തമിഴകത്ത് മാത്രമല്ല ഇങ്ങ് കേരളത്തിലും ഒട്ടേറെ ആരാധകരുള്ള സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. 'സന' (SaNa) എന്നാണ് അദ്ദേഹത്തെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായി മാറാൻ സന്തോഷ് നാരായണന് സാധിച്ചു. വ്യത്യസ്തമായ ശൈലി തന്നെയാണ് മറ്റുള്ളവരിൽ നിന്നും സന്തോഷ് നാരായണനെ വേറിട്ടു നിർത്തുന്നത്. 2012 ൽ പാ രഞ്ജിത് സംവിധാനം ചെയ്ത അട്ടക്കത്തിയിലൂടെയാണ് സന്തോഷ് നാരായണൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
അതുവരെ തമിഴ് സിനിമാ ലോകത്ത് നിലനിന്നിരുന്ന പാട്ടുകളെ പൊളിച്ചു കൊണ്ടുള്ള വരവായിരുന്നു സന്തോഷ് നാരായണന്റേത്. ഫോക് മ്യൂസിക്കിനൊപ്പം പുത്തിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള പരീക്ഷണമായിരുന്നു സനയുടെ പാട്ടുകളിൽ അധികവും. അട്ടക്കത്തിയിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടതോടെ സന്തോഷ് നാരായണന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മദ്രാസ്, ജിഗർത്തണ്ട, കബാലി, കാലാ, വട ചെന്നൈ, ജഗമേ തന്തിരം, മഹാൻ, കൽക്കി, ജിഗർത്തണ്ട- ഡബിൾ എക്സ്, വാഴൈ, റെട്രോ തുടങ്ങി നിരവധി സിനിമകളിലെ അദ്ദേഹത്തിന്റെ പാട്ടുകൾ വൻ തരംഗമായി മാറി.
ഇന്ന് സന്തോഷ് നാരായണന്റെ 42-ാം ജന്മദിനം കൂടിയാണ്. തങ്ങളുടെ പ്രിയപ്പെട്ട സനയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ് സംഗീത പ്രേമികളും ആരാധകരും. നിരവധി പാട്ടുകൾ ഹിറ്റ് ലിസ്റ്റിൽ ഉള്ളയാളാണെങ്കിലും വളരെ അണ്ടറേറ്റഡ് ആയ ഒരു സംഗീത സംവിധായകൻ കൂടിയാണ് സന്തോഷ് നാരായണൻ എന്ന് പറയാതെ വയ്യ.
അദ്ദേഹത്തിന്റെയുള്ളിലെ പ്രതിഭയെ സംഗീതാസ്വാദകർക്ക് മുന്നിൽ ശരിക്കും അടയാളപ്പെടുത്തിയ ചില പാട്ടുകൾ ഉണ്ട്. ഈ പാട്ടുകൾ റിലീസ് ചെയ്തപ്പോൾ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പോക പോകെ വർഷങ്ങൾക്കിപ്പുറം ആ പാട്ടുകളുടെ മൂല്യം പ്രേക്ഷകർ തിരിച്ചറിയുകയും ഏറ്റെടുക്കുകയും ചെയ്തു. സംഗീത പ്രേമികളെ വിസ്മയിപ്പിച്ച സന്തോഷ് നാരായണന്റെ ചില പാട്ടുകളിലൂടെ.
ജാസ് മ്യൂസിക്കായി സന്തോഷ് നാരായണൻ ഒരുക്കിയ പാട്ടായിരുന്നു പിസയിലെ ദിനക്കുധ. ഈ പാട്ടിലെ തമിഴ് സംഗീതത്തിന്റെയും ജാസിന്റെയും സംയോജനം അതിശയകരമായരുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസയിൽ വിജയ് സേതുപതി, രമ്യ നമ്പീശൻ എന്നിവരയായിരുന്നു പ്രധാന വേഷത്തിലെത്തിയത്.
മീനാക്ഷിയും ധീയും ചേർന്നാണ് ദുഷ്ട എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് നാരായണന്റെ അണ്ടറേറ്റഡ് ആയിട്ടുള്ള മറ്റൊരു പാട്ടാണിത്. ഈ പാട്ടിന് ഇന്ന് വലിയൊരു ഫാൻ ബേസ് തന്നെയാണുള്ളത്. കാർത്തിക് സുബ്ബരാജിനൊപ്പമുള്ള സന്തോഷ് നാരായണന്റെ മറ്റൊരു മാജിക് കൂടിയാണ് ഇരൈവി എന്ന ചിത്രത്തിൽ കാണാൻ കഴിയുക.
ജിപ്സിയിലെ ദേശാന്ധിരി എന്ന ഗാനത്തിന് അഡിക്റ്റ് ആയിട്ടുള്ളവർ ഏറെയാണ്. വിഷമിച്ചിരിക്കുമ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോഴോ ഒക്കെ ഈ പാട്ടിനെ ആശ്രയിക്കുന്നവർ ഏറെയാണ്. രാജു മുരുകൻ സംവിധാനം ചെയ്ത് 2020 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജിപ്സി. നടി നടാഷ സിങ്, സംവിധായകൻ ലാൽ ജോസ്, നടൻ സണ്ണി വെയ്ൻ എന്നിവരുടെ തമിഴ് അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം.
സംഗീത പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായിരുന്നു പാരിസ് ജയരാജ് എന്ന ചിത്രത്തിൽ സന്തോഷ് നാരായണൻ ഒരുക്കിയ കാവ ഉല്ല കല്ലുടി എന്ന പാട്ട്. അസൽ കോലാർ ആയിരുന്നു ഗാനം ആലപിച്ചത്. ജോൺസൺ കെ സംവിധാനം ചെയ്ത ചിത്രം 2021 ലാണ് റിലീസ് ചെയ്തത്.
രത്‌ന കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് 2022-ൽ പുറത്തിറങ്ങിയ റോഡ് ആക്ഷൻ കോമഡി ചിത്രമാണ് ഗുലു ഗുലു. അൻപാരെ എന്ന ചിത്രത്തിലെ ഗാനം ആദ്യം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. ഇപ്പോൾ മലയാളികൾക്കിടയിൽ പോലും ഈ പാട്ട് സൂപ്പർ ഹിറ്റാണ്. ധീ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്താനവും നമിത കൃഷ്ണമൂർത്തിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ