മഴയും തണുപ്പുമൊക്കെ അല്ലേ, അതുകൊണ്ട് പുറത്തേക്കിറങ്ങാൻ കുറച്ച് മടിയായിരിക്കുമല്ലേ. ഇനി പുറത്തിറങ്ങിയാലുള്ള റോഡിലെ ബ്ലോക്ക് അതിലും വലിയ മടുപ്പാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ഒട്ടും മടുപ്പടിക്കാത്ത സന്തോഷം തരുന്ന ഒരു കാര്യം പറയട്ടേ. വീട്ടിലിരുന്ന് ഒരു കട്ടൻ ചായയൊക്കെ കുടിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം കുറച്ച് സിനിമകൾ കണ്ടാലോ.
നിങ്ങൾ കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഒരുപിടി സിനിമകളാണ് ഈ വാരാന്ത്യത്തോടെ ഒടിടിയിൽ എത്തുന്നത്. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ (OTT Releases This Week) സ്ട്രീമിങ് ആരംഭിക്കുന്ന ചിത്രങ്ങൾ ഏതൊക്കെ? അവ എപ്പോൾ, എവിടെ കാണാം? എന്നു നോക്കിയാലോ.
മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആഗോളതലത്തിൽ ചിത്രം 232.25 കോടി കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. 200 കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ മലയാളം ചിത്രമെന്ന സവിശേഷതയും ചിത്രം ഇതിനോടകം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 30 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സൂര്യ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന റെട്രോ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് തിയറ്ററുകളിൽ നേടിയത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. നെറ്റ്ഫ്ലിക്സിലൂടെയാണ് റെട്രോ ഒടിടിയിലെത്തുന്നത്. മെയ് 31 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം.
നാനി നായകനായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് 'ഹിറ്റ് 3'. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. നാനിയുടെ 32-ാമത് ചിത്രമാണ് ഹിറ്റ് 3. അർജുൻ സർക്കാർ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നാനി എത്തുന്നത്. നെറ്റ്ഫ്ലിക്ലിലൂടെയാണ് ഹിറ്റ് 3 ഒടിടിയിലെത്തുന്നത്. മെയ് 29 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
അനീഷ് ഉദയ് സംവിധാനം ചെയ്ത ഫാമിലി എന്റർടെയ്നർ ജെറിയും ഒടിടിയിലേക്ക് എത്തുകയാണ്. പ്രമോദ് വെളിയനാട്, കോട്ടയം നസീർ, സണ്ണി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മെയ് 30 മുതൽ സിംപ്ലി സൗത്തിൽ ചിത്രം സ്ട്രീമിങ് തുടങ്ങും.
വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്‌ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണിത്. 'ആലപ്പുഴ ജിംഖാന'യും ഒടിടിയിലെത്തുകയാണ്. ജൂൺ അഞ്ചിന് സോണി ലിവിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഒടിടി റിലീസിനെ സംബന്ധിച്ച് അണിയറപ്രവർത്തകർ ഉടൻ തന്നെ വിവരം പുറത്തുവിടുമെന്നാണ് പ്രതീക്ഷ.
സമീപകാലത്ത് തിയറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. ശശികുമാറും സിമ്രാനും ഒന്നിച്ച ചിത്രം 50 കോടിയിൽ അധികമാണ് കളക്ഷൻ നേടിയത്. മെയ് ഒന്നിനായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. നവാഗതനായ അഭിഷാൻ ജീവിന്ത് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറി അനധികൃതമായി അഭയം തേടുന്ന ഒരു ശ്രീലങ്കൻ തമിഴ് കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. ടൂറിസ്റ്റ് ഫാമിലി ജൂൺ ആറിന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ