

പുതുമുഖ താരങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് (Moonwalk) പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശേരിക്കൊപ്പം ലിസ്റ്റിൻ സ്റ്റീഫനും സിനിമയുടെ അണിയറയിലുണ്ട്. 1980- 90 കാലഘട്ടങ്ങളിൽ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നവാഗതനായ വിനോദ് എകെ ആണ് മൂൺവാക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യത ലഭിച്ചിരുന്നു.
പരസ്യച്ചിത്രങ്ങളിൽ നിന്നാണ് വിനോദ് സിനിമാ മേഖലയിലേക്കെത്തുന്നത്. ഇപ്പോഴിതാ മൂൺവാക്കിലെ കാസ്റ്റിങ്ങിനെക്കുറിച്ച് ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയാണ് വിനോദ്. പുതുമുഖങ്ങളെ വച്ചായിരുന്നില്ല താൻ ആദ്യം ചിത്രം പ്ലാൻ ചെയ്തിരുന്നത് എന്ന് പറയുകയാണ് വിനോദ്.
"ആദ്യം താരമൂല്യമുള്ള, അല്ലെങ്കിൽ പ്രേക്ഷകർക്ക് കുറേക്കൂടി പരിചിതമായ മുഖങ്ങളെ അവതരിപ്പിക്കാനായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തത്. ചില പ്രമുഖ നടന്മാരുമായി ചർച്ചകളും നടത്തി. എന്നാൽ നമ്മുടെ രീതികളുമായി അഭിനേതാക്കൾ പൊരുത്തപ്പെടേണ്ടി വരുകയെന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞങ്ങൾക്ക് മനസിലായി. കാരണം ഓറിയന്റേഷനും പ്രാക്ടീസിനുമൊക്കെയായി കുറേ ദിവസം വേണ്ടി വരും. പ്രത്യേകിച്ചും ആ ഡാൻസൊക്കെ ഒരു പ്രത്യേക കാലഘട്ടത്തിലേത് ആകുമ്പോൾ.
ഇന്നത്തേതിൽ നിന്ന് കൊറിയോഗ്രാഫിയൊക്കെ അന്ന് വളരെ വ്യത്യസ്തവുമായിരുന്നു. തിരക്കുള്ള അഭിനേതാക്കൾക്ക് ഇതുപോലെയൊരു സിനിമയ്ക്കായി അത്രയും സമയം നീക്കിവയ്ക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് മനസിലായി. അതുകൊണ്ട് തന്നെ പുതുമുഖങ്ങൾക്കായുള്ള തിരച്ചിൽ ഞങ്ങൾ തുടങ്ങി.
ഇതേക്കുറിച്ച് നിർമാതാക്കളുമായി ചർച്ച ചെയ്തു. അങ്ങനെയാണ് ഞങ്ങൾ പുതുമുഖങ്ങളുമായി മുന്നോട്ട് പോകുന്നത്. സിനിമ കണ്ടതിന് ശേഷം അവർക്ക് പകരം മറ്റാരെയും എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു". വിനോദ് പറഞ്ഞു.
പുതുമുഖുങ്ങളെ കൂടാതെ, ശ്രീകാന്ത് മുരളിയും വീണ നായരും മാത്രമാണ് പരിചിത മുഖങ്ങളായി ചിത്രത്തിലുള്ളത്. തുടക്കത്തിൽ, ഹിന്ദി പതിപ്പിനായി ഇഷാൻ ഖട്ടറിനെ കാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. അത് തികച്ചും വ്യത്യസ്തമായ ഒരു സമീപനമാകുമായിരുന്നു.- വിനോദ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates