
മുംബൈ: ബിഗ് ഡോഗ്സിന് ശേഷം സംഗീതപ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ച് ഹനുമാൻ കൈൻഡിന്റെ പുത്തൻ സംഗീത വിഡിയോ. ഇന്ത്യൻ പാരമ്പര്യം സംസ്കാരം കലാവൈവിധ്യങ്ങൾ എന്നിവയൊക്കെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് ഹനുമാൻകൈൻഡ് ഗാനത്തിലൂടെ. ‘റൺ ഇറ്റ് അപ്പ്’ എന്ന പേരിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോർത്തിണക്കിയൊരുക്കിയ ഗാനം ചുരുങ്ങിയ സമയത്തിനകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു.
ആധുനിക ഹിപ്ഹോപ് ബീറ്റുകളുടെയും പരമ്പരാഗത സംഗീതത്തിന്റെയും അതുല്യമായ ഒരു മിശ്രിതമാണ് ഈ പാട്ട്. പാരമ്പര്യം, പ്രതികൂല സാഹചര്യങ്ങൾ, പ്രചോദനം എന്നീ വിഷയങ്ങളെ സ്പർശിച്ചുകൊണ്ടാണ് "റൺ ഇറ്റ് അപ്പ്" പോവുന്നത്. അതിനായി വളരെ ശക്തമായ വരികളാണ് ഹനുമാൻകൈൻഡ് ഉപയോഗിച്ചിരിക്കുന്നത്. ദാരിദ്ര്യം നിറഞ്ഞ കാലത്ത് ഒരു നാട് അതിനെ തരണം ചെയ്യുന്നതും, സ്വന്തം വളർച്ചയിലൂടെ മറ്റു നാടുകളെയും പോറ്റുന്ന തരത്തിലേക്ക് ഉയരുമ്പോൾ ആ നാടും നാട്ടുകാരും നേരിട്ട പ്രശ്നങ്ങളും അവരുടെ പോരാട്ടങ്ങളും എല്ലാം ഗാനത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുന്നേ പോയവർ തെളിച്ച മാർഗങ്ങളിൽ നിന്നും വഴിവെട്ടി മുന്നോട്ടുപോകുന്ന ഒരു തലമുറയുടെ സ്വപ്നങ്ങളും ഇനി വരാൻ പോകുന്നവർക്കുള്ള ഊർജവും പാട്ടിൽ നിറയുന്നു.
ബിജോയ് ഷെട്ടി സംവിധാനം ചെയ്ത മ്യൂസിക് വീഡിയോയിൽ കളരിപ്പയറ്റ്, ഗട്ക, താങ് ടാ എന്നിവയുൾപ്പെടെ നിരവധി പരമ്പരാഗത ഇന്ത്യൻ ആയോധനകലകൾ പ്രദർശിപ്പിക്കുന്നു. ജന്മജ്‌ലിയ ഡറോസ് ആണ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബ്രൗൺ ക്രൂ പ്രൊഡക്‌ഷൻ ഹൗസിന്റെ ബാനറിൽ വാസിം ഹൈദറും അനമയ് പ്രകാശും ചേർന്ന് മ്യൂസിക് വിഡിയോ നിർമിച്ചിരിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക