മലയാളികൾക്കും ഏറെയിഷ്ടമുള്ള നടനാണ് ചിയാൻ വിക്രം. കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങളിലൂടെ മലയാളത്തിലും വിക്രം സാന്നിധ്യം അറിയിച്ചിരുന്നു. സേതു എന്ന ചിത്രമാണ് വിക്രമിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത്. അവിടുന്നിങ്ങോട്ട് വേറിട്ട നിരവധി കഥാപാത്രങ്ങൾ വിക്രം ചെയ്തു. വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ ഇന്നും പ്രേക്ഷകനെ വിക്രം അമ്പരപ്പിക്കാറുമുണ്ട്. വീര ധീര സൂരൻ എന്ന ചിത്രമാണ് വിക്രമിന്റേതായി ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്ന ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിയാൻ വിക്രമിന്റെ തിരിച്ചുവരവ് തന്നെയാണ് ചിത്രമെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.
മാർച്ച് 27 നാണ് വീര ധീര സൂരൻ പാർട്ട് 2 പ്രേക്ഷകരിലേക്കെത്തിയത്. ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽക് എന്ന വെബ്‌സൈറ്റ് പ്രകാരം വീര ധീര സൂരന് മികച്ച ഓപ്പണിങ് ആണ് ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ 3.25 കോടി രൂപ ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ. വാരാന്ത്യത്തിൽ കളക്ഷൻ ഉയരുമെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.
എക്സിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'വിന്റേജ് വിക്രം തിരിച്ചെത്തി' എന്നാണ് ഭൂരിഭാഗം പേരും എക്സിൽ കുറിച്ചിരിക്കുന്നത്. 'കാളിയായി ചിയാൻ തകർത്തു', 'ഏറെ നാളുകൾക്ക് ശേഷം വിക്രമിന്റെ മാസ് പ്രകടനം കാണാനായി'- എന്നൊക്കെയാണ് എക്സിൽ നിറയുന്ന കമന്റുകൾ. വിക്രമിന്റെ പ്രകടനത്തെയും പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്. സിനിമയിലെ ആക്ഷൻ സീനുകൾക്കും കൈയടി ലഭിക്കുന്നുണ്ട്.
വീര ധീര സൂരന്റെ ഒടിടി അവകാശങ്ങളെ ചൊല്ലി നിയമപ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഒടിടി റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് സിനിമയുടെ മോണിങ്, നൂൺ ഷോകൾ ക്യാൻസൽ ചെയ്യപ്പെട്ടിരുന്നു. പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട ശേഷം കോടതി സ്റ്റേ മാറ്റിയ ഓർഡർ നിർമാണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന് ലഭിച്ചു. തുടർന്ന് വൈകിട്ട് 6:30 നാണ് ആദ്യ ഷോ തുടങ്ങിയത്.
വീര ധീര സൂരനിലൂടെ നടൻ സുരാജ് വെഞ്ഞാറമൂടും തമിഴിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെയും എസ് ജെ സൂര്യയുടെയും പ്രകടനങ്ങൾക്ക് മികച്ച റെസ്പോൺസ് ആണ് ലഭിക്കുന്നത്. ദുഷാര വിജയനാണ് ചിത്രത്തിൽ നായികയായെത്തിയത്. അതിശയിപ്പിക്കുന്ന പെർഫോമൻസുകളും രോമാഞ്ചം തരുന്ന ഒരുപാട് രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ് കുറിച്ചിരിക്കുന്നത്. ചിത്രമൊരു ബ്ലോക്ബസ്റ്ററായി മാറട്ടെയെന്നും കാർത്തിക് സുബ്ബരാജ് ആശംസിച്ചു.
എസ് യു അരുൺ കുമാറാണ് വീര ധീര സൂരന് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. എച്ച്ആർ പിക്‌ചേഴ്സ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രീക്വൽ ആയി പ്രഖ്യാപിച്ചിരിക്കുന്ന വീര ധീര സൂരൻ പാർട്ട് 1 ഇതുവരെ തുടങ്ങിയിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക