കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ട്രെയ്‌ലറിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. എങ്കിലും ജൂൺ 5 ന് പുറത്തിറങ്ങുന്ന ചിത്രത്തെ വൻ പ്രതീക്ഷയോടെയാണ് സിനിമാ പ്രേക്ഷകർ ഉറ്റു നോക്കുന്നത്. ചിത്രത്തിൽ കമൽ ഹാസനൊപ്പം നടി തൃഷയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ രണ്ടാമത്തെ പാട്ട് പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
മെയ് 21 ന് ആണ് ഷുഗർ ബേബി എന്ന പാട്ട് റിലീസ് ചെയ്യുക. 'നോ റൂൾസ്, ജസ്റ്റ് ലവ്'- എന്ന ടാഗ് ലൈനോടെയാണ് ഗാനം പ്രേക്ഷകരിലേക്കെത്തുക. തൃഷയാണ് ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുക. തൃഷയുടെ ഫോട്ടോ പങ്കുവച്ചാണ് ഷുഗർ ബേബി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നടി തൃഷയ്ക്കെതിരെ വ്യാപക ട്രോളുകളും വിമർശനവുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
തഗ് ലൈഫിലെ കഥാപാത്രം മാത്രമല്ല, തൃഷ അടുത്തിടെ ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളേക്കൂടി പരാമർശിച്ചു കൊണ്ടാണ് നടിക്കെതിരെ വിമർശനമുയരുന്നത്. മുൻപ് അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുത്തിരുന്ന തൃഷയ്ക്ക് ഇപ്പോൾ എന്ത് പറ്റിയെന്നാണ് നെറ്റിസൺസിന്റെ പ്രധാന ചോദ്യം. വിടാമുയർച്ചി, ദ് ഗോട്ട്, ഗുഡ് ബാഡ് അഗ്ലി, തഗ് ലൈഫ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ വച്ചു കൊണ്ടാണ് നടിക്കെതിരെ ഇപ്പോൾ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ, തൃഷ ഇപ്പോൾ തിരഞ്ഞെടുക്കുന്ന വേഷങ്ങളൊന്നും മികച്ചത് അല്ല എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്.
മഗിഴ് തിരുമേനി സംവിധാനം ചെയ്ത് അജിത് നായകനായെത്തിയ ചിത്രമായിരുന്നു വിടാമുയർച്ചി. ചിത്രത്തിൽ കായൽ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. നായികാ പ്രാധാന്യമോ വലിയ പെർഫോമൻസുകൾ ഉള്ള റോളോ ആയിരുന്നില്ല ചിത്രത്തിൽ തൃഷ അവതരിപ്പിച്ചത്. അജിത്-തൃഷ കോമ്പോ വീണ്ടുമെത്തിയ ചിത്രമായിരുന്നു ഗുഡ് ബാഡ് അഗ്ലി. അജിത്തിന്റെ പെർഫോമൻസിന് പ്രശംസ ലഭിച്ചെങ്കിലും തൃഷയുടെ പ്രകടനം ഒരു വിഭാഗം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു.
എന്തിനാണ് ഇങ്ങനെ ഒരു പ്രാധാന്യവുമില്ലാത്ത വേഷങ്ങൾ തൃഷ തിരഞ്ഞെടുക്കുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ അന്ന് തൃഷയ്ക്കെതിരെ ഉയർന്ന കമന്റുകൾ. അതേസമയം അജിത്തിനൊപ്പം തൃഷ എത്തിയ ആറാമത്തെ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ജി, കിരീടം, മങ്കാത്ത, യെന്നൈ അറിന്താൽ, വിടാമുയർച്ചി തുടങ്ങിയ ചിത്രങ്ങളിലാണ് മുൻപ് അജിത്തും തൃഷയും ഒന്നിച്ചെത്തിയത്.
വിജയ് ചിത്രം ഗോട്ടിൽ ഒരു ഗാന രംഗത്തിൽ മാത്രമാണ് തൃഷ പ്രത്യക്ഷപ്പെട്ടത്. മട്ട സോങിൽ ആയിരുന്നു വിജയ്ക്കൊപ്പം തൃഷ എത്തിയത്. എന്നാൽ ഈ പാട്ടും തൃഷ ആരാധകരെ അത്ര തൃപ്തിപ്പെടുത്തിയില്ല എന്നതാണ് വാസ്തവം. പാട്ടിനെതിരെ ട്രോളുകളും ഉയർന്നിരുന്നു. സീനിയർ ആയിട്ടുള്ള പല നടിമാരും ആഴമേറിയതും അഭിനയ പ്രാധാന്യമുള്ളതും പ്രായത്തിന് യോജിച്ച കഥാപാത്രങ്ങളും ചെയ്യുമ്പോൾ ഇത്തരം "വിലകുറഞ്ഞ" വേഷങ്ങൾ എന്തിനാണ് ചെയ്യുന്നത് എന്നായിരുന്നു അന്നും തൃഷയ്ക്കെതിരെ ഉയർന്ന വിമർശനം.
ഗോട്ടിലെ പോലെ തന്നെ തഗ് ലൈഫിലും ഐറ്റം സോങുമായാണോ തൃഷയുടെ വരവ് എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. 'തൃഷ ഒരു നല്ല നടിയാണ്, പക്ഷേ ഇപ്പോൾ അവരെ സിനിമയിൽ കാണുന്നത് ഒരു തരം ബോറടിക്കലായി തോന്നുന്നു', 'ഷുഗർ ബേബി അല്ല ഷുഗർ മമ്മി', 'ഇത്തരം വേഷങ്ങൾ ചെയ്യുന്നത് നിർത്തിക്കൂടെ'- എന്നൊക്കെയാണ് തൃഷയ്ക്കെതിരെ ഉയരുന്ന കമന്റുകൾ. അതേസമയം തഗ് ലൈഫ് ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ കമൽ ഹാസനെതിരെയും വിമർശനമുയർന്നിരുന്നു.
തൃഷയുമായുള്ള ഇന്‍റിമേറ്റ് സീനുകളും അഭിരാമിയുമായുള്ള ലിപ്‌ലോക് സീനുകളുമാണ് വിമർശനങ്ങൾക്ക് കാരണമായത്. ‘കമൽ ഹാസന് 70 വയസ്സും തൃഷയ്ക്കും അഭിരാമിക്കും 42 വയസ്സുമാണ്, ശ്രുതി ഹാസ്സനെക്കാൾ തൃഷയ്ക്ക് മൂന്ന് വയസ്സ് കൂടുതലാണ്’ എന്നാണ് റെഡ്ഡിറ്റ് ഉപയോക്താവ് കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ