
'ധൂം' എന്ന ഒറ്റ ചിത്രത്തിലൂടെ ബോളിവുഡിൽ മാത്രമല്ല കേരളത്തിലും ആരാധകരെ നേടിയെടുത്ത നടനാണ് ജോൺ എബ്രഹാം. ആക്ഷൻ റോളുകൾ മാത്രമല്ല കാരക്ടർ റോളുകളും തനിക്ക് ചെയ്യാനാകുമെന്ന് നടൻ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ പലപ്പോഴും തിരിച്ചടികളും ജോണിന് നേരിടേണ്ടി വന്നിട്ടുണ്ട്.
'ദ് ഡിപ്ലോമാറ്റ്' എന്ന ചിത്രമാണ് ജോൺ എബ്രഹാമിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. മാർച്ച് 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഡിപ്ലോമാറ്റിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ ജോൺ. ഇപ്പോഴിതാ തന്റെ കരിയർ വിമർശനങ്ങൾ കൊണ്ട് നിർമിച്ച ഒന്നാണെന്ന് പറയുകയാണ് നടൻ. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജോൺ ഇക്കാര്യം പറഞ്ഞത്.
"നാല് വർഷങ്ങൾക്ക് ശേഷം പരമാണു എന്ന എന്റെ സിനിമ റിലീസ് ചെയ്തപ്പോൾ അതെന്റെ 1.0 പതിപ്പ് ആണെന്ന് ആളുകൾ പറയുമായിരുന്നു. ഇതൊക്കെ എന്നെക്കുറിച്ച് എല്ലാ ദിവസവും വരുന്ന ചരമ വാർത്തകളാണ്, കുഴപ്പമില്ല, എനിക്കതിൽ ഒരു പ്രശ്നവുമില്ല. ഇതിൽ എന്നെ മുന്നോട്ട് നയിച്ച ഒരേയൊരു കാര്യം എന്റെ പ്രേക്ഷകർ മാത്രമാണ്.
ഇൻഡസ്ട്രിയിലുള്ള ആളുകൾ, നിർമാതാക്കൾ, വിമർശകർ തുടങ്ങിയവരെല്ലാം നമ്മളെ വിലയിരുത്തുന്നത് സംഖ്യകളുടെ അടിസ്ഥാനത്തിലാണ്. എനിക്ക് അതെല്ലാം മനസിലാകും, ഞാൻ അതിനെ ബഹുമാനിക്കുന്നു, അത് ബിസിനസ് ആണ്. പക്ഷേ എന്നെ മുന്നോട്ട് നയിച്ചതും എന്നെ അതിജീവിക്കാൻ പ്രേരിപ്പിച്ചതും എന്റെ പ്രേക്ഷകർ മാത്രമാണ്. ആ പ്രേക്ഷകർക്കു വേണ്ടിയാണ് ഞാൻ 'ദ് ഡിപ്ലോമാറ്റ്' നിർമിച്ചത്.
ഒരു നിർമാതാവ് എന്ന നിലയിലും നടൻ എന്ന നിലയിലും നല്ല കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം. 100 കോടി, 200, 300, 400 കോടി, നമുക്കെല്ലാവർക്കും ഇത് വേണം, പക്ഷേ അത് നല്ല കഥകളിലൂടെ ആയിരിക്കണം, അതാണ് വ്യത്യാസം. നമ്മൾ ശരിക്കും എഴുത്തിലേക്ക് മടങ്ങണം, നമ്മൾ എവിടെ നിന്നാണ് തുടങ്ങിയതെന്നും എന്തിനാണ് സിനിമകൾ നിർമിക്കാൻ ആഗ്രഹിക്കുന്നതെന്നുമൊക്കെ മനസിലാക്കണം".- ജോൺ എബ്രഹാം പറഞ്ഞു.
ദ് ഡിപ്ലോമാറ്റിന്റെ തിരക്കഥ ആദ്യം വായിച്ചപ്പോൾ തന്നെ തനിക്ക് ഇഷ്ടമായെന്നും നടൻ പറഞ്ഞു. "ജിയോ പൊളിറ്റിക്സ് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് എനിക്കിത് വളരെ രസകരമായി തോന്നി. റിതേഷ് ഷായോട് എനിക്കതിൽ നന്ദിയുണ്ട്. കഥയെക്കുറിച്ച് പറയുകയാണെങ്കിൽ മുൻപിൽ ഒരു സ്ത്രീയെയോ പുരുഷനെയോ കാണുന്നുണ്ടോ എന്നതല്ല, പെയിന്റിങ് മനോഹരമാണെങ്കിൽ, എല്ലാ കഥാപാത്രങ്ങളും മനോഹരമായി കാണപ്പെടും. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ പ്രധാന പ്രമേയങ്ങളിലൊന്ന്.
ഒരു മാറ്റം കൊണ്ടുവരാൻ കൂടുതൽ അവബോധം ആവശ്യമാണ്. ഇന്ത്യയിൽ സ്ത്രീകളും കുട്ടികളും മൃഗങ്ങളും സുരക്ഷിതരല്ല. ഇതിന് മുൻപും ഞാനിത് പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ഇത് കേൾക്കുന്നതുവരെ ഞാൻ ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കും. മതിയായ നിയമങ്ങൾ ഇല്ലാത്തതിനാൽ കുട്ടികളും മൃഗങ്ങളും സുരക്ഷിതരല്ല ഇവിടെ.
നിങ്ങൾ മിഡിൽ ഈസ്റ്റിലേക്കും ദുബായിലേക്കും പോകൂ, സ്ത്രീകൾ അവിടെ സുരക്ഷിതരാണ്. അവർ അവിടെ സുരക്ഷിതരായിരിക്കുന്നതിനും ഇവിടെ അങ്ങനെ അല്ലാത്തതിനും പിന്നിൽ എന്തെങ്കിലും കാരണമുണ്ടാകും. നമ്മൾ ഒരു വികസ്വര സമൂഹമാണ്, നമ്മൾ അവിടെ എത്തും, പക്ഷേ അതിന് കുറച്ച് സമയമെടുക്കും". - ജോൺ എബ്രഹാം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക