'മുത്തിനുള്ളിൽ ഒതുങ്ങും പൂമാരൻ...'; സ്പെഷ്യൽ എഫക്ടുകളാൽ അത്ഭുതപ്പെടുത്തിയ 'ഞാൻ ​ഗന്ധർവൻ'

ഗന്ധർവ്വൻ ആയെത്തിയത് നിതീഷ് ഭരദ്വാജ് ആയിരുന്നു.
Njan Gandharvan
ഞാൻ ​ഗന്ധർവ്വൻസമകാലിക മലയാളം

മലയാളികൾക്ക് ​ഗന്ധർവ്വൻ എന്ന് കേൾക്കുമ്പോഴേ മനസിലേക്ക് ആദ്യം ഓടിയെത്തുക, പി പത്മരാജനും അദ്ദേഹത്തിന്റെ ഞാൻ ​ഗന്ധർവൻ എന്ന ചിത്രവുമായിരിക്കും. ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധർവ്വന്റെ കഥയാണ്‌ ചിത്രം പറയുന്നത്. സിനിമ തുടങ്ങി അധികം വൈകാതെ തന്നെ ഒരു ഫാന്റസിയുടെ ലോകത്തേക്ക് പ്രേക്ഷകനെ കൊണ്ടു ചെന്നെത്തിക്കാൻ സംവിധായകൻ പത്മരാജനായി. റിലീസ് ചെയ്‌ത സമയത്ത് വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തില്ലെങ്കിലും വർഷങ്ങൾക്കിപ്പുറം 'ഞാൻ ഗന്ധർവ്വൻ' എന്ന സിനിമയെ കുറിച്ച് ചർച്ച ചെയ്യാത്ത ഒരു ദിവസം പോലും മലയാളിക്ക് ഇല്ലായിരുന്നു. 1991 ജനുവരി 11ന് റിലീസ് ചെയ്‌ത ചിത്രം മലയാളത്തിലെ മിക്ക സിനിമ പ്രവർത്തകരുടെയും ചലച്ചിത്ര പ്രേമികളുടെയും ഒരു പാഠ പുസ്‌തകം കൂടിയാണ് ഇന്ന്.

1. ഞാൻ ​ഗന്ധർവ്വൻ

Njan Gandharvan
ഞാൻ ഗന്ധർവൻവിഡിയോ സ്ക്രീൻഷോട്ട്

മുത്തശ്ശി കഥകളിലൂടെയും ഐതിഹ്യങ്ങളിലൂടെയും മലയാളികൾ കേട്ട് പരിചയിച്ച ​ഗന്ധർവ്വനെ ബി​ഗ് സ്ക്രീനിലേക്ക് പകർത്തുക എന്നത് ശരിക്കും വെല്ലുവിളി നിറഞ്ഞ ഒന്നിയിരുന്നു. ​ഗന്ധർവ്വന്റെ കഥ പറയുന്നത് അനിഷ്ടങ്ങളുമുണ്ടാക്കുമെന്ന് അന്ന് പത്മരാജനോട് പലരും പറഞ്ഞിരുന്നു. എന്നാൽ ഇത്തരം വാക്കുകളൊന്നും ചെവി കൊള്ളാതെ തടസങ്ങളെയെല്ലാം അതിജീവിച്ച് ഞാൻ ​ഗന്ധർവ്വൻ എന്ന സിനിമ ചെയ്യാൻ പത്മരാജൻ മുതിരുകയായിരുന്നു. പത്മരാജന്റെ അവസാന സിനിമ കൂടിയായിരുന്നു ഞാൻ ഗന്ധർവ്വൻ. ​ഗന്ധർവ്വനും മനുഷ്യനുമിടയിലുള്ള പ്രണയം ഇന്നും പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്ന ഒന്നാണ്.

ഗുഡ് നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ മോഹൻ നിർമിച്ച ഈ ചിത്രം വിതരണം ചെയ്തത് മനോരാജ്യം റിലീസ് ആണ്. ‘‘ഞാൻ ഗന്ധർവ്വൻ...ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാവാനും മനുഷ്യനാവാനും നിന്റെ ചുണ്ടിലെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ​ഗ​ഗനചാരി. ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകർന്ന് കഴിയാൻ അനുമതി കിട്ടിയ അരൂപിയായ വർണ ശലഭം. ഞാൻ ​ഗന്ധർവ്വൻ.’’ - എന്ന പത്മരാജൻ ഡയലോഗ് ആർക്കും മറക്കാനാവില്ല.

2. വിമർശനങ്ങൾ

Njan Gandharvan
ഞാൻ ഗന്ധർവൻവിഡിയോ സ്ക്രീൻഷോട്ട്

ഞാൻ ​ഗന്ധർവ്വൻ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ചിത്രത്തിലെ നായികയും നായകനും മലയാളി മനസിൽ ചേക്കേറി. ഗന്ധർവ്വൻ ആയെത്തിയത് നിതീഷ് ഭരദ്വാജ് ആയിരുന്നു. നിതീഷ് ഭരത്വാജ് ശ്രീകൃഷ്‌ണ എന്ന സീരിയലിലൂടെ പിൽക്കാലത്ത് പ്രശസ്‌തനായെങ്കിലും മലയാളിക്ക് അയാൾ ഇപ്പോഴും ഗന്ധർവ്വനാണ്. സുപർണ ആനന്ദ് ആണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. സോമൻ, ഫിലോമിന, ഗണേഷ്, സുലക്ഷണ, വിന്ദുജ മേനോൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിലെ നായകനും നായികയും തമ്മിലുള്ള ഇന്റിമസി സീനിന്റെ പേരിൽ ആദ്യമൊക്കെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പില്ക്കാലത്ത് ഇത്തരം വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തി മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങളിലൊന്നായി ഞാൻ ​ഗന്ധർവ്വൻ മാറി.

3. പാട്ടുകൾ

Njan Gandharvan
ഞാൻ ഗന്ധർവൻവിഡിയോ സ്ക്രീൻഷോട്ട്

ഞാൻ ​ഗന്ധർവ്വനിലെ പാട്ടുകൾ മലയാളിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ചിത്രത്തിന് സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കിയത് ജോൺസൺ ആണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ചിത്രത്തിന് ​ഗാനരചന നിർവഹിച്ചത്. കെ എസ് ചിത്ര, യേശുദാസ് എന്നിവരായിരുന്നു ചിത്രത്തിലെ ​ഗാനങ്ങൾ ആലപിച്ചത്. ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം, പാലപ്പൂവേ, ദേവീ ആത്മരാ​ഗം... തുടങ്ങിയ ചിത്രത്തിലെ പാട്ടുകൾ ഇന്നും മലയാളി മനസിലുണ്ടാക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ ആകാത്തതാണ്. പാലപ്പൂവേ... എന്ന ഗാനത്തിന് കെ എസ് ചിത്രയ്ക്ക് മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. സിനിമയിലെ പ്രണയ രംഗങ്ങൾക്കും ഗാനങ്ങൾക്കും ഓരോ ദിവസവും പ്രേക്ഷകപ്രീതി ആർജിച്ചു വരികയാണ്.

4. സ്പെഷ്യൽ എഫക്ടുകൾ

Njan Gandharvan
ഞാൻ ഗന്ധർവൻവിഡിയോ സ്ക്രീൻഷോട്ട്

ഒരു ടെക്നോളജിയും ഇല്ലാതിരുന്ന കാലത്ത് സ്പെഷ്യൽ എഫക്‌ടുകൾ കൊണ്ട് മലയാളിയെ അമ്പരപ്പിച്ച ചിത്രം കൂടിയായിരുന്നു ഞാൻ ഗന്ധർവ്വൻ. സിനിമയിലെ ചിത്രശലഭങ്ങൾ പറക്കുന്ന രംഗം ഇന്നും അത്ഭുതത്തോടു കൂടിയാണ് പ്രേക്ഷകർ കണ്ടാസ്വദിക്കുന്നത്. ഈ സ്പെഷ്യൽ എഫക്‌ടുകൾക്ക് പിന്നിലെ കരങ്ങൾ പ്രശസ്‌ത സംവിധായകനായ രാജീവ് അഞ്ചലിന്‍റേതാണ്. വേണുവായിരുന്നു ചിത്രത്തിന് കാമറ ചലിപ്പിച്ചത്. കാലങ്ങൾ എത്ര കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത പ്രമേയം ആയതുകൊണ്ടും, മേക്കിങ് ക്വാളിറ്റി കൊണ്ടും മികച്ച ഗാനങ്ങൾ കൊണ്ടും ഇന്നും മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് ഞാൻ ഗന്ധർവ്വൻ. സിനിമ കണ്ട് തീർന്നാലും കുറച്ചു നേരത്തേക്ക് നമ്മൾ മറ്റൊരു ലോകത്ത് ആയിരിക്കും, അതാണ് പത്മരാജൻ മാജിക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com