'വ്യക്തിഹത്യയും ജെൻഡർ അധിക്ഷേപവും; മാതൃകാ ദമ്പതികളായി ഇനിയും അഭിനയിക്കാനാകില്ല'

ഒരിക്കലും യോജിച്ചു പോകാന്‍ പറ്റാത്തവരാണ് ഞങ്ങള്‍.
Seema Vineeth
സീമ വിനീത്ഫെയ്സ്ബുക്ക്
Updated on
1 min read

വിവാഹമെന്ന തീരുമാനം തെറ്റായിരുന്നുവെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സീമ ഇക്കാര്യം പങ്കുവച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപ് വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിച്ചിരുന്നെങ്കിലും, പിന്നീട് രജിസ്റ്റര്‍ വിവാഹത്തിന്റെ ചിത്രങ്ങളും സീമ പങ്കുവച്ചിരുന്നു. വീണ്ടും ഇങ്ങനെ കുറിക്കാൻ ഇട വരരുതെന്ന് ആഗ്രഹിച്ചിരുന്നു എന്ന മുഖവുരയോടെയാണ് സീമ കുറിപ്പ് പങ്കുവച്ചത്.

സീമ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്

'ഇതുപോലെ വീണ്ടും കുറിക്കാന്‍ ഇട വരരുതെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇത് പൊതുവായി പറയേണ്ടതും മറച്ചു പിടിക്കേണ്ട ആവശ്യമില്ലാത്തതിനാലുമാണ് ഇവിടെ കുറിക്കുന്നത്. സ്വയം ആത്മഹത്യയിലേക്ക് പോകാനോ ഒളിച്ചോടാനോ യാതൊരു താത്പര്യവും ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. ജീവിതത്തില്‍ ചിലപ്പോഴൊക്കെ നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ നമുക്ക് അനുയോജ്യം ആവണമെന്നില്ല.

അങ്ങനെ ഒരു അവസരത്തില്‍ എടുത്ത തീരുമാനം ആയിരുന്നു വിവാഹം. ജീവിതത്തില്‍ ഒരു കൂട്ട് വേണം ആരേലും ഒപ്പം വേണം എന്നും ആലോചിച്ചു. പക്ഷേ അതൊരു തെറ്റായ തീരുമാനം ആണെന്ന് വളരെ നാളുകള്‍ക്കുശേഷമാണ് തിരിച്ചറിയുന്നത്. ഒരിക്കലും യോജിച്ചു പോകാന്‍ പറ്റാത്തവരാണ് ഞങ്ങള്‍. പക്ഷേ ഈ ഒരു യോജിപ്പില്ലായ്മയില്‍നിന്ന് പുറത്തുകടക്കാന്‍ ഭയമായിരുന്നു.

മറ്റുള്ളവര്‍ എന്തു പറയും, എങ്ങനെ ഫേസ് ചെയ്യും. പക്ഷേ അങ്ങനെ ചിന്തിച്ചിരുന്നാല്‍ ഇനിയും കാര്യങ്ങള്‍ കൈവിട്ടുപോകും. ജീവിതത്തില്‍ നേടിയതൊന്നും എളുപ്പമായിരുന്നില്ല. അത്രയേറെ കഷ്ടപ്പെട്ട് സമൂഹത്തില്‍ വളര്‍ന്ന വ്യക്തിയാണ് ഞാന്‍. ഈ കുറഞ്ഞ കാലയളവില്‍ തന്നെ ഒരുപാട് അനുഭവിച്ചു. ഒരാളില്‍ നിന്നും എന്ത് പരിഗണനയും റെസ്‌പെക്ടും ആഗ്രഹിച്ചിരുന്നോ അതൊന്നും ജീവിതത്തിലേക്ക് കടന്നപ്പോള്‍ കിട്ടിയില്ല എന്ന് മാത്രമല്ല, വ്യക്തിഹത്യയും ജെൻഡർ അധിക്ഷേപ വാക്കുകളും, ഞാന്‍ എന്ന വ്യക്തിയെ തന്നെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള അധിക്ഷേപ വാക്കുകളുമാണ് കിട്ടിക്കൊണ്ടിരുന്നത്.

ഒരുപാട് തവണ പറഞ്ഞുകൊടുത്തു. തിരുത്താന്‍ ശ്രമിച്ചു. നടന്നില്ല. ഒരുപാട് തവണ മറ്റുള്ളവര്‍ക്ക് മുമ്പില്‍ അഭിനയിച്ച് മാതൃകാ ദമ്പതികളായി. നമുക്ക് യാതൊരു വിലയും തരാതെ സംസാരിക്കുക, നമ്മളേയും നമ്മുടെ തൊഴിലിനേയും നമ്മുടെ വളര്‍ച്ചയെ പോലും അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുക, ഒരു ദിവസം സന്തോഷത്തോടെ പെരുമാറും, പെട്ടെന്ന് പേടിപ്പെടുത്ത രീതിയിലേക്ക് സ്വഭാവം മാറും. പലപ്പോഴും പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ നിശബ്ദത പാലിച്ചു.

മനസമാധാനത്തോടെ നന്നായി ഉറങ്ങിയിട്ട് മാസങ്ങളായി. എന്റെ ദിനചര്യകളും ജോലിയും ശരീരവും മനസുമെല്ലാം കൈവിട്ട് പോകുന്ന അവസ്ഥയിലേക്കാണ് ജീവിതം പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ ഒന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളു. മനസമാധാനം. ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതത്തില്‍ ഓരോന്നും നേടിയെടുത്തത്.

അന്നൊന്നും ആരും കൂടെ ഉണ്ടായിട്ടുമില്ല. ഇപ്പോഴും എപ്പോഴും ഞാന്‍ ഞാനായി ഇരിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ മനസമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നിനേയും എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. സാഹചര്യവും അവസ്ഥയും മനസിലാക്കുന്ന കുറച്ച് സുഹൃത്തുക്കള്‍ കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.'- സീമ വിനീത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com