
'ഋതു' എന്ന ചിത്രത്തിലൂടെയെത്തി മലയാളികളുടെ മനം കവർന്ന നടനാണ് വിനയ് ഫോർട്ട്. വ്യത്യസ്തമാർന്ന നിരവധി കഥാപാത്രങ്ങളെ വിനയ് ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. റോൾ മോഡൽസ്, മാലിക് തുടങ്ങിയ ചിത്രങ്ങളിലൂടെ വിനയ് ഫോർട്ട് ഫഹദ് ഫാസിലി (Fahadh Faasil)നൊപ്പവും അഭിനയിച്ചിരുന്നു. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഫഹദിന്റെ പുതിയ ചിത്രം ഓടും കുതിര ചാടും കുതിരയിലും വിനയ് ഫോർട്ട് പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇപ്പോഴിതാ ഫഹദിനേക്കുറിച്ച് വിനയ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സ്മാർട്ട് ഫോണോ സോഷ്യൽ മീഡിയയോ ഉപയോഗിക്കാത്ത നടനാണ് ഫഹദ് ഫാസിൽ എന്നും അദ്ദേഹത്തോട് ആ ഒരു കാര്യത്തിൽ തനിക്ക് അസൂയ ഉണ്ടെന്നും വിനയ് ഫോർട്ട് പറഞ്ഞു.
നമ്മുടെ കൂടുതൽ സമയവും പാഴാക്കി കളയുന്നത് സോഷ്യൽ മീഡിയയിൽ ആണെന്നും സ്റ്റാർ ആയിട്ട് സോഷ്യൽ മീഡിയയും സ്മാർട്ട് ഫോണും ഉപേക്ഷിക്കണമെന്നും വിനയ് ഫോർട്ട് പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനയ് ഫോർട്ട്.
"എന്റെ ഏറ്റവും കൂടുതൽ സമയം മൊബൈൽ അപഹരിക്കുന്നുണ്ട്. ഫഹദിന് സ്മാർട്ട് ഫോൺ ഇല്ല. ചെറിയൊരു ഫോൺ ആണ് ഉപയോഗിക്കുന്നത്. ഇൻസ്റ്റാഗ്രാം ഒന്നുമില്ല. അതുകൊണ്ട് തന്നെ എനിക്ക് ആ കാര്യത്തിൽ ഫഹദിനോട് അസൂയ ഉണ്ട്. ഞാൻ വിചാരിക്കുന്നത് എന്നെങ്കിലും ഒരു സ്റ്റാർ ആകുമ്പോൾ ഇതുപോലെ സ്മാർട്ട് ഫോൺ ഉപേക്ഷിക്കണം എന്നാണ്.
ആളുകൾ വിളിക്കുമ്പോൾ മാത്രം ഫോൺ എടുക്കണം. ഇൻസ്റ്റാഗ്രാമിൽ എല്ലാ ആവശ്യമില്ലാത്ത കണ്ടന്റുകളും നമ്മുടെ ഫീഡിൽ വരും. അർഹത ഇല്ലാത്ത ആളുകളെപോലും ആഘോഷിക്കുന്ന ഇടം കൂടിയാണ് സോഷ്യൽ മീഡിയ. അവിടെ കല, സത്യസന്ധത അതിനൊന്നും വില ഇല്ല, ഇതെല്ലാം കണ്ടിട്ട് ഞാൻ എന്നോട് തന്നെ ഇത് എന്തിനാ കണ്ടത് എന്ന് ചോദിക്കും. സ്റ്റാർ ആയിട്ട് സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ നിൽക്കുകയാണ്, പക്ഷേ നടക്കുന്നില്ല."- വിനയ് ഫോർട്ട് പറഞ്ഞു.
ഫഹദ് ഒരു മികച്ച നടനാണെന്നും വിനയ് ഫോർട്ട് പറഞ്ഞു. ഓടും കുതിര ചാടും കുതിരയിൽ ഫഹദിന്റെ മൂത്ത ചേട്ടനായിട്ടാണ് താൻ അഭിനയിക്കുന്നതെന്നും അൽത്താഫിന്റെ സിനിമയിൽ അഭിനയിക്കാൻ വളരെ കംഫർട്ടബിൾ ആയിരുന്നുവെന്നും വിനയ് ഫോർട്ട് കൂട്ടിച്ചേർത്തു. ഓണം റിലീസ് ആയാണ് ഓടും കുതിര ചാടും കുതിര തിയറ്ററുകളിലെത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ