

കഴിഞ്ഞ വർഷമാണ് നടൻ രവി മോഹനും (ജയം രവി) ഭാര്യ ആർതിയും തങ്ങൾ വേർപിരിയുന്നു എന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ രവി മോഹന്‍ മക്കളെ അവഗണിക്കുന്നതിനെ കുറിച്ചും വേര്‍പിരിയല്‍ തീരുമാനിച്ചതിന് ശേഷം അമ്മയെന്ന നിലയില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആർതി രവി.
കഴിഞ്ഞ ദിവസം ഗായിക കെനിഷ ഫ്രാൻസിസിനോടപ്പമുള്ള രവി മോഹന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. രവി മോഹനും കെനിഷയും തമ്മിൽ അടുപ്പത്തിലാണെന്നും ഇതാണ് ആരതിയുമായി വേർപിരിയാൻ കാരണമെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. കെനിഷയും രവി മോഹനും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോയും പുറത്തുവന്നതിന് പിന്നാലെയാണ് ആർതിയുടെ പ്രതികരണം.
വേര്‍പിരിയുകയാണെന്ന് തീരുമാനിച്ച ശേഷം രവി മോഹന്‍ മക്കളുടെ കാര്യങ്ങള്‍ അന്വേഷിക്കാറില്ലെന്നും രവിയില്‍ നിന്ന് സാമ്പത്തികമോ വൈകാരികമോ ആയ പിന്തുണയില്ലാതെയാണ് രണ്ട് ആണ്‍മക്കളേയും വളര്‍ത്തുന്നതെന്നും ആർതി കുറിപ്പില്‍ പറയുന്നു. രവി മോഹന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വീട് വിട്ടിറങ്ങിപ്പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും അവര്‍ കുറിച്ചു. 'എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ സംസാരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് അവര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ആർതി രവി പങ്കുവച്ച കുറിപ്പ്
ഒരു വർഷമായി ഞാൻ മൗനത്തെ ഒരു കവചം പോലെ ചുമന്നു. ഞാൻ ദുർബലയായതു കൊണ്ടല്ല, എന്റെ മക്കൾക്ക് സമാധാനം ആവശ്യമുണ്ടായിരുന്നതുകൊണ്ടാണ്. എന്റെ നേർക്ക് എറിയപ്പെട്ട ഓരോ ആരോപണവും, ഓരോ കുറ്റപ്പെടുത്തലും, ഓരോ ക്രൂരമായ അടക്കം പറച്ചിലും ഞാൻ സഹിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല - എനിക്ക് സത്യം അറിയാത്തതു കൊണ്ടല്ല, എന്റെ മക്കൾ മാതാപിതാക്കളിൽ ആരെ തിരഞ്ഞെടുക്കണമെന്ന ഭാരം ചുമക്കരുതെന്ന് ഞാൻ ആഗ്രഹിച്ചതു കൊണ്ടാണ്.
കാണുന്നതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് യാഥാര്‍ഥ്യം. എന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടക്കുകയാണ്. എന്നാല്‍ 18 വര്‍ഷം എന്റെ സ്‌നേഹത്തിലും വിശ്വസ്തതയിലും ഒപ്പം നിന്ന മനുഷ്യന്‍ എന്നില്‍ നിന്ന് മാത്രമല്ല, ഒരുകാലത്ത് താന്‍ നിറവേറ്റാമെന്ന് വാഗ്ദാനം ചെയ്ത ഉത്തരവാദിത്തങ്ങളില്‍ നിന്ന് പോലും ഒഴിഞ്ഞുമാറിയിരിക്കുന്നു. മാസങ്ങളായി മക്കളുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഞാനാണ്. എന്റെ എല്ലാ സങ്കടങ്ങളും ഞാന്‍ പിടിച്ചുനിര്‍ത്തി. എല്ലാം ഒറ്റയ്ക്ക് ചുമന്നു.
ഒരുകാലത്ത് മക്കള്‍ തന്റെ അഭിമാനമാണെന്ന് പറഞ്ഞ വ്യക്തിയില്‍ നിന്ന് വൈകാരികമോ സാമ്പത്തികമോ ആയ ഒരു ചെറിയ പിന്തുണ പോലും ലഭിച്ചില്ല. ഇപ്പോള്‍ അയാളുടെ നിര്‍ദേശപ്രകാരം ബാങ്കുകാര്‍ വന്ന് ഞങ്ങളെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ പോകുകയാണ്. ഞാന്‍ പണത്തോട് അത്യാര്‍ത്തിയുള്ളവരാണെന്ന് പലപ്പോഴും ആരോപണം കേട്ടു. അത് സത്യമായിരുന്നെങ്കില്‍ ഞാന്‍ എന്റെ സ്വന്തം താത്പര്യങ്ങള്‍ പണ്ടേ സംരക്ഷിക്കുമായിരുന്നു. പക്ഷേ ഞാന്‍ എല്ലാത്തിനും മുകളില്‍ സ്‌നേഹവും വിശ്വാസവുമാണ് തിരഞ്ഞെടുത്തത്.
അതാണ് എന്നെ ഇവിടെ എത്തിച്ചത്. സ്‌നേഹിച്ചതില്‍ എനിക്ക് ഖേദമില്ല. എന്നാല്‍ ആ സ്‌നേഹം ബലഹീനതയായി മാറ്റിയെഴുതുന്നത് ഞാന്‍ നോക്കിനില്‍ക്കില്ല. എന്റെ മക്കള്‍ക്ക് 10ഉം 14ഉം വയസ്സുണ്ട്. അവര്‍ക്ക് വേണ്ടത് സുരക്ഷിതത്വവും സ്വസ്ഥതയും മെച്ചപ്പെട്ട ജീവിതവുമാണ്. നിയമപരമായ വ്യവസ്ഥകള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് പ്രായമായിട്ടില്ല. പക്ഷേ ഉപേക്ഷിക്കപ്പെട്ടുവെന്ന് മനസിലാക്കാനുള്ള പ്രായമുണ്ട്. മറുപടിയില്ലാത്ത ഓരോ കോളും, റദ്ദാക്കിയ ഓരോ കൂടിക്കാഴ്ചയും.
എനിക്കു വേണ്ടിയുള്ളതും എന്നാല്‍ അവര്‍ വായിച്ചതുമായ ഓരോ സന്ദേശവും'- ഇതെല്ലാം അവരുടെ മനസിലെ മുറിവുകളാണ്. ഞാനിന്ന് സംസാരിക്കുന്നത് ഒരു ഭാര്യ എന്ന നിലയിലല്ല. തെറ്റിദ്ധരിക്കപ്പെട്ട ഒരു സ്ത്രീ എന്ന നിലയിലുമല്ല. മക്കളുടെ ക്ഷേമം മാത്രം ലക്ഷ്യമിടുന്ന ഒരമ്മ എന്ന നിലയിലാണ്. ഞാനിപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവര്‍ എന്നെന്നേക്കുമായി പരാജയപ്പെടും. നിങ്ങള്‍ക്ക് വിജയിച്ച് മുന്നോട്ടുപോകാം. നിങ്ങളുടെ പൊതുജീവിതത്തിലെ റോളുകള്‍ നിങ്ങള്‍ക്ക് മാറ്റാം.
പക്ഷേ നിങ്ങള്‍ക്ക് സത്യം മാറ്റിയെഴുതാന്‍ കഴിയില്ല. ഒരു അച്ഛന്‍ എന്നത് ഒരു സ്ഥാനപ്പേര് മാത്രമല്ല. അതൊരു ഉത്തരവാദിത്തമാണ്. എന്റെ ഇന്‍സ്റ്റാഗ്രാം പേരിനെക്കുറിച്ച് ആകുലപ്പെടുന്നവരോടും സ്വയം പ്രഖ്യാപിത അഭ്യുദയകാംക്ഷികളോടും - ഞാനും നിയമവും മറിച്ചൊരു തീരുമാനമെടുക്കുന്നത് വരെ ഞാന്‍ ആരതി രവി ആയി തന്നെ തുടരും. ബഹുമാനപ്പെട്ട മാധ്യമങ്ങളോട്, നിയമനടപടികള്‍ അവസാനിക്കുന്നതുവരെ ദയവായി എന്നെ മുന്‍ ഭാര്യ എന്ന് വിളിക്കുന്നത് ഒഴിവാക്കുക. ഇത് പ്രതികാരമല്ല. ഇതൊരു പ്രകടനമല്ല. ഇത് തീയിലേക്ക് കാലെടുത്തുവെക്കുന്ന ഒരമ്മയാണ് - പോരാടാനല്ല, സംരക്ഷിക്കാന്‍. ഞാന്‍ അലമുറയിട്ട് കരയുന്നില്ല.
ഞാന്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കാരണം എനിക്കത് ചെയ്‌തേ മതിയാവൂ. നിങ്ങളെ ഇപ്പോഴും അപ്പാ എന്ന് വിളിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ക്കു വേണ്ടി. അവര്‍ക്കുവേണ്ടി, ഞാന്‍ ഒരിക്കലും പിന്നോട്ട് പോകില്ല".
കുറിപ്പിന് പിന്നാലെ ആർതി രവിയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് താനും ഭാര്യ ആർതിയുമായുള്ള 14 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് രവി മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തെ കുറിച്ച് രവി പ്രഖ്യാപനം നടത്തിയതെന്നും വിവാഹമോചന തീരുമാനം തീര്‍ത്തും ഏകപക്ഷീയമാണെന്നും ആർതി വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates