ബാലതാരമായി സിനിമയിലെത്തി ഇപ്പോൾ തെന്നിന്ത്യയും കടന്ന് ബോളിവുഡിലേക്കും കടന്നിരിക്കുകയാണ് നടി കീർത്തി സുരേഷ്. വരുൺ ധവാനൊപ്പമെത്തിയ ബേബി ജോൺ ആണ് കീർത്തിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിനായില്ല. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ ബേബി ജോണിന്റെ പ്രൊമോഷനെത്തിയ കീർത്തിയുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു.
രേവതി എന്നാണ് കീർത്തിയുടെ ചേച്ചിയുടെ പേര്. അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്ത രംഗത്താണ് രേവതി തിളങ്ങി നിൽക്കുന്നത്. സിനിമയിൽ സഹസംവിധായികയായും രേവതി പ്രവർത്തിക്കുന്നുണ്ട്. ഭരതനാട്യത്തിലാണ് രേവതി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. കീർത്തിയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ രേവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
രേവതിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് കീർത്തി പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. കീർത്തിയുടെ വിവാഹ ദിനത്തിൽ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. "പിറന്നാൾ ആശംസകൾ എൻ അക്കാവേ... എന്റെ ഉയർച്ച താഴ്ചകളിലൂടെ ഞാൻ കടന്നു പോകുമ്പോൾ ഒരു മതിലായി നിന്നതിന് വളരെ നന്ദി. നീ എന്റെ കൂടെയുണ്ടെങ്കിൽ ജീവിതം അത്രയും മനോഹരമാണ്. ഒരായിരം വട്ടം ഞാൻ നിന്നെ സ്നേഹിക്കുന്നു".- എന്നാണ് കീർത്തി ചേച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
ചേച്ചിയെക്കുറിച്ച് അഭിമുഖങ്ങളിലടക്കം പലപ്പോഴും കീർത്തി വാചാലയാകാറുണ്ട്. ആന്റണിയുടെ കാര്യം വീട്ടിൽ കീർത്തി അവതരിപ്പിക്കുന്നതും രേവതിയുടെ സഹായത്തോടു കൂടിയാണ്. സിനിമയിൽ അഭിനയിക്കുന്നതിന് ചേച്ചി രേവതി വഹിച്ച പങ്കും ചെറുതൊന്നുമല്ലെന്ന് കീർത്തി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
താൻ സിനിമയിൽ അഭിനയിക്കാൻ പോയാൽ എന്താകുമെന്നോർത്ത് അച്ഛന് ടെൻഷനുണ്ടായിരുന്നുവെന്നും കീർത്തി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ അച്ഛന്റെ ആകുലതകൾ എല്ലാം മാറ്റി എന്റെ ആഗ്രഹത്തിലേക്ക് അച്ഛനെ എത്തിച്ചത് ചേച്ചി ആണ്. ഞാനും ചേച്ചിയും തമ്മിൽ മൂന്നു വയസ് വ്യത്യാസമേ ഉള്ളൂ. ചേച്ചി എനിക്ക് ഒരുപാട് പിന്തുണ തന്നു. ഇപ്പോഴും ചേച്ചി ആണ് എനിക്ക് എന്തിനും സപ്പോർട്ട് തരുന്നത്- എന്നും കീർത്തി മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
15 വർഷത്തെ സൗഹൃദമാണ് കീർത്തിയുടേയും ഭർത്താവ് ആന്റണി തട്ടിലിന്റെയും. ഇരുവരും തമ്മിൽ ഏഴ് വയസോളം പ്രായ വ്യത്യാസമുണ്ട്. ഗോവയിൽ വച്ച് കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടേയും വിവാഹം. ബിസിനസുകാരനാണ് ആന്റണി. റിവോൾവർ റീത്ത, അക്ക എന്നീ ചിത്രങ്ങളാണ് കീർത്തിയുടേതായി ഇനി വരാനുള്ള ചിത്രങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക