

രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ 'കൂലി' (Coolie). ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ കൂലിയെക്കുറിച്ച് നടൻ നാഗാർജുന പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിൽ താൻ വില്ലനായാണ് എത്തുന്നതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നാഗാർജുന.
ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നാഗാർജുന ഇക്കാര്യം പറഞ്ഞത്. ഒരു വില്ലൻ വേഷം ചെയ്യാനായി ലോകേഷ് തന്നെ സമീപിച്ചതെങ്ങനെയാണെന്നും നാഗാർജുന പങ്കുവെച്ചു. ആദ്യം കണ്ടപ്പോൾ തന്നെ, നെഗറ്റീവ് വേഷം ചെയ്യാൻ തയ്യാറാണോ എന്ന് ലോകേഷ് തന്നോട് നേരിട്ട് ചോദിച്ചുവെന്ന് നാഗാർജുന പറഞ്ഞു. എനിക്കത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒരു ചായ കുടിച്ച് രണ്ടു പേർക്കും പിരിയാമെന്നായിരുന്നു ലോകേഷ് വിചാരിച്ചതെന്നും നാഗാർജുന കൂട്ടിച്ചേർത്തു.
നെഗറ്റീവ് റോൾ ചെയ്യുന്നതിൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും എന്നാൽ ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് തിരക്കഥ കേൾക്കണമെന്ന് താൻ ലോകേഷിനോട് പറഞ്ഞുവെന്നും നാഗാർജുന ഓർത്തെടുത്തു. "സ്ക്രിപ്റ്റ് വായിച്ചതിന് ശേഷം എനിക്കത് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ആ റോൾ നന്നായി ഇഷ്ടപ്പെട്ടു. ആ കഥാപാത്രം ചെയ്യാനായി ആറോ ഏഴോ തവണ അദ്ദേഹത്തെ ഞാൻ തിരിച്ചു വിളിച്ചു.
പക്ഷേ ഇപ്പോൾ, കൂലിയിലെ എന്റെ റോൾ എങ്ങനെയുണ്ടെന്ന് ആരെങ്കിലും ചോദിച്ചാൽ, ഞാൻ ഒറ്റവാക്കിൽ ഉത്തരം പറയും, ഞാൻ പുറത്തുകടന്നു എന്ന്.- നാഗാർജുന പറഞ്ഞു. കൂലിയിൽ അഭിനയിക്കുമ്പോൾ എനിക്ക് യാതൊരുവിധ സമ്മർദവുമുണ്ടായിരുന്നില്ല. ഉദാഹരണത്തിന് പറയുകയാണെങ്കിൽ കുബേരയിലെ ദീപക് എന്ന എന്റെ കഥാപാത്രം. ദീപക് എല്ലായ്‌പ്പോഴും ഒരു പ്രത്യേക രീതിയിലുള്ള ആളാണ്. അയാൾ ഒരു ഗ്ലാസ് ചായ കുടിക്കുന്നതു പോലും വളരെ മാന്യമായ രീതിയിലാണ്. എന്നാൽ കൂലിയിൽ അങ്ങനെയല്ല, വളരെ വ്യത്യസ്തമാണ്".- നാഗാർജുന പറഞ്ഞു.
"ആളുകളോട് മിണ്ടാതിരിക്കാനും എന്റെ കൺമുന്നിൽ നിന്ന് പോകാനുമൊക്കെ എനിക്ക് പറയാം. ഞാനിതൊന്നും മുൻപൊരിക്കലും ചെയ്തിട്ടില്ല. പക്ഷേ കൂലി ചെയ്ത് കഴിഞ്ഞപ്പോൾ എല്ലാവരും എന്നോട് പറഞ്ഞു, വില്ലൻ വേഷം ആണെങ്കിൽ പോലും ലോകേഷ് എന്നെ അവതരിപ്പിക്കുന്ന രീതിയില്‍ എനിക്ക് കൂടുതല്‍ ആകര്‍ഷണം വന്നെന്ന്. ലോകേഷ് എന്നെ അങ്ങനെയാണ് അവതരിപ്പിച്ചത്. എനിക്കും ഒരു മോചനം കിട്ടി.
ഞാനിങ്ങനെ പെരുമാറണോ, ആളുകൾ ശരിക്കും ഇങ്ങനെയൊക്കെ പെരുമാറുമോ എന്നൊക്കെ ഞാൻ രണ്ട് തവണ ലോകേഷിനോട് ചോദിച്ചു. അപ്പോൾ ലോകേഷ് പറയും, അതെ സാർ ആളുകൾ ഭയങ്കര ദുഷ്ടരാണ് എന്ന്".- നാഗാർജുന പറഞ്ഞു.
ധനുഷിനൊപ്പം അഭിനയിക്കുന്ന കുബേരയുടെയും ലോകേഷിന്‍റെ കൂലിയുടെയും ചിത്രീകരണവും ഏകദേശം ഒരേ സമയമായിരുന്നെന്നും ഇരു ചിത്രങ്ങളിലും താന്‍ മാറി മാറി അഭിനയിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രണ്ട് ചിത്രങ്ങളിലൂടെ ഞാന്‍ കൂടുതല്‍ മികച്ച അഭിനേതാവായി മാറിയെന്നാണ് വിശ്വസിക്കുന്നതെന്നും നാഗാര്‍ജുന പറഞ്ഞു.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കുബേര റിലീസിന് തയ്യാറെടുക്കുകയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക. ജൂൺ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates