
തമിഴകം ഒന്നാകെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകൻ. വിജയ്‌യുടെ കരിയറിലെ അവസാനത്തെ ചിത്രമായതു കൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വൻ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജന നായകന്റെ ചിത്രീകരണമടക്കം പുരോഗമിക്കുകയാണ്. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. അടുത്തിടെ റാപ്പർ ഹനുമാൻ കൈൻഡും (സൂരജ് ചെറുകാട്ട്) ജന നായകന്റെ ഭാഗമാകുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇപ്പോഴിതാ വിജയ് ചിത്രത്തിൽ താനും ഭാഗമായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹനുമാൻ കൈൻഡ്. ഒരു തമിഴ് മാധ്യമത്തോടാണ് ഹനുമാൻ കൈൻഡ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. "അനിരുദ്ധ് സംഗീതമൊരുക്കുന്ന ജന നായകനിൽ ദളപതി വിജയ്‌ക്ക് വേണ്ടി മനോഹരമായ ഒരു റാപ്പ് ഗാനം ഞാൻ പാടിയിട്ടുണ്ട്. ഇനിയും നിരവധി പ്രൊജക്ടുകൾക്കായി ഞാൻ ചെന്നൈയിലേക്ക് വരും". -ഹനുമാൻ കൈൻഡ് പറഞ്ഞു.
അതേസമയം ഹനുമാൻ കൈൻഡിന്റേതായി ഒടുവിൽ പുറത്തുവന്ന റൺ ഇറ്റ് അപ് എന്ന സംഗീത വിഡിയോ വൻ ഹിറ്റായി മാറിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോർത്തിണക്കിയാണ് റൺ ഇറ്റ് അപ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രം റൈഫിൾ ക്ലബ്ബിൽ ഹനുമാൻ കൈൻഡ് പ്രധാന വേഷത്തിലെത്തിയിരുന്നു. ജന നായകനിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ