

ഇഷ്ക് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് നരിവേട്ട. ടൊവിനോ തോമസ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ പുതിയ പാട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. റാപ്പർ വേടൻ പാടിയ 'വാടാ വേടാ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ജേക്സ് ബിജോയിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
അറസ്റ്റിനും വിവാദത്തിനും ശേഷം വേടൻ ആദ്യമായി സിനിമയിൽ പാടുന്ന പാട്ടാണിത്. വേടൻ തന്നെയാണ് പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങളും ഗാനത്തിലുണ്ട്. കെെവിലങ്ങ് അണിഞ്ഞാണ് വേടനെ വിഡിയോയിൽ കാണാനാവുക. കാടിന്റെ മക്കളോടുള്ള ഭരണകൂടത്തിന്റെ അനീതിയാണ് പശ്ചാത്തലം. ടൊവിനോയെയും പാട്ടിൽ കാണാം.
'കാട്ട് മരത്തിന്റെ മനം മുറിഞ്ഞേ
കാക്കി ഭൂതങ്ങൾ വല നിറഞ്ഞേ
യന്ത്ര തോക്കുകൾ മന്ത്രമോതുമ്പോൾ അമ്മക്കിളി കരഞ്ഞേ...'
എന്ന വരികളോടെയാണ് പാട്ട് തുടങ്ങുന്നത്. വേടന്റെ പാട്ടിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 'ഈ സാഹചര്യത്തിൽ ഇതിനേക്കാൾ നന്നായി വേറെ ആർക്കും ഈ വരികൾ എഴുതാനാവില്ല' എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന ഭൂരിഭാഗം കമന്റുകളും. മെയ് 23നാണ് നരിവേട്ട റിലീസ് ചെയ്യുന്നത്.
മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എന്റർടെയ്ൻമെന്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ അത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യുഎഇയിലെ ബിൽഡിംഗ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, തമിഴ് സംവിധായകനും നടനുമായ ചേരൻ, പ്രിയംവദ കൃഷ്ണൻ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് മറ്റ് താരങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
