

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മരണമാസ്. സോണി ലിവിലൂടെ ചിത്രം ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. പിപി ലൂക്ക് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ബേസിൽ എത്തിയത്. നടന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ലൂക്കിനെപ്പോലുള്ള ആളുകളെ നമ്മളെല്ലാവരും യഥാർഥ ജീവിതത്തിൽ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് ബേസിൽ. പക്ഷേ അത്തരം ആളുകളെ നമ്മൾ പലപ്പോഴും ഗൗരവമായി കാണാറില്ലെന്നും ബേസിൽ പറഞ്ഞു.
ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു നടൻ. "ലൂക്കിനെപ്പോലുള്ള ആളുകളെ നമ്മളെല്ലാവരും യഥാർഥ ജീവിതത്തിൽ കണ്ടിട്ടുണ്ട്. അവർ വെറുതെ അലഞ്ഞുതിരഞ്ഞു നടക്കുന്നു, ഉച്ചത്തിൽ സംസാരിക്കുന്നു, ശ്രദ്ധ പിടിച്ചുപറ്റാൻ എന്തും ചെയ്യുന്നു. പക്ഷേ അവരെ ആരും അത്ര ഗൗരവമായി എടുക്കാറില്ല. സത്യസന്ധമായി പറഞ്ഞാൽ, അവരിൽ ഭൂരിഭാഗവും നിരുപദ്രവകാരികളും നിഷ്കളങ്കരുമാണ്.
ഇത് പലപ്പോഴും അരക്ഷിതാവസ്ഥയിൽ നിന്നോ അല്ലെങ്കിൽ അവരുടെ കഴിഞ്ഞ കാലത്തിൽ നിന്നോ കുടുംബ പശ്ചാത്തലത്തിൽ നിന്നോ ഒക്കെ ഉണ്ടായിട്ടുള്ള പല കാര്യങ്ങളിൽ നിന്നുമാണ് ഉണ്ടാകുന്നത്. അതുകൊണ്ട് അവർ മുടി കളർ ചെയ്യുകയോ, അല്ലെങ്കിൽ വിചിത്രമായ വസ്ത്രങ്ങൾ ധരിക്കുകയോ, അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്ത് മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കാൻ ശ്രമിക്കുന്നു. ശ്രദ്ധ കിട്ടാനുള്ള ഒരു കാര്യം മാത്രമാണ് അത്.
അവരെക്കൊണ്ട് കൂടുതലൊന്നും ചെയ്യാനില്ല എന്ന രീതിയിലാണ് മറ്റുള്ളവർ അവരെ കാണുന്നത് തന്നെ. മുൻപൊക്കെ ഇങ്ങനെയുള്ള ആളുകളെ കാണുമ്പോൾ നമ്മൾ ആദ്യം തന്നെ ഒരു വിധിയെഴുതും. പക്ഷേ ഇപ്പോൾ നമ്മൾ അവരെ വ്യത്യസ്തമായി കാണാൻ തുടങ്ങിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്, ഒരുപക്ഷേ കുറച്ച് സഹതാപത്തോടെ എങ്കിലും.
അങ്ങനെ സിനിമയിലും ലൂക്കിനോട് സഹതാപം തോന്നുന്ന നിമിഷങ്ങൾ സ്വാഭാവികമായി വന്നു. സിനിമയുടെ അവസാനം വളരെ ദുർബലനായ ഒരാളെയാണ് നമുക്ക് കാണാൻ കഴിയുന്നത്". - ബേസിൽ പറഞ്ഞു.
മരണമാസിന്റെ ഒടിടി റിലീസിനേക്കുറിച്ചും ബേസിൽ സംസാരിച്ചു. "ആഴത്തിൽ വിശകലനം ചെയ്യാനോ അല്ലെങ്കിൽ ചർച്ച ചെയ്യാനോ വേണ്ടി നിർമിച്ച ഒരു സിനിമയല്ല മരണമാസ്. അത് പോപ്കോൺ ഒക്കെ കഴിച്ച് ആസ്വദിക്കാനുള്ള രസകരമായ ഒരു എന്റർടെയ്നറാണ്. കോമഡി, പോപ്പ് കൾച്ചർ ബിറ്റുകൾ, ഇൻസ്റ്റാഗ്രാം റീൽ റഫറൻസുകൾ പോലുള്ള നിരവധി കാര്യങ്ങളുണ്ട് സിനിമയിൽ.
ഒടിടി റിലീസിലൂടെ ഇതെല്ലാം കൂടുതൽ റീച്ച് ആകുമെന്ന് ഞാൻ കരുതുന്നു. തീർച്ചയായും, ഇത് കൂടുതൽ വിമർശനങ്ങൾക്കും ഇടയാക്കും. വീട്ടിലിരുന്ന് കാണുക എന്നതിലുപരി ചിലപ്പോൾ ഇതൊരു കമ്മ്യൂണിറ്റി കാഴ്ചാനുഭവമായി ആസ്വദിക്കാൻ സാധ്യതയുണ്ട്. പക്ഷേ ഞങ്ങൾ ഒരു പ്രത്യേക പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ഇത് ചെയ്തിരിക്കുന്നത്. അവരിലേക്ക് അത് എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞുവെന്ന് എനിക്ക് തോന്നുന്നു.
അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ തുടക്കം മുതൽ അതൊരു പ്രശ്നമല്ലായിരുന്നു. മുൻപോട്ട് നോക്കുമ്പോൾ, ഇത് യുവ പ്രേക്ഷകരുമായി ശരിക്കും കണക്ട് ആകുമെന്ന് എനിക്ക് തോന്നുന്നു. ഇതിൽ രസകരമായ ഒരു കളർ പാലറ്റ് ഉണ്ട്, പിന്നെ ഒരു നായ, നിറമുള്ള മുടിയുള്ള ഒരു നായകൻ... 15 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇത് ഇഷ്ടപ്പെട്ടെന്ന് എനിക്ക് മനസിലായി.
ഇത്തരം സിനിമകൾ കുറേകാലത്തേക്ക് പലപ്പോഴും കുട്ടികൾക്കിടയിൽ ഒരു പ്രത്യേക തരം കാഴ്ചക്കാരെ സമ്മാനിക്കാറുണ്ട്. നമ്മൾ ചെറുപ്പത്തിൽ കാണുകയും ആസ്വദിക്കുകയും ചെയ്ത സിനിമകളാണ് പൊതുവേ നമ്മൾ പ്രായമാകുമ്പോൾ ഏറ്റവും ഇഷ്ടത്തോടെ ഓർക്കുന്നത്".- ബേസിൽ പറഞ്ഞു.
ബേസിൽ സംവിധാനം ചെയ്ത മിന്നൽ മുരളിയിൽ ശിവപ്രസാദ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. ശിവപ്രസാദുമായുള്ള അടുപ്പത്തേക്കുറിച്ചും അത് മരണമാസിൽ എത്രത്തോളം വർക്കായി എന്നതിനേപ്പറ്റിയും ബേസിൽ വിശദീകരിച്ചു. "പരസ്പരം നേരത്തെ അറിയാമായിരുന്നതു കൊണ്ട് തന്നെ ആ ഒരാശ്വാസം തനിക്കുണ്ടായിരുന്നുവെന്ന് ബേസിൽ പറഞ്ഞു.
ശിവപ്രസാദിന് എന്റെ കഴിവുകളും ബലഹീനതകളും നന്നായി അറിയാം. എന്റെ ഉൾപ്പെടെ എല്ലാ സിനിമകളും വളരെ വിമർശനാത്മകമായി കാണുന്ന ഒരാൾ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ശൈലി എനിക്കും മനസ്സിലാകും. അതുകൊണ്ട് ഞങ്ങൾക്കിടയിൽ നല്ലൊരു കെമിസ്ട്രി ഉണ്ടായിരുന്നുവെന്നും" ബേസിൽ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates