടത്തില്‍ റാണിയുടെ ഡാന്‍സ് ട്രൂപ്പ് അംഗങ്ങളും പക്കമേളം കലാകാരന്‍മാരുമുണ്ടായിരുന്നു. 86 യാത്രക്കാരും 9 വിമാന ജീവനക്കാരും ഉള്‍പ്പെടെ 97 പേര്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു.
കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി സൗന്ദര്യയെ നഷ്ടപ്പെടുന്നതും ഒരു ആകാശ ദുരന്തത്തിലാണ്. 2004 ഏപ്രില്‍ 17 ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൗന്ദര്യ ഹൈദരാബാദിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ബംഗളൂരുവിനടുത്ത് ജക്കൂരില്‍ വെച്ച് നടി സഞ്ചരിച്ച അഗ്‌നി ഏവിയേഷന്റെ ചെറുവിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ജക്കൂരിലെ കാര്‍ഷിക സര്‍വകലാശാലയുടെ കൃഷി വികാസ് കേന്ദ്രം ക്യാമ്പസിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ സൗന്ദര്യയുള്‍പ്പെടെ നാലു പേരാണ് മരിച്ചത്.
മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ്, നടിയുടെ സഹോദരന്‍ അമര്‍നാഥ് ഷെട്ടി, പ്രാദേശിക ബിജെപി നേതാവ് രമേഷ് കദം എന്നിവരാണ് മരിച്ച മറ്റാളുകൾ. വിമാനത്തിലുണ്ടായിരുന്ന നാലു പേരുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്.
മരിക്കുമ്പോള്‍ സൗന്ദര്യ രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനുവേണ്ടി ബിജെപി വാടകയ്ക്കെടുത്ത ഒരു സ്വകാര്യ ചെറുവിമാനത്തിലായിരുന്നു യാത്ര. വിമാനം പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നു.
വെള്ളിനക്ഷത്രം, സത്യം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ബാലതാരമായിരുന്നു തരുണി സച്ച് ദേവ്. കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു തരുണിയുടെ അപ്രതീക്ഷിത വിയോഗം. 2012 മെയ് 14 ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് തരുണി മരിച്ചത്. തന്റെ പതിനാലാം പിറന്നാളാള്‍ ദിനത്തില്‍ അമ്മയ്ക്കൊപ്പം നേപ്പാളിലെ പൊഖാറയില്‍ നിന്ന് ജോംസോമിലേക്ക് പറക്കുമ്പോഴായിരുന്നു ദുരന്തം വന്നു ഭവിച്ചത്.
ജോംസോമിന് സമീപം വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. മൂന്നു ജോലിക്കാരും 16 ഇന്ത്യന്‍ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാറയില്‍ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദ സഞ്ചാര മേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്ദേവും അപകടത്തില്‍ കൊല്ലപ്പെട്ടു. ഇരുവരുടെയും മരണശേഷം തരുണിയുടെ പിതാവ് ഹരീഷ് സച്ച്ദേവ് ആത്മീയ പാതയിലേക്ക് തിരിഞ്ഞു.
'ഏജ് ഐൻ നോട്ട് നത്തിങ് ബട്ട് എ നമ്പർ' എന്ന സംഗീത ആൽബത്തിലൂടെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഗായികയായിരുന്നു ആലിയ ഡാന ഹൗട്ടൺ. അഭിനയം, സംഗീതം, ഡാൻസ് എന്നിവ കുട്ടിക്കാലം മുതലേ ആലിയയ്ക്ക് ഏറെയിഷ്ടമായിരുന്നു. ഹിപ്-ഹോപ്പിനെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗായിക കൂടിയായിരുന്നു ആലിയ. ഒട്ടും നിനച്ചിരിക്കാത്ത നേരത്തായിരുന്നു ആലിയയുടെയും വിയോഗം. ബഹാമസിൽ വച്ചുണ്ടായ വിമാനാപകടത്തിലാണ് ആലിയ മരിച്ചത്.
ഒരു വിഡിയോ ചിത്രീകരണത്തിന് ശേഷം മടങ്ങിവരവേയായിരുന്നു ആലിയ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടത്. വെറും 22 വയസ് മാത്രമായിരുന്നു മരിക്കുമ്പോൾ ആലിയയുടെ പ്രായം. 2001 ഓഗസ്റ്റ് 25 നുണ്ടായ വിമാനാപകടത്തിൽ എട്ട് പേരാണ് മരിച്ചത്. ആലിയയും മറ്റ് അഞ്ച് യാത്രക്കാരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പരിക്കേറ്റ മറ്റു മൂന്ന് പേർ അടുത്ത ദിവസവും മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
