
സമൂഹത്തിലെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ലഹരി ഉപയോഗങ്ങൾക്കും കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധമാണെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക ഇന്നലെ പ്രസ്താവന പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഫെഫ്കയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നിറയുകയാണ്. സമൂഹത്തിന്റെ പരിഛേദമാണ് സിനിമയെന്ന് പറഞ്ഞ് മാറി നിൽക്കാൻ പറ്റില്ലെന്ന് പറയുകയാണ് സംവിധായകൻ കമൽ. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽ നിലപാട് വ്യക്തമാക്കിയത്. ഫെഫ്ക പറഞ്ഞ പകുതി കാര്യങ്ങളോടും താൻ യോജിക്കുന്നുണ്ടെന്നും എന്നാൽ സിനിമ ആരെയും വഴി തെറ്റിച്ചിട്ടില്ല എന്ന് ഒറ്റ വാക്കിൽ പറഞ്ഞ് മാറി നിൽക്കാനാകില്ലെന്നും കമൽ പറഞ്ഞു.
"സംഘടനയുടെ അഭിപ്രായം സംഘടന പറഞ്ഞു. അത് സംഘടനയുടെ അഭിപ്രായമാണ്, ഞാൻ അതിനെ നിഷേധിക്കുന്നില്ല. ഞാനിപ്പോൾ സംഘടനയുടെ ഭാരവാഹിയൊന്നുമല്ല. അതുകൊണ്ട് തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാൻ പറയുന്നത്. ഫെഫ്ക പറഞ്ഞ പകുതി കാര്യങ്ങളോടും ഞാൻ യോജിക്കുന്നുണ്ട്. സിനിമ മാത്രമാണ് എല്ലാത്തിനും കാരണം എന്ന് പൊതുസമൂഹം പറയുന്നത് ശരിയല്ല.
സിനിമ മാത്രമാണ് എല്ലാത്തിനും കാരണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ സിനിമയും കാരണമാണ്. എനിക്ക് അത്രയേ പറയാനുള്ളൂ. നമ്മളും ഈ സമൂഹത്തിൽ തന്നെയാണല്ലോ ജീവിക്കുന്നത്. സമൂഹത്തിൽ ഇതൊക്കെ നടക്കുന്നുണ്ട്, അതാണ് ഞങ്ങൾ സിനിമയിൽ കാണിക്കുന്നത് എന്ന് പറഞ്ഞ് മാറി നിൽക്കാൻ പറ്റില്ല, ഈ സാമൂഹിക വിപത്തിനെതിരെ കൈയൊഴിഞ്ഞ് നിൽക്കാനും പറ്റില്ല.
കലാകാരൻമാർ എന്ന നിലയിൽ സമൂഹത്തോട് നമുക്കൊരു പ്രതിബദ്ധതയുണ്ട്. അതിപ്പോൾ എഴുത്തുകാരായാലും ചലച്ചിത്ര പ്രവർത്തകരായാലും സമൂഹത്തിന്റെ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും ശരി, ഒരു പ്രതിബദ്ധതയുണ്ട്. കലാകാരൻമാരെ സംബന്ധിച്ച് അവർക്ക് ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഒരു പൊതുവിപത്തിനെ ഒറ്റക്കെട്ടായി നേരിടുക എന്ന് മാത്രമാണ് ഈ അവസരത്തിൽ ചെയ്യാൻ കഴിയുക".- കമൽ പറഞ്ഞു.
മലയാള സിനിമയെ മൊത്തം അടച്ചാക്ഷേപിക്കുന്നതിനോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്നും കമൽ കൂട്ടിച്ചേർത്തു. "ഞങ്ങളൊന്നും ചെയ്തിട്ടില്ല, ഞങ്ങൾ ആരെയും വഴി തെറ്റിച്ചിട്ടില്ല എന്ന് ഒറ്റവാക്കിൽ പറഞ്ഞ് മാറി നിൽക്കാൻ പറ്റില്ല. മലയാള സിനിമയെ മൊത്തം അടച്ചാക്ഷേപിക്കുന്നതിനോട് എനിക്കും യോജിക്കാൻ കഴിയില്ല. അതിൽ ഞാൻ സംഘടനയുടെ ഭാഗത്തു തന്നെയാണ്. നല്ല സിനിമ ചെയ്യണം, ജനങ്ങളെ ദോഷമായി ബാധിക്കരുത് എന്ന് വിചാരിച്ച് സിനിമ ചെയ്യുന്ന ഒരുപാട് കലാകാരൻമാരുണ്ട്. ഭൂരിപക്ഷം പേരും അങ്ങനെത്തന്നെയാണ്, അതിൽ യാതൊരു സംശയവുമില്ല.
വാണിജ്യ വിജയത്തിന് വേണ്ടിയുണ്ടാക്കുന്ന സിനിമകൾ യുവതലമുറയെ വഴി തെറ്റിക്കുന്നുണ്ടെങ്കിൽ, നമുക്ക് അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല. 'വയലൻസ്' മാത്രമാണ് സിനിമ എന്ന് വിശ്വസിക്കുന്നതിൽ കാര്യമില്ല. അങ്ങനെയാണെങ്കിൽ പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് പോലെയുള്ള ചിത്രങ്ങൾ തിയറ്ററുകളിൽ ഓടില്ലല്ലോ. ഈ അടുത്ത കാലത്ത് മികച്ച വിജയം നേടിയ ചിത്രങ്ങളാണ് ഇത് രണ്ടും. 'വയലൻസ്' ഉണ്ടെങ്കിലേ സിനിമ ഓടൂ എന്ന് തെറ്റിദ്ധരിക്കുന്നത് ആരാണ് എന്നതാണ് ചോദ്യം. അത് സിനിമയിൽ ഉള്ളവർ തന്നെയല്ലേ.
'എ സർട്ടിഫിക്കറ്റ്' കിട്ടിയ ഒരു സിനിമ പ്രദർശിപ്പിക്കാൻ അനുമതി കൊടുക്കുമ്പോൾ, അതിൽ നിന്ന് സെൻസർ ബോർഡിന് ഒഴിഞ്ഞു മാറാൻ കഴിയില്ല. കാരണം ഈ സിനിമ ഒടിടിയിൽ വരും അല്ലെങ്കിൽ മറ്റു പ്ലാറ്റ്ഫോമുകളിൽ വരും. തിയറ്ററുകളിൽ നിന്ന് മാത്രമല്ലല്ലോ ജനങ്ങൾ സിനിമ കാണുന്നത് എന്നൊരു ബോധം സെൻസർ ബോർഡിന് വേണം. ഇനിയിപ്പോൾ സിനിമയ്ക്ക് ആരും പ്രദർശനാനുമതി നിഷേധിച്ചിട്ട് കാര്യമൊന്നുമില്ല. ഒടിടിയിലൂടെ ആളുകൾ സിനിമ കണ്ടു കഴിഞ്ഞു. അത് നേരത്തെ ചെയ്യേണ്ട കാര്യമായിരുന്നു. സിനിമ ഒടിടിയിൽ വരുമെന്ന കാര്യം അവർക്കറിയാമല്ലോ. ഒടിടിയിൽ ഈ സിനിമ പ്രദർശിപ്പിക്കാൻ പാടില്ല എന്ന് അവർ സർട്ടിഫിക്കറ്റിൽ എഴുതിയിട്ടുണ്ടോ? ഇല്ലല്ലോ".- കമൽ ചോദിച്ചു.
മുൻകാലങ്ങളിൽ സെൻസർ ബോർഡ് രക്തം കൂടുതലുള്ള സീനൊക്കെ ബ്ലർ ചെയ്യാൻ പറയും, അല്ലെങ്കിൽ കട്ട് ചെയ്യാൻ പറയും. എത്രയോ സിനിമകളിൽ സെൻസർ ബോർഡ് തന്നെ കട്ട് ചെയ്തിട്ടുണ്ട്. 'എ സർട്ടിഫിക്കറ്റ്' തരാം നിങ്ങൾ ഒന്നും കട്ട് ചെയ്യേണ്ടതില്ല എന്ന് പറയുന്ന സെൻസർ ബോർഡിന്റെ നയത്തോട് നമുക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല. പ്രത്യേകിച്ച് പുതിയ കാലത്ത്, കാരണം തിയറ്ററുകളിൽ മാത്രം സിനിമ പ്രദർശിപ്പിക്കുന്ന കാലമല്ലല്ലോ ഇത്. തിയറ്ററുകൾ ഇത്തരം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഇവർ നോക്കുന്നുണ്ടോ?. 18 വയസിന് മുകളിലുള്ള ആളുകൾ മാത്രമാണ് സിനിമ കാണുന്നതെന്ന് തിയറ്ററുകാർ നോക്കാറുണ്ടോ?. അതിനുള്ള സംവിധാനം ഇവിടെയുണ്ടോ?. ഐഡി പ്രൂഫ് പോലെ എന്തെങ്കിലും വാങ്ങിച്ചിട്ടാണോ അവർ തിയറ്ററുകളിൽ ആളെ കയറ്റുന്നത്?. കുട്ടികളടക്കം മാതാപിതാക്കൾക്കൊപ്പം തിയറ്ററുകളിൽ വന്ന് സിനിമ കാണുന്നുണ്ട് ഇപ്പോൾ.
'യുഎ സർട്ടിഫിക്കറ്റ്' കൊടുക്കുന്നത് എങ്ങനെയാണ്? വിത്ത് ദ് ഗെയ്ഡൻസ് ഓഫ് പേരന്റസ് എന്നാണ് അതിൽ പറയുന്നത്. 'എ സർട്ടിഫിക്കറ്റ്' സിനിമകൾ കുട്ടികൾ ഒരിക്കലും കാണാൻ പാടില്ല, അത് നിയമവിരുദ്ധമാണ്. ഏതെങ്കിലും തിയറ്ററിനകത്ത് അതിനുള്ള സംവിധാനമുണ്ടോ?. 18 വയസ് തികഞ്ഞെന്ന് അവർ എങ്ങനെ കണക്ക് കൂട്ടും. ഇത്തരം തകരാറുകൾ എങ്ങനെ ഉണ്ടാകുന്നുവെന്ന് കൂടി ആലോചിക്കണം. അത്തരമൊരു അവസരം ഉണ്ടാക്കാതിരിക്കുക എന്നത് സിനിമക്കാരുടെ അല്ലെങ്കിൽ കലാകാരൻമാരുടെ കൂടി ഉത്തരവാദിത്വമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഒരുപാടുള്ള കാലത്ത് സിനിമ തിയറ്റുകളിൽ മാത്രം ഒതുങ്ങില്ല എന്ന അവബോധം ചലച്ചിത്രകാരൻമാർക്ക് കൂടി ഉണ്ടാകണം.
ഇത്തരം സിനിമകളോട് എനിക്ക് ശത്രുതയൊന്നുമില്ല. സിനിമ കാണാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. വിദേശ സിനിമകളിലെല്ലാം വയലൻസ് ഉണ്ട്. കാണണോ, വേണ്ടയോ എന്നുള്ളത് അവരവർക്ക് തീരുമാനിക്കാവുന്നതാണ്. അത് ഓരോരുത്തരുടെ വിവേചനാധികാരമാണ്. നമുക്കത് കാണാം, കാണാതിരിക്കാം. കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ലഹരി ഉപയോഗം ഇത്രയും പടരുന്ന സമയത്ത്, ചെറിയ കാര്യങ്ങൾ വരെ ട്രിഗർ ചെയ്യും. കുട്ടികളെ ഇത്തരം കാര്യങ്ങളിലേക്ക് നയിക്കാതിരിക്കാൻ നമുക്കും ഉത്തരവാദിത്വമുണ്ട്.
മുൻകാലങ്ങളിൽ നായകൻമാർ സർവഗുണ സമ്പന്നരായിരുന്നു. ഇപ്പോൾ കാലം മാറി. നായകൻമാരിപ്പോൾ നന്മയുള്ളവരാകണമെന്നൊന്നും നമുക്ക് പറയാൻ പറ്റില്ല. എന്നെ ആരാധിക്കുന്നവരാണ് ഇപ്പോഴത്തെ തലമുറയിലുള്ള കുട്ടികൾ എന്ന ബോധം അഭിനയിക്കുന്ന താരങ്ങൾക്കും വേണം. അവർക്കും തീരുമാനിക്കാലോ, ഇത്തരം കഥാപാത്രങ്ങൾ ചെയ്യണോ, വേണ്ടയോ എന്ന്. അവർ കുറഞ്ഞ പക്ഷം സിനിമയിൽ തോൽക്കുകയെങ്കിലും വേണം, ജയിക്കാൻ പാടില്ല. വയലൻസ് സ്ക്രീനിൽ കാണിച്ചിട്ട് വീരപരിവേഷത്തോട് കൂടിയാണ് നായകൻമാർ വരുന്നത്. ഈ വീരപരിവേഷത്തിൽ അവസാനിക്കുമ്പോഴാണ് കുഴപ്പം.
മുൻകാലങ്ങളിൽ വില്ലൻമാർ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അവർ നിയമത്തിന് കീഴടങ്ങുകയോ കൊല്ലപ്പെടുകയോ ഒക്കെയാണ് ചെയ്യുന്നത്. ഇന്നിപ്പോൾ അതല്ല. എല്ലാവരെയും കൊല്ലുക, ഒരാൾ മാത്രം നിലനിൽക്കുക എന്ന തരത്തിലേക്കാണ് നായകൻമാർ വരുന്നത്. അതിൽ എന്തെങ്കിലും ലോജിക്കുണ്ടോ?. നായകൻമാർ അജയ്യനായി നിൽക്കുന്നിടത്ത് സിനിമകൾ അവസാനിക്കുമ്പോഴാണ് കുഴപ്പങ്ങളുണ്ടാകുന്നത്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം കഴിഞ്ഞ ദിവസം സിനിമയുടെ പേരെടുത്ത് നിയമസഭയിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇത് ഇപ്പോൾ ഒന്നു രണ്ട് സിനിമയിൽ ഉണ്ടായി വന്നതൊന്നുമല്ല. ക്രമേണ വളർന്നു വന്നതാണ്.
ഇത്തരം സിനിമകളുടെയൊക്കെ ബെഞ്ച് മാർക്ക് എന്ന് പറയുന്നത് രജനികാന്തിന്റെ 'ജയിലർ' ആണെന്നാണ് എനിക്ക് തോന്നുന്നത്. 'ജയിലറി'ന് ശേഷമാണ് ഇത്തരം വയലൻസുള്ള സിനിമകളുടെ നിർമാണം മലയാളത്തിലും കൂടിയത്. രജനികാന്തിനെപ്പോലെ ഒരു ഹീറോയ്ക്ക് ചെയ്യാമെങ്കിൽ ഇവിടെയുള്ള എല്ലാ ഹീറോയ്ക്കും ചെയ്യാമല്ലോ എന്നൊരു ചിന്ത ഇവിടുത്തെ അഭിനേതാക്കൾക്കും ഉണ്ടാകാമല്ലോ. പക്ഷേ അത് ശരിയല്ല.
ഞാനൊരിക്കലും സംഘടനയുടെ തീരുമാനത്തിന് എതിരല്ല. സംഘടനയ്ക്ക് അങ്ങനെ തീരുമാനിക്കാനുള്ള എല്ലാ അധികാരവുമുണ്ട്. ഇത്തരം സിനിമകൾ നിർമിക്കുന്ന ചലച്ചിത്രകാരൻമാരും കൂടി ചേർന്നതാണ് ഈ സംഘടന. പക്ഷേ ഈ സമൂഹത്തിൽ നിൽക്കുമ്പോൾ സമൂഹത്തോട് നമുക്കൊരു പ്രതിബദ്ധതയുണ്ടാകണം. സംഘടന ഇങ്ങനെയൊരു തീരുമാനമെടുക്കുമ്പോൾ ഒന്നു കൂടി ചിന്തിക്കണമായിരുന്നു. സമൂഹത്തിനോടുള്ള പ്രതിബദ്ധത മറന്ന് വെള്ളപൂശിയിട്ട് കാര്യമില്ല. വളരെ ദുർബലമായ സമയത്ത് ഇത്തരം പ്രസ്താവനകളൊക്കെ ആളുകളെ വല്ലാതെ തെറ്റിദ്ധരിപ്പിക്കും. അങ്ങനെയുള്ളപ്പോൾ സംയമനം പാലിക്കാനെങ്കിലും പറ്റണം". - കമൽ പറഞ്ഞു.
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ പരാമർശത്തോടും കമൽ പ്രതികരിച്ചു. "താരങ്ങളുടെ പ്രതിഫലത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ വർഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ്. പ്രതിഫലം തീരുമാനിക്കാനുള്ള അവകാശം താരങ്ങൾക്കുണ്ട്. അതിപ്പോൾ നടനാണെങ്കിലും നടിക്കാണെങ്കിലും സാങ്കേതിക പ്രവർത്തകർക്കാണെങ്കിലും അങ്ങനെ തന്നെ. അത് തൊഴിൽ ചെയ്യുന്നവരുടെ അവകാശമാണ്.
ഇത് സാധാരണ ജോലി ചെയ്യുന്നതുപോലെയല്ലല്ലോ, ക്രിയേറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ കൂടിയുണ്ടല്ലോ. കലയ്ക്ക് വിലയിടാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ ഒരു ലൊക്കേഷനിൽ അനാവശ്യമായി ഒരുപാട് ചെലവുകൾ വരുന്നുണ്ട്. അത് താരങ്ങൾ കാരണമാണ് ഉണ്ടാകുന്നത്. പണ്ട് എല്ലാവരും കാരവനെയാണ് കുറ്റപ്പെടുത്തിയിരുന്നത്. കാരവൻ ഇന്നിപ്പോൾ നിർബന്ധമായ ഒന്നാണെന്ന് എല്ലാവർക്കുമറിയാം. അത് നിഷേധിക്കേണ്ട കാര്യമില്ല. പക്ഷേ ഓരോ നടൻമാരുടെയും നടിമാരുടെയും കൂടെ കുറേ സഹായികളുണ്ടാകും. അവർക്കൊക്കെ നിർമാതാക്കൾ പണം കൊടുക്കേണ്ടി വരുന്നു. ഷൂട്ടിങ് സമയം നീട്ടിക്കൊണ്ടു പോകുന്ന പ്രശ്നങ്ങളുണ്ടാകുന്നു.
അങ്ങനെ പ്രൊഡക്ഷൻ കോസ്റ്റ് ഇന്ന് വളരെയധികം കൂടുതലാണ്. അതല്ലാതെ താരങ്ങളുടെ പ്രതിഫലം മാത്രമാണ് പ്രൊഡക്ഷൻ കോസ്റ്റ് കൂടുന്നതിന് കാരണമെന്ന് പറയരുത്. താരങ്ങൾ സിനിമ എടുക്കാൻ പാടില്ല എന്നൊന്നും പറയുന്നതിന് യാതൊരു അർഥവുമില്ല. എങ്ങനെ പ്രൊഡക്ഷൻ കോസ്റ്റ് കുറയ്ക്കാമെന്ന് എല്ലാവരും കൂടിചേർന്ന് ആലോചിക്കേണ്ടതാണ്. - കമൽ വ്യക്തമാക്കി.
വളരെ പെട്ടെന്ന് ഇൻഡസ്ട്രിയിലേക്ക് കടന്നുവന്ന് സിനിമ ചെയ്ത് പോകുന്നവരുടെ എണ്ണവുമിപ്പോൾ കൂടുതലാണെന്ന് സംവിധായകൻ പറയുന്നു. "യുവസംവിധായകരായാലും നിർമാതാക്കളായാലും ഒരു സിനിമ ചെയ്ത് പോകുന്നവരാണിപ്പോൾ കൂടുതലും. പിന്നെ കുറച്ചുനാൾ കഴിഞ്ഞ് ഇവരെ ഒന്നും കാണുന്നില്ല. ഇപ്പോൾ വരുന്നവർക്ക് പ്രതിബദ്ധത വളരെ കുറവാണ്. ഇൻഡസ്ട്രി നില നിന്നാലേ നമ്മൾ ഉള്ളൂ എന്നൊരു തോന്നൽ ഇപ്പോൾ ആർക്കുമില്ല.
അതും കാലത്തിന്റെ പ്രശ്നമാണ്. എന്റെ ഒരു സിനിമ നന്നാകാൻ കുറച്ച് കൂടുതൽ കാശ് മുടക്കിയാലും കുഴപ്പമില്ല എന്ന് വിചാരിക്കുന്ന നിർമാതാക്കളുമുണ്ട്. ഇതിനെയാണ് നിർമാതാക്കളുടെ സംഘടന എതിർക്കുന്നത്. ഈ ഇൻഡസ്ട്രി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നിർമാതാക്കളുടെ സംഘടനയിലുള്ളത്. അതുകൊണ്ടാണ് അവർ അങ്ങനെ സംസാരിക്കുന്നത്. എല്ലാത്തിനും രണ്ട് വശമുണ്ട്. അത് പരസ്പരം തിരിച്ചറിയുക എന്നതാണ്.
അല്ലാതെ അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് സിനിമാ മേഖലയ്ക്ക് ഗുണമൊന്നുമുണ്ടാകില്ല. പഴയ ജനറേഷൻ പറയുന്നത് 'തന്ത വൈബ്' ആണെന്ന് പുതിയ ജനറേഷൻ പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരും ഇൻഡസ്ട്രിയുടെ ഭാഗമാണെന്ന് മനസിലാക്കുക അത്രയേ ഉള്ളൂ. - കമൽ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക