

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മനം കവർന്ന നടനാണ് റാണ ദഗുബാട്ടി (Rana Daggubati). ബാഹുബലിയ്ക്ക് ശേഷം റാണയുടെ ആരോഗ്യനില മോശമായതും ശസ്ത്രക്രിയയ്ക്ക് വിധേയനായതിനേക്കുറിച്ചുമൊക്കെ റാണ തുറന്നു പറഞ്ഞിരുന്നു. വലത് കണ്ണിന് കാഴ്ചയില്ലെന്നും വൃക്ക മാറ്റി വച്ചെന്നും നടന്‍ മുൻപ് വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറുകയും ചെയ്തിരുന്നു.
ഇപ്പോൾ അഭിനയത്തിൽ മാത്രമല്ല നിർമാണ രംഗത്തും റാണ തിളങ്ങി നിൽക്കുകയാണ്. റാണ നായിഡു സീസൺ 2 എന്ന വെബ് സീരിസാണ് റാണയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സീരിസ് സ്ട്രീം ചെയ്യുന്നത്. ഇപ്പോഴിതാ ആരോഗ്യപ്രശ്നങ്ങളുമായി താനിപ്പോൾ പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്ന് പറയുകയാണ് റാണ. റാണ നായിഡുവിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ആരോഗ്യപ്രശ്നങ്ങളുമായി ഇപ്പോള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്നും ചിലപ്പോഴത് കോമഡിയായി തോന്നിത്തുടങ്ങിയെന്നുമാണ് റാണ പറയുന്നത്. ”വര്‍ഷങ്ങള്‍ കൊണ്ട് എന്റെ കണ്ണൊക്കെ ഒരു കോമഡിയായി മാറിയിട്ടുണ്ട്. ഒരു വശത്തുള്ളതൊന്നും എനിക്ക് കാണാന്‍ കഴിയില്ല. സംഘട്ടന രംഗങ്ങളൊക്കെ ചെയ്യുമ്പോൾ ലെൻസ് ഇല്ലെങ്കിൽ ശരിക്കും രസകരമായിരിക്കും.
ലെന്‍സ് ഇടാതെയിരുന്നാൽ നന്നായി പൊടിയടിക്കുകയും പിന്നെ എല്ലാം തകിടം മറിയുകയും ചെയ്യും. ഏറെക്കുറേ ഞാനിപ്പോൾ ടെര്‍മിനേറ്റര്‍ പോലെയായെന്ന് തമാശയ്ക്ക് ഞാൻ പറയാറുണ്ട്. ഒരു കണ്ണും കിഡ്നിയും ട്രാൻസ്പ്ലാന്റ് ചെയ്തതടക്കം ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ നിങ്ങൾ ടെർമിനേറ്റർ കണ്ടിട്ടുണ്ടെങ്കിൽ, ഞാനും ഏകദേശം അതുപോലെയാണ് സുഹൃത്തുക്കളേ".- റാണ പറഞ്ഞു.
അതോടൊപ്പം തന്റെ കാഴ്ചയില്ലാത്ത കണ്ണില്‍ നിന്ന് വെള്ളം വരുന്നതു കണ്ട് റാണ നായിഡുവിൽ തനിക്കൊപ്പം അഭിനയിച്ച നടൻ അര്‍ജുന്‍ രാംപാല്‍ തെറ്റിദ്ധരിച്ചതിനെക്കുറിച്ചും റാണ പറയുന്നുണ്ട്. ”ഷൂട്ടിങ്ങിനിടെ അര്‍ജുന്‍ എന്നെ നോക്കിത്തന്നെ നില്‍ക്കുന്നു. ഞാന്‍ കരയുകയാണോ എന്ന് അര്‍ജുന്‍ എന്നോട് ചോദിച്ചു. കരയുകയല്ല, അത് കണ്ണില്‍ നിന്ന് വരുന്ന വെള്ളമാണെന്ന് ഞാന്‍ പറഞ്ഞു.
കണ്ണിന് പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം എന്നോട് കരയുകയാണോ എന്ന് ചോദിച്ചു കൊണ്ടിരുന്നു.” - റാണ പറഞ്ഞു. രാക്ഷസ രാജ ആണ് റാണയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. 1930 കളിലെ ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ ഒരു പീരിഡ് ആക്ഷൻ ഡ്രാമയായാണ് രാക്ഷസ രാജ ഒരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
