Empuraan
എംപുരാൻ ഫെയ്സ്ബുക്ക്

ഹൈപ്പ് മാത്രമേയുള്ളോ? ഇതാണോ പൃഥ്വി പറഞ്ഞ ചെറിയ പടം; 'എംപുരാൻ' റിവ്യു

ഒരു പ്രതികാര കഥ തന്നെയാണ് ഒറ്റവാക്കിൽ പറഞ്ഞാൽ എംപുരാൻ.
Published on
ഹോളിവുഡ് സ്റ്റൈൽ മേക്കിങ്, എംപുരാൻ റിവ്യു(3 / 5)

വൻ ഹൈപ്പുകൾക്കും ഏറെ നാളത്തെ കാത്തിരിപ്പുകൾക്കുമൊടുവിൽ എംപുരാൻ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മുരളി ഗോപി രചിച്ച് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തിയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ രാഷ്ട്രീയവും വർ​ഗീയ മുതലെടുപ്പുമകളുമൊക്കെയാണെങ്കിൽ, ഇന്റർനാഷണൽ ലെവലിലേക്ക് വരുമ്പോൾ മയക്കമരുന്ന് കള്ളക്കടത്തും ചാരപ്പണിയുമൊക്കെ സിനിമയ്ക്ക് വിഷയമാകുന്നു.

ഒരു പ്രതികാര കഥ തന്നെയാണ് ഒറ്റവാക്കിൽ പറഞ്ഞാൽ എംപുരാൻ. മുരളി ​ഗോപിയുടെ തിരക്കഥയ്ക്ക് മുകളിലാണ് പൃഥ്വിരാജിന്റെ മേക്കിങ് എന്ന് കണ്ണും പൂട്ടി പറയാം. തുടക്കം മുതൽ അവസാനം വരെ ഹൈ ക്വാളിറ്റി മേക്കിങിൽ നെ‍ഞ്ചും വിരിച്ചു നിന്ന സംവിധായകൻ പൃഥ്വിരാജിന് തന്നെയാണ് ആദ്യത്തെ കൈയടി. വളരെ സ്ലോ പേസിലാണ് എംപുരാൻ ആദ്യ പകുതി മുന്നേറുന്നത്.

സയ്ദ് മസൂദിന്റെ പശ്ചാത്തലമൊക്കെ വ്യക്തമായി പറഞ്ഞാണ് ചിത്രത്തിന്റെ സഞ്ചാരം. ഇറാഖിലെ രഹസ്യ കേന്ദ്രത്തില്‍ കണ്ടുമുട്ടുന്ന രണ്ട് അധോലോക നായകന്മാരെ വകവരുത്താനെത്തുന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കാഴ്ചയിലൂടെയാണ് സിനിമ തുടങ്ങുന്നത്. പക്കാ ഒരു ഹോളിവുഡ് സിനിമ കാണുന്ന അനുഭവമായിരിക്കും ചിത്രത്തിലെ പല രം​ഗങ്ങളും പ്രേക്ഷകന് സമ്മാനിക്കുക.

ഇറാഖ്, സിറിയ, തുര്‍ക്കി, റഷ്യ, പാകിസ്ഥാൻ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കഥാപരമായി ചിത്രത്തിന് മികവ് പുലർത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഒരു പോരായ്മയായി തോന്നിയത്. അതുകൊണ്ട് തന്നെ ഹൈ മൊമന്റ്സ് പ്രേക്ഷകരിൽ ഉണ്ടാക്കിയെടുക്കാൻ സംവിധായകനും കഴിയാതെ പോയി. പലയിടങ്ങളിലും ലൂസിഫറിന്റെ 'എൽ' തിരുകി ഓവറാക്കിയിട്ടുമുണ്ട്. അതേസമയം ആദ്യ പകുതിയെ കടത്തിവെട്ടുന്നതാണ് ചിത്രത്തിന്റെ രണ്ടാം പകുതി.

സ്റ്റീഫൻ നെടുമ്പള്ളിയെ കാത്തിരിക്കുന്ന പ്രേക്ഷകരുടെ മനം നിറയ്ക്കുന്ന കാഴ്ച തന്നെയാണ് രണ്ടാം പകുതി തുടക്കത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ആക്ഷനും മാസുമൊക്കെയായി കംപ്ലീറ്റ് എൻ​ഗേജിങ് ആണ് ചിത്രത്തിന്റെ രണ്ടാം പകുതി. പെർഫോമൻസിലേക്ക് വന്നാൽ അബ്രാം ഖുറേഷി അബ്രാമായി മോഹൻലാലും സയ്ദ് മസൂദ് ആയി പൃഥ്വിരാജും തകർത്തു എന്ന് തന്നെ പറയാം. ഇരുവരുടെയും കോമ്പോ രം​ഗങ്ങളൊക്കെയും മികവ് പുലർത്തി.

ഒരുപാട് പെർഫോമൻസ് ഓറിയന്റഡ് സീനുകളൊന്നും ചിത്രത്തിൽ ആർക്കും തന്നെയില്ല. മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ, ഇന്ദ്രജിത്ത് തുടങ്ങിയവരും അവരവരുടെ ഭാ​ഗം മികവുറ്റതാക്കി. അബ്രാം ഖുറേഷിയുടെയും സയ്ദ് മസൂദിന്റെയും ഇൻട്രോ സീനുകൾക്ക് നിറഞ്ഞ കൈയടിയായിരുന്നു തിയറ്ററിൽ. അതുപോലെ സംഭവങ്ങൾ വളരെ കൃത്യമായി കൂട്ടിയിണക്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്.

എംപുരാനെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് സുജിത്ത് വാസുദേവിന്റെ കാമറയും അഖിലേഷ് മോഹന്റെ എഡിറ്റിംഗും ദീപക് ദേവിന്റെ സംഗീതവും. കാമറയും എഡിറ്റിങും കറക്ടായി വർക്ക് ചെയ്തിട്ടുണ്ട് സിനിമയിൽ. ഒരിടത്തു പോലും അതിൽ നെ​ഗറ്റീവ് പറയാൻ ഉണ്ടാകില്ല. ദീപക് ദേവിന്റെ സം​ഗീതവും പശ്ചാത്തലം സം​ഗീതവും ചിത്രത്തിനൊത്ത് ഉയർന്നില്ല എന്ന് തോന്നി. ട്രെയ്‌ലറിൽ കണ്ടതിനപ്പുറത്തേക്ക് ഒരു എക്സൈറ്റ്മെന്റ് കൊണ്ടുവരാനോ നിലനിർത്താനോ ദീപക് ദേവിന് സം​ഗീതത്തിൽ കഴിഞ്ഞിട്ടില്ല.

പ്രധാന വില്ലനെ കാണിക്കുമ്പോൾ പോലും പശ്ചാത്തല സം​ഗീതത്തിന്റെയൊക്കെ പോരായ്മ ശരിക്ക് അനുഭവപ്പെടുന്നുണ്ട്. ക്ലൈമാക്സിലെ ഫൈറ്റ് രം​ഗങ്ങൾക്കും വലിയ ഇംപാക്ട് ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. പൃഥ്വിയും ലാലേട്ടനും അഴിഞ്ഞാടുന്നുണ്ടെങ്കിലും ആക്ഷനിൽ പുതുമയൊന്നും കാണാൻ കഴിഞ്ഞില്ല. പോരായ്മകളൊക്കെയുണ്ടെങ്കിലും മൂന്ന് മണിക്കൂർ പ്രേക്ഷകനെ തിയറ്ററിൽ പിടിച്ചിരുത്തുന്നതിൽ സംവിധായകൻ പൃഥ്വിരാജ് വിജയിച്ചിട്ടുണ്ട്.

മൊത്തത്തിൽ നോക്കുകയാണെങ്കിൽ ടെക്നിക്കലി ഹൈ ലെവൽ വിഷ്വൽ ക്വാളിറ്റിയുള്ള ഒരു സിനിമയാണ് എംപുരാൻ. ലൂസിഫർ കണ്ടൾ പ്രേക്ഷകന് കിട്ടിയ സംതൃപ്തി എംപുരാനിൽ കിട്ടിയോ എന്നത് ഒരു ചോദ്യമാണ്. എന്തായാലും ലൂസിഫർ 3 യിലേക്കുള്ള ഒരു പാലമെന്ന നിലയിൽ ഒറ്റത്തവണ തിയറ്ററിൽ തന്നെ കണ്ടിരിക്കാവുന്ന ചിത്രമാണ് എംപുരാൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com