ഗോമാംസം കടത്തിയെന്നാരോപിച്ച് ബീഹാറില്‍ മൂന്ന് മുസ്ലിം യുവാക്കള്‍ക്ക് നേരെ മര്‍ദ്ദനം

ഗോമാംസം കടത്തിയെന്നാരോപിച്ച് ബീഹാറില്‍ മൂന്ന് മുസ്ലീം യുവാക്കളെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു -  ട്രക്കില്‍ ഗോമാംസം കടത്താന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആള്‍ക്കുട്ടത്തിന്റെ മര്‍ദ്ദനം
ഗോമാംസം കടത്തിയെന്നാരോപിച്ച് ബീഹാറില്‍ മൂന്ന് മുസ്ലിം യുവാക്കള്‍ക്ക് നേരെ മര്‍ദ്ദനം

പാറ്റ്‌ന: ഗോമാംസം കടത്തിയെന്നാരോപിച്ച് ബീഹാറില്‍ മൂന്ന് മുസ്ലീം യുവാക്കളെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ റാണിസാഗര്‍ മേഖലയില്‍ വെച്ചായിരുന്നു മര്‍ദ്ദനം. മൂന്ന് പേര്‍ ട്രക്കില്‍ ഗോമാംസം കടത്താന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആള്‍ക്കുട്ടത്തിന്റെ മര്‍ദ്ദനം.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കത്തിക്കാന്‍ സംഘം ശ്രമിച്ചെങ്കിലും പൊലീസ് സ്ഥലത്തെത്തി സംഭവങ്ങള്‍ നിയന്ത്രണവിധേയമാക്കുകയായിരുന്നു. മാംസം കടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ റോഡ്  ഉപരോധിച്ചു. തുടര്‍ന്ന് മൂന്ന് യുവാക്കളെയും മാംസം കടത്തിയ ട്രക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. 

അതേസമയം തങ്ങള്‍ കൊണ്ടുപോയത് ഗോമാംസമല്ലെന്നും പോത്തിറച്ചിയാണെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. പശുഭക്തിയുടെ പേരിലുള്ള കൊലപാതകം അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോമാംസവുമായി ബന്ധപ്പെട്ട് ആക്രമണങ്ങള്‍ അരങ്ങേറുകയാണ്. ബീഹാറില്‍ ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ അധികാരത്തിലെത്തിയതോടെ ബീഹാറും ബിജെപി വഴിയെ സഞ്ചരിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് ഈ സംഭവമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാനത്ത് ഹിന്ദുത്വ ആശയങ്ങള്‍ നടപ്പാക്കാനുള്ള ശ്രമമാണ് നിതീഷിന്റെത്. അതേസമയം ബീഹാറില്‍ പുതുതായി സ്ഥാനമേറ്റ ബിജെപി-ജെഡിയു സര്‍ക്കാരാണ് സംഭവത്തിന് പിന്നിലെന്ന് ആര്‍ജെഡി നേതാക്കള്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com