മഞ്ജു വാര്യർ വീണ്ടും നിർമാണത്തിലേക്ക്, സംവിധാനം ഡോ ബിജു; 'ബിയോണ്ട് ദ് ബോർഡർ ലൈൻസ്' വരുന്നു

മഞ്ജു തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നതും.
Beyond The Border Lines
ഡോ ബിജു, മഞ്ജു വാര്യർഫെയ്സ്ബുക്ക്
Updated on

മലയാളത്തിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങളാണിപ്പോൾ നടി മഞ്ജു വാര്യർക്ക്. ഇപ്പോഴിതാ ഡോ. ബിജുവിനൊപ്പമുള്ള മഞ്ജുവിന്റെ പുതിയ ചിത്രമാണ് വാർത്തകളിലിടം നേടുന്നത്. ഡോ. ബിജു സംവിധാനം ചെയ്യുന്ന ബിയോണ്ട് ദ് ബോർഡർ ലൈൻസ് എന്ന ചിത്രം നിർമിച്ചിരിക്കുന്നത് മഞ്ജു വാര്യരാണ്. മഞ്ജു തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നതും.

ഇന്ത്യ-ചൈന അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ഒരു പുരാവസ്തു ഗവേഷക സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. ത്രില്ലർ ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇന്ത്യാസ് സിനിവെസ്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിലാണ് ചിത്രം പ്രദർശിപ്പിക്കുക. മാർച്ച് 20 മുതൽ 23 വരെയാണ് ചലച്ചിത്രമേള നടക്കുക. 22 ഓളം സംവിധായകരുടെ ചിത്രങ്ങളാണ് മേളയിൽ തിരഞ്ഞെടുക്കപ്പെട്ടത്.

മലയാളത്തിൽ നിന്ന് ബിയോണ്ട് ദ് ബോർഡർ ലൈൻസിന് പുറമേ മൂന്ന് ചിത്രങ്ങൾ കൂടി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞില മസിലമണിയുടെ ഗുപ്തം, കൃഷാന്ദിൻ്റെ മസ്തിഷ്ക മരണം, ജിയോ ബേബിയുടെ ശിക്ഷ എന്നിവയാണ് മറ്റു മലയാള ചിത്രങ്ങൾ. മുൻപ് ചതുർമുഖം, അഹർ, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളുടെ സഹ നിർമാതാവായി മഞ്ജു വാര്യർ പ്രവർത്തിച്ചിരുന്നു.

ഈ ചിത്രങ്ങളിലെല്ലാം മഞ്ജു തന്നെയാണ് പ്രധാന വേഷത്തിലെത്തിയതും. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എംപുരാനാണ് മഞ്ജുവിന്റേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. മാർച്ച് 27 ന് എംപുരാൻ തിയറ്ററുകളിലെത്തും. ടൊവിനോ തോമസ് നായകനായെത്തിയ അദൃശ്യ ജാലകങ്ങൾ ആണ് ഡോ ബിജുവിന്റേതായി ഒടുവിലെത്തിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com