
കഴിഞ്ഞ ദിവസമാണ് നടൻ ആമിർ ഖാൻ തന്റെ പുതിയ ചിത്രമായ സിത്താരെ സമീൻ പറിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനവുമുയർന്നിരുന്നു. ആമിർ ഖാൻ പ്രൊഡക്ഷൻസ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പോസ്റ്റ് ചെയ്തതില്ലെന്ന് ആരോപിച്ചാണ് നിരവധി എക്സ് ഉപയോക്താക്കൾ ചിത്രം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് തുടങ്ങിയത്.
ബഹിഷ്കരണാഹ്വാനങ്ങൾ ശക്തമായതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ ചിത്രം മാറ്റിയിരിക്കുകയാണ് ആമിർ ഖാൻ പ്രൊഡക്ഷൻസ് ഇപ്പോൾ. കഴിഞ്ഞ ദിവസം വരെ കമ്പനിയുടെ ഔദ്യോഗിക ലോഗോ ആയിരുന്നു പ്രൊഫൈൽ ചിത്രം. ത്രിവർണ പതാകയാണ് പുതിയ പ്രൊഫൈൽ ചിത്രമായി ആമിർ ഖാൻ പ്രൊഡക്ഷൻസ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഫെയ്സ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ മാറ്റം വരുത്തിയിട്ടുണ്ട്.
'സിത്താരെ സമീൻ പർ' എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പ്രൊഫൈൽ ബയോയിൽ "ഇവിടെ ശൈലി വ്യത്യസ്തമാണ്" എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പഹൽഗാം ആക്രമണത്തെക്കുറിച്ചോ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചോ ആമിർ സംസാരിച്ചിട്ടില്ല എന്നാരോപിച്ചു കൊണ്ട് പ്രൊഡക്ഷൻ ഹൗസിന്റെ സോഷ്യൽ മീഡിയ പേജിൽ നിരവധി പേരാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നത്.
അതേസമയം ആമിർ ഖാനും ആമിർ ഖാൻ പ്രൊഡക്ഷൻസും പഹൽഗാം ആക്രമണത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും സംസാരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചവരുമുണ്ട്. ഇതേ അക്കൗണ്ട് ഇന്ത്യയേയും സായുധ സേനയുടെ ദൗത്യത്തേയും പിന്തുണച്ച് പോസ്റ്റ് ചെയ്തിരുന്നു എന്നത് ആളുകൾ എന്തുകൊണ്ടാണ് സൗകര്യപൂർവ്വം അവഗണിക്കുന്നതെന്നും ആമിറിനെ പിന്തുണയ്ക്കുന്നവർ ചോദിച്ചു.
പഹൽഗാം ആക്രമണത്തിന് ശേഷമുള്ള നടപടികൾ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിടുക. പഹൽഗാമിൽ മരിച്ചവർക്ക് വേണ്ടി ഇന്ത്യ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഏറ്റവും മികച്ച താല്പ്പര്യങ്ങൾക്കനുസരിച്ചുള്ള ഒരു തീരുമാനം പ്രധാനമന്ത്രി മോദി എടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്നായിരുന്നു മുൻപ് ആമിർ ഖാൻ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ പ്രതികരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ