
മലയാളികളുടെ മനസിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ. മലയാളികള്‍ ‘ഉണ്ണിയേട്ടന്‍’ എന്നാണ് കിലിയെ സ്‌നേഹത്തോടെ വിളിക്കുന്നത്. ‘ഉണ്ണിയേട്ടന്റെ’ എല്ലാ വിഡിയോകൾക്കും ആരാധകര്‍ ഏറെയാണ്. കിലിയുടെ സഹോദരി നീമ പോളും കിലിയുടെ റീലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇന്ത്യന്‍ പാട്ടുകള്‍ക്ക് അനുസരിച്ചുള്ള ഡാന്‍സും ലിപ്‌സിങ്കുമാണ് കിലി പോളിനെ വ്യത്യസ്തനാക്കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റുകളിലെ കമന്റ് ബോക്സ് നോക്കിയാൽ അതിൽ കൂടുതലും മലയാളികൾ ആയിരിക്കും. ഉണ്ണിയേട്ടൻ കേരളത്തിലേക്ക് വരണം എന്നാണ് ഓരോ വിഡിയോയ്ക്ക് താഴെയും ഏറ്റവും കൂടുതലാളുകൾ കമന്റ് ചെയ്തിരുന്നത്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട കേരളത്തെയും മലയാളികളെയും കാണാൻ ഉണ്ണിയേട്ടൻ എത്തുകയാണ്.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെയാണ് കിലി പോൾ ഇക്കാര്യം അറിയിച്ചത്. "ഉടൻ കേരളത്തിലേക്ക് വരും, എല്ലാവരെയും കാണാനായി കാത്തിരിക്കുന്നു" എന്നാണ് വിഡിയോയ്ക്ക് താഴെ കിലി കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് കിലി പോളിന്റെ കേരളത്തിലേക്കുള്ള വരവിനെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരിക്കുന്നത്. ‘ഉണ്ണിയേട്ടന് വേണ്ടി കാത്തിരിക്കുന്നു’, ‘കേരളത്തിലേക്ക് സ്വാഗതം’ തുടങ്ങി കിലി പോളിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഒട്ടേറെ കമന്റുകളും വിഡിയോയ്ക്ക് താഴെ കാണാം.
ഗായകൻ ഹനാൻ ഷാ പാടിയ ‘ഇൻസാനിലെ’ എന്ന ഗാനവുമായാണ് കിലി പോൾ വീണ്ടും മലയാളികൾക്ക് മുന്നിലെത്തിയിരിക്കുന്നത്. തുടരും’ എന്ന ചിത്രത്തിലെ ‘കണ്‍മണിപൂവേ’ എന്ന പാട്ടിനും താരം ലിപ് സിങ്ക് ചെയ്തിരുന്നു. ഉണ്ണിയേട്ടന്റെ കേരളത്തിലേക്കുള്ള വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ടാൻസാനിയയിലെ ഉൾനാടൻ ഗ്രാമത്തിലെ കർഷകനാണ് കിലി പോൾ.
മസായ്, സ്വാഹിലി, ഇംഗ്ലീഷ് ഭാഷകൾ മാത്രമേ കിലിയ്ക്ക് അറിയൂ. യൂട്യൂബ് വഴിയാണ് മലയാളം പാട്ടുകൾ കാണുന്നതും ഇഷ്ടപ്പെടുന്നതും. ഫീഡുകളിൽ മലയാളം വർധിച്ചതോടെ പാട്ടിന്റെ വരികൾക്കൊപ്പം ചുണ്ട് ചലിപ്പിക്കാൻ ശ്രമിച്ചു. അത്ര എളുപ്പമല്ല അതെന്ന് പരിശീലനം തുടങ്ങിയപ്പോഴേ മനസ്സിലായി. ആഗ്രഹം അതുകൊണ്ടൊന്നും അവസാനിച്ചില്ല. മലയാളം പാട്ടുകൾ പാടണമെന്നായി.
യൂട്യൂബിലൂടെ വരികൾ പഠിച്ചു. മലയാളം വരികളുടെ അർഥം മനസിലാക്കി പാടാൻ തുടങ്ങിയതോടെ അയാൾ മലയാളികൾക്ക് പ്രിയങ്കരനായി. നിരവധി പേർ സ്നേഹ സന്ദേശങ്ങൾ അയക്കുന്നതായി കിലി പോൾ വ്യക്തമാക്കിയിരുന്നു. കമന്റുകളിൽ ‘ഉണ്ണിയേട്ടൻ’ വിളി വർധിച്ചപ്പോൾ ആ പേര് സ്വയം സ്വീകരിച്ചു.
‘ഏട്ടാ’ എന്ന വിളിയിലെ സ്നേഹവും കരുതലും എത്രത്തോളമുണ്ടെന്ന് എനിക്കും ഇപ്പോൾ അറിയാം എന്നാണ് ഒരിക്കൾ കിലി പോൾ പറഞ്ഞത്. സഹോദരി നീമ പോളുമായി ചേർന്നും മലയാള ഗാനങ്ങളിൽ റീൽസ് ചെയ്യാറുണ്ട്. നീമയും മലയാളികൾക്ക് പ്രിയങ്കരിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ