

ഉല്ലു ആപ്പിലൂടെ സ്ട്രീം ചെയ്യുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന റിയാലിറ്റി ഷോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴി തെളിച്ചിരിക്കുകയാണ്. അശ്ലീല ഉള്ളടക്കം കാണിക്കുകയും അശ്ലീലം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഷോയ്ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്ത ഒടിടി ആപ് നിരോധിക്കാത്തതിനെതിരെ ശിവസേന (ഉദ്ധവ്) എംപി പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ളവർ കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തി.
ഇതിന് പിന്നാലെ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. നടൻ അജാസ് ഖാൻ ആണ് ഹൗസ് അറസ്റ്റ് ഷോയുടെ അവതാരകൻ. ഈ ആഴ്ച സംപ്രേഷണം ചെയ്ത ഏറ്റവും പുതിയ എപ്പിസോഡാണ് വിവാദമായി മാറിയിരിക്കുന്നത്. കാമസൂത്രയിലെ വിവിധ സെക്സ് പൊസിഷനുകളെ കുറിച്ച് ഒരു മത്സരാർഥിയോട് അജാസ് ഖാൻ ചോദിക്കുന്നത് വിഡിയോയിൽ കാണാം.
തുടർന്ന് മറ്റു മത്സരാർഥികളോട് ഈ പൊസിഷൻ കാണിക്കാൻ ആവശ്യപ്പെടുന്നുമുണ്ട്. ഇതിനെതിരെയാണ് വ്യാപക വിമർശനമുയരുന്നത്. ‘അശ്ലീലവും അസഭ്യവും നിറഞ്ഞ ഉള്ളടക്കം സ്ട്രീം ചെയ്തതിന് കഴിഞ്ഞ വർഷം മാർച്ച് 14ന് 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാർ വിലക്കിയിരുന്നു.
എന്നാൽ ഇത്തരം ഉള്ളടക്കം വിതരണം ചെയ്യുന്നതിൽ പ്രധാനപ്പെട്ടവയായ ഉല്ലു ആപ്, ആൾട്ട് ബാലാജി എന്നിവ ഈ വിലക്കിൽ നിന്ന് രക്ഷപ്പെട്ടെന്ന് സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഞാൻ ഉന്നയിച്ചിട്ടുണ്ട്. അവരുടെ മറുപടിക്കായി ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ്.’’– പ്രിയങ്ക ചതുർവേദി പറഞ്ഞു. ഷോ നിരോധിക്കണമെന്ന് നിരവധി പേരാണ് എക്സിലൂടെ ആവശ്യപ്പെടുന്നത്.
ഇത്തരത്തിലുള്ള പരിപാടിയിൽ പങ്കെടുക്കുത്തതിന് നടൻ അജാസ് ഖാനെതിരെയും വിമർശനമുണ്ട്. അശ്ലീല ഉള്ളടക്കത്തിന്റെ സ്ട്രീമിങ് നിരോധിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിൽ ഏപ്രിൽ 28ന് സുപ്രീം കോടതി കേന്ദ്രത്തിനും ഒടിടിക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നോട്ടീസ് അയച്ചിരുന്നു. ഫെബ്രുവരിയിൽ‘ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യൂട്യൂബ് ഷോയിൽ രൺവീർ അലാബാദിയ നടത്തിയ അശ്ലീല പരാമർശവും വിവാദമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates