സിനിമാ പ്രേക്ഷകർക്കിടയിലിപ്പോൾ എംപുരാന്റെ അലയൊലികളാണ്. ഈ വ്യാഴാഴ്ചയാണ് മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എംപുരാനെത്തുക. എംപുരാൻ ആവേശം നിലനിൽക്കെത്തന്നെ ഈ ആഴ്ച ഒടിടിയിലും വ്യത്യസ്തമാർന്ന കിടിലൻ സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. മുഫാസ ദ് ലയൺ കിങ്, വിടുതലൈ പാർട്ട് 2 തുടങ്ങി നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയിലെത്തുക.
2023 ൽ പുറത്തിറങ്ങിയ വിടുതലൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിയും മഞ്ജു വാര്യരുമാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സീ5 ലൂടെ മാർച്ച് 28 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.
ഈ വർഷം ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തിയ ഹിസ്റ്റോറിക്കൽ ഹൊറർ ചിത്രമാണ് 'അഗത്യ' (തമിഴ്). ജീവ, അർജുൻ സർജ, റാഷി ഖന്ന എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയറ്ററിൽ ലഭിച്ചത്. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി പ്ലാറ്റ്ഫോമും റിലീസ് തീയതിയും പുറത്തുവന്നു. SUN NXT-യിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. മാർച്ച് 28 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
ഡിസ്നി ചിത്രം മുഫാസ: ദ് ലയണ്‍ കിങ് ഡിസംബര്‍ 20ന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിൽ പ്രദർശനത്തിനെത്തി. 1994 ലെ അനിമേഷന്‍ ചിത്രമായ ദ് ലയണ്‍ കിങിന്റെ 2019ലെ റീമേക്കിന്റെ തുടർച്ചയാണ് ഈ ചിത്രം. സിംബയുടെ അച്ഛന്‍ മുഫാസയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ മാർച്ച് 26 മുതൽ ചിത്രം കാണാം.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ദേവയും ഈ ആഴ്ച ഒടിടിയിലെത്തും. ഷാഹിദ് കപൂർ, പൂജ ഹെഗ്‌ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 2013ൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസിൻ്റെ തന്നെ മലയാളം ചിത്രമായ മുംബൈ പൊലീസിൻ്റെ ഹിന്ദി റീമേക്കാണിത്. മാർച്ച് 31 ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും.
സെയ്ഫ് അലി ഖാനും ജയ്ദീപ് അഹ്‌ലാവത്തും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ജുവൽ തീഫ്. ലോകത്തിലെ ഏറ്റവും അപൂർവ വജ്രമായ ആഫ്രിക്കൻ റെഡ് സൺ കവരുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മാർച്ച് 27 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക