ഓരോ ആഴ്ചയും നിരവധി സിനിമകളും സീരിസുകളുമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഈ വാരാന്ത്യത്തിൽ അടിച്ചുപൊളിക്കാൻ നിരവധി സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി നിങ്ങളെ കാത്തിരിക്കുന്നത്. ആ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
അഭിഷേക് ബച്ചൻ, ഇനായത് വർമ, നോറ ഫത്തേഹി, നാസർ, ജോണി ലിവർ, ഹർലീൻ സേത്തി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ബി ഹാപ്പി. റെമോ ഡിസൂസ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആമസോൺ പ്രൈമിലൂടെ കാണാൻ കഴിയും. സിംഗിൾ ഫാദറായ ശിവന്റെയും മകൾ ധരയുടെയും കഥയാണ് ചിത്രം പറയുന്നത്. മനോഹരമായ നൃത്ത രംഗങ്ങളും ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ബേസിൽ ജോസഫ്, സജിൻ ഗോപു, ലിജിമോൾ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊൻമാൻ. മികച്ച പ്രേക്ഷക- നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാം.
അഖിൽ അക്കിനേനി, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത് തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങിയ 'ഏജന്റ്' ഒടിടിയിലെത്തി. സോണി ലിവിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
അജയ് ദേവ്ഗൺ, ആമൻ ദേവ്ഗൺ, റാഷ തഡാനി എന്നിവർ പ്രധാന വേഷത്തിലെത്തിയ ആസാദ് ഒടിടിയിലെത്തി. അജയ് ദേവ്ഗണിന്റെ അനന്തരവൻ ആമൻ ദേവ്ഗണിന്റെയും രവീണ ടണ്ടന്റെ മകൾ റാഷ തഡാനിയുടെയും അരങ്ങേറ്റ ചിത്രമാണിത്. ഡയാന പെന്റി, പിയൂഷ് മിശ്ര, മോഹിത് മാലിക്, ജിയ അമിൻ, ഡിലൻ ജോൺസ് എന്നിവരും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാം.
കങ്കണ റണാവത്ത് രചനയും സംവിധാനവും നിർവഹിച്ച എമർജൻസി ഒടിടിയിലെത്തി. ചിത്രത്തിൽ ഇന്ദിര ഗാന്ധിയുടെ വേഷം അവതരിപ്പിച്ചതും കങ്കണ തന്നെയാണ്. അടിയന്തരാവസ്ഥ കാലത്തിന് ശേഷമുള്ള ഇന്ദിര ഗാന്ധിയുടെ ജീവിതവും ഓപറേഷൻ ബ്ലൂസ്റ്റാറും അടക്കമുള്ള വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ സഞ്‍ജയ് ഗാന്ധിയായി എത്തുന്നത് മലയാളി താരം വിശാഖ് നായരാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
ഒരുപാട് ആരാധകരുള്ള അനിമേഷൻ ചിത്രമാണ് മോന 2. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാനാകും. ചിത്രത്തിന്റെ ട്രെയ്‌ലറും വൻ തരംഗമായി മാറിയിരുന്നു.
റൂസോ ബ്രദേഴ്‌സ് സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ അഡ്‌വെഞ്ചർ ചിത്രമാണ് ദ് ഇലക്ട്രിക് സ്റ്റേറ്റ്. സൈമൺ സ്റ്റാലെൻഹാഗിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. അനാഥയായ മിഷേൽ എന്ന പെൺകുട്ടി തന്റെ കാണാതായ സഹോദരനെ കണ്ടെത്താൻ നടത്തുന്ന് റോഡ് യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'നാരായണീന്റെ മൂന്നാണ്മക്കൾ'. ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തിയ നാരായണീന്റെ മൂന്നാണ്മക്കൾ ഇപ്പോൾ ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ നിങ്ങൾക്ക് ചിത്രം കാണാനാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക