'കാന്താരയുടെ സെറ്റിൽ വച്ച് അല്ല അപകടമുണ്ടായത്'; മലയാളി യുവാവിന്റെ മരണത്തിൽ ഹോംബാല ഫിലിംസ്

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എംഎഫ് കപിലിന്റെ അകാല വിയോഗത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖത്തിലാണ്.
M F Kapil, Kantara
എം എഫ് കപിൽഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഋഷഭ് ഷെട്ടി നായകനായെത്തുന്ന കാന്താരയിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റും മലയാളിയുമായ എം എഫ് കപിലിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി ചിത്രത്തിന്റെ നിർമാതാക്കളായ ഹോംബാല ഫിലിംസ്. ഇക്കഴിഞ്ഞ മെയ് 6 നാണ് കർക്കടകയിലെ കൊല്ലൂരിനടുത്തുള്ള ഒരു നദിയിൽ നീന്തുന്നതിനിടെ കപിൽ മുങ്ങി മരിച്ചത്. ജൂനിയർ ആർട്ടിസ്റ്റിന്റെ വിയോ​ഗത്തിൽ അ​ഗാധ ദുഃഖമുണ്ടെന്നും എന്നാൽ സിനിമയുടെ സെറ്റിൽ വച്ച് അല്ല സംഭവമുണ്ടായതെന്നും ഹോംബാല ഫിലിംസ് വ്യക്തമാക്കി.

‘‘ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എംഎഫ് കപിലിന്റെ അകാല വിയോഗത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖത്തിലാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പല ചർച്ചകളുടെ സാഹചര്യത്തിൽ ‘കാന്താര’യുടെ സെറ്റില്‍ വച്ചല്ല അദ്ദേഹത്തിന് ഈ അപകടം സംഭവിച്ചതെന്ന് ബഹുമാനപൂർവം ഞങ്ങള്‍ അറിയിക്കുന്നു.

അന്നത്തെ ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾക്കിടെയാണ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അപകടമുണ്ടായത്. സിനിമയുമായി ഈ ദാരുണസംഭവത്തെ ബന്ധപ്പെടുത്തരുതെന്ന് ഞങ്ങള്‍ ആത്മാർഥമായി അഭ്യർഥിക്കുന്നു.”–ഹോംബാലെ ഫിലിംസ് എക്സിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കോട്ടയം വൈക്കം സ്വദേശിയാണ് മരിച്ച കപിൽ. കൊല്ലൂരിൽ ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ഉടൻ തന്നെ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വൈക്കം പള്ളപ്പർത്ത്ശേരി പട്ടശ്ശേരി മൂശാറത്തറ വീട്ടിൽ ഫൽഗുണന്റെയും രേണുകയുടെയും മകനാണ്. തെയ്യം കലാകാരനായ കപിൽ നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. കപിലിന്റെ മരണത്തോടനുബന്ധിച്ച് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി കാന്താരയുടെ ചിത്രീകരണം താല്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

കാന്താര ചാപ്റ്റർ 2 ന്റെ ചിത്രീകരണത്തിനിടെ ഇതിന് മുൻപും നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. നവംബറിൽ, മുദൂരിൽ ഒരു ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോൾ 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽപ്പെട്ടിരുന്നു. ബസ് മറിഞ്ഞ്, ചിലർക്ക് പരിക്കേറ്റെങ്കിലും ഗുരുതരമായ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. സംഭവത്തിന് ശേഷം കുറച്ച് ദിവസത്തേക്ക് ചിത്രീകരണം നിർത്തിവച്ചിരുന്നു.

പിന്നീട് പ്രതികൂല കാലാവസ്ഥ കാരണം സിനിമയ്ക്കായി കോടികൾ മുടക്കി നിർമിച്ച കൂറ്റൻ സെറ്റ് തകർന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. ജനുവരിയിൽ, കാന്താര ചാപ്റ്റർ 2 വിന്റെ ചിത്രീകരണ സംഘവും പ്രാദേശിക ഗ്രാമവാസികളും തമ്മിൽ ഗുരുതരമായ തർക്കം ഉടലെടുത്തിരുന്നു.

ശരിയായ അനുമതിയില്ലാതെ കാട്ടിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിന് ഗ്രാമവാസികൾ സംഘത്തെ നേരിട്ടു. ഇത് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 2ന് ആണ് കാന്താര 2 റിലീസിന് ഒരുങ്ങുന്നത്. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രീക്വല്‍ ആയാണ് എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com