

തിരുവനന്തപുരം: മലയാള സിനിമ മേഖലയെ പിടിച്ചുലച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ അവസാനിക്കാന്‍ നീക്കം. കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ പൊലീസിന് മൊഴി നല്‍കാനോ സഹകരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എഴുതി തള്ളിയേക്കും. ഇതിനായി ഈ മാസം അവസാനത്തോടെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ചലച്ചിത്രമേഖലയിലെ ലൈംഗികചൂഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘം കേസുകള്‍ രജിസ്റ്റര്‍ചെയ്തത്. പരാതിപ്രകാരമുള്ള ഒന്‍പത് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ നാല്‍പതോളം കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളുമായി സഹകരിക്കാന്‍ ഇരകള്‍ ആരും തയ്യാറായില്ല. ഈ കേസുകളില്‍ ഭൂരിഭാഗത്തിലും നടപടികള്‍ അവസാനിപ്പിക്കേണ്ട സാഹചര്യമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പന്ത്രണ്ടോളം കേസുകളില്‍ ഇരകള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കേണ്ട രഹസ്യമൊഴി പോലും നല്‍കാന്‍ തയ്യാറായില്ല. ഇക്കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കും. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഈ ആഴ്ച യോഗം ചേരുമെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എന്നാല്‍, പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ലഭിച്ച പരാതികളില്‍ നടപടി തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉയര്‍ന്ന പരാതികളില്‍ മുകേഷ്, സിദ്ദീഖ്, ജയസൂര്യ തുടങ്ങിയ നടന്മാരെ പ്രതികളാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിപ്രകാരം കേസുകളെടുക്കുകയുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
